ന്യൂഡല്‍ഹി : സ്ത്രീകള്‍ തെരുവിലിറങ്ങി ഭിക്ഷ യാചിച്ച് ജീവിക്കുന്നതിലും നല്ലത് ബാറില്‍ നൃത്തം ചെയ്ത് ജീവിക്കുന്നതാണെന്ന് സുപ്രീകോടതി. മുംബൈയിലെ ഡാന്‍സ് ബാറുകള്‍ക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ സുപ്രീംകോടതി തൊഴില്‍ ചെയ്ത് ജീവിക്കാനുളള പൗരന്മാരുടെ മൗലികാവകാശം നിഷേധിക്കലാണ് ഡാന്‍സ് ബാറുകളുടെ നിരോധനമെന്ന് വ്യക്തമാക്കി. ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ശിവ് കീര്‍ത്തി സിംഗും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നോ ആരാധനാ കേന്ദ്രങ്ങളില്‍നിന്നോ ഒരു കിലോമീറ്റര്‍ ദൂരത്താകണം ഡാന്‍സ് ബാറുകളെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശത്തെയും കോടതി ചോദ്യം ചെയ്തു. നൃത്തമെന്നത് ഒരു തൊഴിലാണ്. അതൊരു കുറ്റമാവുകയാണെങ്കില്‍ നിയമപരമായ പരിശുദ്ധിയും ഇല്ലാതാകും. എന്തായാലും സര്‍ക്കാരിന്റെ കാര്യനിര്‍വ്വഹണ നടപടികള്‍ നിരോധിക്കാന്‍ കഴിയില്ല കോടതി നിരീക്ഷിച്ചു.
ഏപ്രില്‍ 12നാണ് ഡാന്‍സ്ബാറുകളുടെ പ്രവര്‍ത്തനത്തിനു കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ബില്‍ മഹാരാഷ്ട്രാ നിയമസഭ പാസാക്കിയത്. അശ്ലീലപ്രദര്‍ശനമോ സ്ത്രീകളെ ചൂഷണം ചെയ്യലോ മറ്റു നിയമലംഘനമോ നടന്നാല്‍ ബാറുടമകള്‍ക്കും നടത്തിപ്പുകാര്‍ക്കും അഞ്ചുവര്‍ഷം വരെ തടവും 25,000 രൂപ വരെ പിഴയും അടക്കമുള്ള കടുത്ത ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നോ ആരാധനാ കേന്ദ്രങ്ങളില്‍ നിന്നോ ഒരു കിലോമീറ്റര്‍ ദൂരത്താകണം ഡാന്‍സ് ബാറുകളെന്നും പ്രവര്‍ത്തനസമയം വൈകിട്ട് ആറു മുതല്‍ 11.30 വരെ മാത്രമാണെന്നതുമുള്‍പ്പെടെ ഒട്ടേറെ നിബന്ധനകള്‍ വേറെയുമുണ്ട്.
Post Your Comments