ചാര്‍ലി എന്ന സിനിമ ഇറങ്ങിയതിനു ശേഷമാണ് കൂടുതല്‍ ആളുകളും മീശപ്പുലിമല എന്ന് കേള്‍ക്കാനിടയുണ്ടായത്. എന്നാല്‍ ഇപ്പോഴും അതെന്താണെന്നോ എവിടെയാണെന്നോ മിക്കവര്‍ക്കും അറിയില്ല. ‘മഹേഷിന്റെ പ്രതികാര’ത്തിലെ സുന്ദരിയായ ഇടുക്കി ജില്ലയിലാണ് മീശപ്പുലിമല എന്ന സ്വർഗം. മൂന്നാറിൽ നിന്നും 27 കിലോമീറ്റര്‍ ദൂരമുണ്ട് മീശപ്പുലിമലയിലേക്ക്.
സൗത്ത് ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയും യുണൈസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളിൽ അംഗീകരിച്ചിരിക്കുന്ന ജൈവ വൈവിധ്യങ്ങളാലും, നിറഞ്ഞു കിടക്കുന്ന പുൽമേടുകളാലും, പ്രകൃതി വിരുന്ന് ഒരുക്കിയിരിക്കുന്ന മനോഹരമായ സ്ഥലം. ഇവിടേക്ക് കടന്നു ചെല്ലാൻ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറിൻറ പ്രത്യേക അനുവാദം മുൻകൂട്ടി വാങ്ങേണ്ടതാണ്.
മൂന്നാര്‍ ടൗണില്‍ നിന്നും മാട്ടുപ്പെട്ടി വഴി അരുവിക്കാട് എസ്റ്റേറ്റിലൂടെ 24 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മീശപ്പുലിമലയുടെ ബേസ് ക്യാംമ്പിലെത്തി. ഒരു മൂന്ന് കിലോമീറ്റര്‍ കൂടി പിന്നിട്ടാല്‍ പ്രകൃതിഭംഗിയുടെ ഇതുവരെ കാണാത്ത അന്തരീക്ഷത്തിലേക്ക് കടക്കുകയായി. അതാണ് റോഡോവാലി. കടുംചുവപ്പ് നിറത്തിലുള്ള കാട്ടുപൂവരശുകള്‍ കൊണ്ട് നിറഞ്ഞ പ്രദേശമാണിവിടം. റോഡോവാലിയില്‍ നിന്നും രണ്ടുമണിക്കൂര്‍ ഒറ്റയടിപ്പാത കയറിയാല്‍ മീശപ്പുലിമലയില്‍ എത്തും. 8660 അടിയാണ് ഉയരം.
ആകാശത്തിന്റെ അടുത്ത് മേഘങ്ങളെ തൊട്ട് സാഹസികമായ ഒരു സഞ്ചാരമാണ് മീശപ്പുലിമലയിലേക്കുള്ള കയറ്റം.ടോപ് സ്റ്റേഷൻ, ഇരവികുളം നാഷനൽ പാർക്ക്, ആനയിറങ്കൽ ഡാം എന്നിങ്ങനെ മീശപ്പുലിമലയിൽനിന്നുള്ള കാഴ്ചകൾ ഏറെയാണ്. ഒക്ടോബർ മുതൽ മേയ് വരെയാണു സീസൺ.
Post Your Comments