NewsIndia

പാചകവാതക സബ്‌സിഡി വേണ്ടെന്നു വെച്ചവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ ആനുകൂല്യം

ന്യൂഡല്‍ഹി: പാചകവാതക സബ്‌സിഡി വേണ്ടെന്നുവെച്ചവര്‍ക്ക് ഒരു വര്‍ഷത്തിനുശേഷം വീണ്ടും സബ്‌സിഡി നേടാവുന്നതാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ഒരിക്കല്‍ സബ്‌സിഡി വേണ്ടെന്നുവെച്ചവര്‍ക്ക് ആനുകൂല്യം എല്ലാകാലത്തേക്കുമായി നഷ്ടപ്പെടില്ലെന്നും ഒരുവര്‍ഷത്തെ ഇടവേളക്കുശേഷം സബ്‌സിഡി അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

‘ഗിവ് ഇറ്റ് അപ്’ ആഹ്വാനം അനുസരിച്ച് ആകെയുള്ള 16.5 കോടി പാചകവാതക ഉപഭോക്താക്കളില്‍ 1.13 കോടി പേര്‍ സബ്‌സിഡി വേണ്ടെന്നുവെച്ചതായി മന്ത്രി പറഞ്ഞു. ഇതുവഴി ഖജനാവിനുണ്ടായ 1100 കോടിയുടെ ലാഭവും കൂടി ഉപയോഗിച്ചാണ് ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കുന്ന പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഇതിനകം 60 പേര്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. മൂന്ന് വര്‍ഷത്തിനകം അഞ്ചു കോടി പേര്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കും. മെയ് ഒന്നിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതിക്കായി 8000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പദ്ധതി പ്രകാരം ഗ്യാസ് കണക്ഷന്‍ ചാര്‍ജായ 1600 രൂപയുടെ ഇളവുമാത്രമാണ് ലഭിക്കുക. സിലിണ്ടറിനും റീഫില്‍ ചെയ്യാനും അടുപ്പിനും ഉപഭോക്താക്കള്‍ പണം നല്‍കണം.

ഇന്ത്യയില്‍ മൊത്തം 20.21 കോടി കുടുംബങ്ങളാണ് ഗാര്‍ഹിക ആവശ്യത്തിന് എല്‍.പി.ജി സിലിണ്ടര്‍ ഉപയോഗിക്കുന്നത്. സബ്‌സിഡി നിരക്കില്‍ 12 സിലിണ്ടറാണ് വര്‍ഷത്തില്‍ ലഭിക്കുക. രാജ്യാന്തര തലത്തില്‍ പെട്രോളിയം വില കുറഞ്ഞതിനാല്‍ രാജ്യത്ത് എല്‍.പി.ജി സിലിണ്ടറിന് സബ്‌സിഡി 78 രൂപയാണ്. എണ്ണവില ബാരലിന് 105 ഡോളര്‍വരെയായി ഉയര്‍ന്ന 2014 ആദ്യം സബ്‌സിഡി 656 രൂപയായിരുന്നു. എണ്ണവില കുത്തനെ കൂടിയാല്‍ സബ്‌സിഡി വേണ്ടെന്നുവെച്ചവര്‍ക്ക് ആശ്വാസംനല്‍കുന്നത് പരിഗണിക്കും. ഗ്യാസ് ഏജന്‍സികളുടെ എണ്ണം 17,500ല്‍നിന്ന് 27,500 ആയി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

മണ്ണെണ്ണ സബ്‌സിഡി നേരിട്ട് ബാങ്ക് അക്കൗണ്ടുവഴി നല്‍കുന്ന പദ്ധതി നടപ്പുസാമ്പത്തികവര്‍ഷം തുടങ്ങും. മണ്ണെണ്ണ സബ്‌സിഡിക്ക് അര്‍ഹരായവരുടെ പട്ടിക സംസ്ഥാനസര്‍ക്കാറാണ് തയാറാക്കുന്നത്. സബ്‌സിഡി നേരിട്ട് അക്കൗണ്ടിലേക്ക് നല്‍കുന്നതിന് പട്ടിക ക്രമീകരിക്കാന്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ സമയം ചോദിച്ചിട്ടുണ്ട്. അതിനാലാണ് പദ്ധതി വൈകുന്നത്. 201617 സാമ്പത്തികവര്‍ഷംതന്നെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button