ഉത്തരാഖണ്ഡിലെ രാഷ്ട്രപതിഭരണം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു.ഏപ്രില്‍ 27 വരെയാണ് സ്റ്റേ.
ഉത്തരാഖണ്ഡിനെ രാഷ്ട്രപതിഭരണത്തിന്‍ കീഴിലാക്കിയ ഉത്തരവ് ഇന്നലെയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി റദ്ദാക്കിയത്. ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന് അധികാരത്തില്‍ തിരിച്ചെത്താന്‍ അര്‍ഹതയുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസ് കെ.എം. ജോസഫും ജസ്റ്റിസ് വി.കെ. ബിഷ്ടും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ വിധി.ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി താല്‍ക്കാലിക സ്റ്റേ അനുവദിച്ചത്. ഹൈക്കോടതി വിധിയുടെ പകര്‍പ്പ് ലഭിക്കുന്നതുവരെയാണ് സ്റ്റേ.27 വരെ രാഷ്ട്രപതി ഭരണം നിലനിര്‍ത്തണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 27ന് കേസ് വീണ്ടും പരിഗണിക്കും.
മാര്‍ച്ച് 18ന് ഹരീഷ് റാവത്ത് മന്ത്രിസഭയിലെ ഒമ്പത് കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ കൂറുമാറി ബി.ജെ.പി.ക്കൊപ്പം ചേര്‍ന്നതാണ് സംസ്ഥാനത്ത് പ്രതിസന്ധിയുണ്ടാക്കിയത്.ബി.ജെ.പി. തുടര്‍ന്ന്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചു. എന്നാല്‍ കൂറുമാറിയ എം.എല്‍.എ.മാരെ സ്പീക്കര്‍ അയോഗ്യരാക്കിയതോടെ ഹരീഷ് റാവത്ത് സര്‍ക്കാരിന് സഭയില്‍ വീണ്ടും മേല്‍ക്കൈ ലഭിക്കുമെന്ന നിലവന്നു. മാര്‍ച്ച് 29ന് സഭയില്‍ വിശ്വാസവേട്ടുതേടാന്‍ റാവത്തിന് ഗവര്‍ണര്‍ അനുമതി നല്‍കി.എന്നാല്‍ ഇതിനു മുന്‍പ് കേന്ദ്രം രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു.
സംസ്ഥാനത്തുണ്ടായിരിക്കുന്നത് ഗുരുതരമായ ഭരണഘടനാ പ്രതിസന്ധിയാണെന്ന് നിരീക്ഷിച്ച കോടതി ഒരു ഭരണഘടന ബെഞ്ച് കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നും പറഞ്ഞു.
Post Your Comments