തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം സംസ്ഥാനത്ത് ഇതുവരെ 14 കോടിയുടെ കളളപ്പണം പിടികൂടിയതായി റിപ്പോര്ട്ട്.. തെരഞ്ഞെടുപ്പ് ആവശ്യത്തിന് അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിച്ചതാണ് കളളപ്പണമെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
മാർച്ച് നാലിനാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അതിനു ശേഷം നാളിതുവരെയാണ് ഇത്രയും കളളപ്പണം പിടിച്ചെടുത്തിരിക്കുന്നത്. മലപ്പുറം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ കളളപ്പണം പിടികൂടിയത്. അഞ്ച് കോടി രൂപ മലപ്പുറത്ത് നിന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം പിടികൂടിയിരുന്നു. പാലക്കാട് ജില്ലയിൽ നിന്നും മൂന്നു കോടിയും പിടികൂടി. ഇതുമായി ബന്ധപ്പെട്ട് 20 ഓളം കേസുകൾ എടുത്തിട്ടുണ്ട്. പല കേസുകളിലും അന്വേഷണം നടന്നു വരികയാണ്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരം പൊലീസ് കളളപ്പണ വേട്ട ഊർജ്ജിതമാക്കിയിരുന്നു. ഇന്റലിജൻസ് ഡിഐജി പി വിജയനെയാണ് കളളപ്പണ വേട്ടയ്ക്കായുളള നോഡൽ ഓഫീസറായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
റവന്യൂ ഉദ്യോഗസ്ഥരുടെ സഹകരണം കൂടി തേടണമെന്നു തെരഞ്ഞെടുപ്പ്് കമ്മിഷൻ നിർദ്ദേശം നൽകിയിരുന്നു. പിടിച്ചെടുത്ത പണത്തിന്റെ ഉറവിടം കാണിച്ച് രേഖകൾ നൽകിയാൽ പണം തിരിച്ചു നൽകാമെന്നു നിയമത്തിൽ വ്യവസ്ഥയുണ്ട്. എന്നാൽ ഇതുവരെ 50 ലക്ഷം രൂപ മാത്രമാണ് ഇങ്ങനെ തിരിച്ച് നൽകിയത്. കണക്കിൽപ്പെടാത്ത 13.5 കോടി രൂപയും തെരഞ്ഞെടുപ്പാവശ്യത്തിന് സംസ്ഥാനത്തെത്തിച്ചതെന്നാണ് ഇത് തെളിയിക്കുന്നത്.
മുൻപും തെരഞ്ഞെടുപ്പ് കാലയളവിൽ വൻ തുകകൾ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇത്തവണ പണമൊഴുക്ക് തടയുന്നതിന് കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചിരുന്നതെങ്കിലും പൊലീസിലെ ആൾക്ഷാമം തടസമാവുകയാണ്. ഒരു മണ്ഡലത്തിൽ മൂന്ന് സ്ക്വാഡിനെയെങ്കിലും നിയോഗിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം.
കഴിഞ്ഞ വ്യാഴാഴ്ച കല്ലമ്പലത്ത് നിന്നും 10 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.
സംസ്ഥാനത്തെത്തിക്കുവാനായി കൊണ്ടുവന്നിരുന്ന കളളപ്പണം തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും പിടിച്ചെടുത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വ്യാഴാഴ്ച തന്നെ 1.35 കോടി രൂപ ബംഗളൂരുവിൽ നിന്നും പാലക്കാട്ടേയ്ക്ക് വരുകയായിരുന്ന ബസിൽ നിന്നും പിടികൂടി. കോയമ്പത്തൂരിൽ വെച്ചാണ് കളളപ്പണം ഉൾപ്പടെ രണ്ട് പേരെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം കണ്ണൂർ കീച്ചേരിയിൽ നിന്നും 6,34,400 രൂപ കളളപ്പണം പിടികൂടി.
കളളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിന് ഏതാണ്ട് 100 ഓളം സ്ക്വാഡുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. പൊലീസിന്റെ സ്്ക്വാഡുകളും തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്ലൈയിംഗ് സ്ക്വാഡുകളും കളളപ്പണം പിടിച്ചെടുക്കുന്നതിനായി പ്രവർത്തിക്കുന്നു.
Post Your Comments