വാഷിംഗ്ടണ്‍: ഇന്ത്യക്കാരെയും ഇന്ത്യക്കാര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളെയും പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ മത്സരാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഇന്ത്യക്കാര്‍ ചെയ്യുന്ന പുറംതൊഴില്‍ കരാര്‍ ജോലി അമേരിക്കക്കാരുടെ തൊഴിലിനെ ദോഷകരമായി ബാധിക്കുന്നതായുള്ള വിമര്‍ശനവുമായി നേരത്തെയും ട്രംപ് രംഗത്തെത്തിയിരുന്നു. അതേ സമയം ഇന്ത്യന്‍ നേതാക്കളോട് തനിക്ക് പ്രത്യേകിച്ച വിരോധമൊന്നും ഇല്ലെന്നും ട്രംപ് പറഞ്ഞു. ഡെലാവെയറില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രസംഗിക്കുകയായിരുന്നു ട്രംപ്.
ക്രെഡിറ്റ് കാര്‍ഡ് കമ്പനിയോട് അവരുടെ കസ്റ്റമര്‍ സപ്പോര്‍ട്ട് അമേരിക്കയിലാണോ അതോ പുറത്താണോ എന്ന് താന്‍ ചോദിച്ചിരുന്നു. ഇന്ത്യക്കാര്‍ കസ്റ്റമര്‍ കെയറില്‍ ഇരുന്നാല്‍ അതെങ്ങനെ ശരിയാകാനാണ് എന്ന് ഡൊണാള്‍ഡ് ട്രംപ് ചോദിച്ചു. താന്‍ ഒരു കസ്റ്റമര്‍ കെയറില്‍ വിളിച്ച് നിങ്ങള്‍ എവിടെ നിന്നാണെന്ന് ചോദിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്നാണെന്ന് പറഞ്ഞു. ഓ അത് നന്നായി എന്ന് പറഞ്ഞ് ഫോണ്‍ വക്കുകയും ചെയ്തുവെന്ന് ട്രംപ് പറഞ്ഞു. ആ രംഗം അഭിനയിച്ച് കാണിക്കുകയായിരുന്നു ട്രംപ്. ഇന്ത്യ മഹത്തായ സ്ഥലമാണ്. എനിക്ക് ആശങ്ക വിഡ്ഢികളായ ഇവിടുത്തെ നേതാക്കന്മാരെ കുറിച്ചാണെന്നും പരിഹസിച്ചു. മെക്സിക്കോ, ചൈന, ജപ്പാന്‍, വിയറ്റ്നാം, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളോടൊന്നും തനിക്ക് ദേഷ്യമില്ലെന്നും ഇതിനിടെ പറഞ്ഞു. അതേ സമയം ഈ രാജ്യങ്ങളെ പണമുണ്ടാക്കാന്‍ സഹായിക്കുന്ന പരിപാടികള്‍ക്ക് നമ്മള്‍ അനുമതി നല്‍കിക്കൂട. ഒരു കുട്ടിയില്‍ നിന്ന് മിഠായി തട്ടിപ്പറിക്കുന്ന പോലെയാണ് വ്യവസായം അമേരിക്കയില്‍ നിന്ന് അകന്നു പോവുന്നതെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. മാനുഫാക്ചറിംഗ് മേഖലയിലെയും ജോലികള്‍ നമ്മില്‍ നിന്ന് അകന്നുപോവുകയാണ്. ഫാക്ടറികള്‍ അടച്ചു പൂട്ടുന്നു. എല്ലാ തരത്തിലും നമ്മള്‍ പരാജയപ്പെടുകയാണ്. ഇനിയും ഇത് അനുവദിച്ചുകൂടെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയിലെ ബാങ്കിംഗ് മേഖലയുടെയും ക്രെഡിറ്റ് കാര്‍ഡ് വ്യവസായത്തിന്റെയും പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഡെലാവെയര്‍. ഡെലാവെയറിലടക്കം പ്രൈമറികള്‍ നടക്കുന്നത് 26നാണ്. ഭീകരവാദത്തെ കുറിച്ച് പറയുമ്പോള്‍ ഇസ്ലാമിക ഭീകരത എന്ന് ഉപയോഗിക്കാത്തതിന് പ്രസിഡന്റ് ബറാക് ഒബാമയെ ഡൊണാള്‍ഡ് ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെയും ട്രംപ് ആക്രമിച്ചു. കുരുട്ട് ബുദ്ധിയായ ഹിലരിക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് ട്രമ്ബ് പറഞ്ഞു. ഇന്ത്യന്‍ വംശജയായ സൗത്ത് കരോലിന ഗവര്‍ണര്‍ നിക്കി ഹാലെയെയും ട്രംപ് വിമര്‍ശിച്ചു. 845 പ്രതിനിധികളുടെ പിന്തുണയുമായി അവസാന അങ്കത്തിന് താന്‍ തന്നെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വ്യക്തമായ സൂചനയോടെയാണ് ട്രംപിന്റെ മുന്നേറ്റം. ഹിലരി അവസാന റൗണ്ട് ഉറപ്പിച്ചു കഴിഞ്ഞു.
Post Your Comments