കേരളം തിരഞ്ഞെടുപ്പ് ചൂടിലാണ്. എക്കാലത്തേയും ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് നടക്കാന്‍ പോകുന്നത്. രാഷ്ട്രീയത്തിലെ പതിനെട്ടടവുകളും പതിറ്റാണ്ടുകളായി പയറ്റിത്തെളിഞ്ഞ് തഴക്കവുംപഴക്കവും വന്ന രാഷ്ട്രീയകുലപതികളും, പാര്‍ട്ടികളുടെ യുവജനപ്രസ്ഥാനങ്ങളിലൂടെ വളര്‍ന്നു വന്ന പുതുതലമുറ യുവാക്കളും, മത-സാമുദായിക സംഘടനകളുടെ പിന്തുണയുള്ളതു കൊണ്ട് സ്ഥാനാര്‍ത്ഥിത്വം ലഭിച്ച പുതുമുഖങ്ങളും, കലാ-സാംസ്കാരിക മേഖലയിലെ കഴിവുകള്‍ക്ക് അംഗീകാരമായി ജനവിധി തേടാന്‍ അവസരം ലഭിച്ചവരും എല്ലാം ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയിലുണ്ട്. ഒപ്പം, സമീപകാല മലയാളമാദ്ധ്യമരംഗത്തെ ശ്രദ്ധേയസാന്നിദ്ധ്യങ്ങളായിരുന്ന രണ്ടു പേരും ഈ തിരഞ്ഞെടുപ്പില്‍ ഭാഗ്യം പരീക്ഷിക്കാന്‍ രംഗത്തുണ്ട്. രണ്ടു പേരും ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നാണ് രാഷ്ട്രീയത്തില്‍ ഒരുകൈ നോക്കുന്നത്.
മലയാള ദൃശ്യമാദ്ധ്യമ രംഗത്തെ വാര്‍ത്താധിഷ്ടിത ചാനലുകള്‍ തമ്മില്‍ അത്യന്തം വാശിയേറിയ കിടമത്സരമാണ് നിലനില്‍ക്കുന്നത്. ഈ മത്സരച്ചൂടിനെ അങ്ങേയറ്റം ജ്വലിപ്പിച്ച് അതിന്‍റെ ഉച്ചസ്ഥായിയിയില്‍ എത്തിച്ചവര്‍ എന്ന വിശേഷണം എന്തുകൊണ്ടും അര്‍ഹിക്കുന്നവരാണ് ഇപ്പോള്‍ രാഷ്ട്രീയരംഗത്തേക്ക് കളംമാറ്റം നടത്തിയ ഈ രണ്ടു പേരും. ഇവര്‍ മീഡിയേറ്റ് ചെയ്തിരുന്ന ചാനല്‍ ചര്‍ച്ചകള്‍ രാഷ്ട്രീയമായ അഭിപ്രായഭിന്നതകള്‍ തമ്മിലുള്ള വാശിയേറിയ പല ഏറ്റുമുട്ടലുകള്‍ക്കും സാക്ഷ്യം വഹിച്ചു. ഇവരില്‍ ഒരാള്‍ പക്വതയും, പക്ഷപാതമില്ലായ്മയും മാതൃകയായി സ്വീകരിച്ച് ചര്‍ച്ചകള്‍ നയിച്ചപ്പോള്‍ മറ്റേയാള്‍ എപ്പോളും വ്യക്തമായ ഇടതുപക്ഷ ചായ്വോടെയായിരുന്നു ചര്‍ച്ചകളില്‍ ഇടപെട്ടിരുന്നത്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായി നില്‍ക്കുന്ന രണ്ട് പേരും അഭിമുഖീകരിച്ച ഒരു പ്രധാന ചോദ്യമായിരുന്നു, മാദ്ധ്യമപ്രവര്‍ത്തകര്‍ എന്നനിലയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റം എങ്ങനെ വിലയിരുത്തുന്നു എന്നത്.
ഈ ചോദ്യത്തിന് രണ്ടുപേരും നല്‍കിയ മറുപടികളിലെ സമാനത ഗൌരവമേറിയ മറ്റൊരു വിഷയത്തിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു. മാദ്ധ്യമപ്രവര്‍ത്തകര്‍ ആയിരുന്ന സമയത്ത് തന്നെ ഒരര്‍ത്ഥത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനമായിരുന്നു തങ്ങള്‍ ചെയ്തിരുന്നത് എന്ന രീതിയിലാണ് ഇവര്‍ രണ്ടു പേരും പ്രതികരിച്ചത്. മറ്റൊരു വിധം പറഞ്ഞാല്‍, മാദ്ധ്യമപ്രവര്‍ത്തകരായിരുന്ന സമയത്ത് തങ്ങള്‍ നയിച്ച അനവധിയായ ചര്‍ച്ചകളില്‍ അവരവരുടെ രാഷ്ട്രീയ താത്പര്യങ്ങളും നിറഞ്ഞു നിന്നിരുന്നു എന്ന്. ഒരാളില്‍ ഇത് വ്യക്തമായി പ്രകടമായിരുന്നെങ്കില്‍, മറ്റേയാള്‍ ഇത് സമര്‍ത്ഥമായി ഒളിപ്പിച്ചു കൊണ്ട് മുന്നോട്ടു പോയി.
ഇവിടെ പ്രസക്തമാകുന്ന ചോദ്യം, അങ്ങേയറ്റം നിക്ഷ്പക്ഷത പുലര്‍ത്തേണ്ടതായ മാദ്ധ്യമപ്രവര്‍ത്തനത്തില്‍, ഇത്തരത്തില്‍ രാഷ്ട്രീയ താത്പര്യങ്ങളുള്ള ആളുകള്‍ അവതാരകരാകുമ്പോള്‍ പൊതുവായ വാര്‍ത്താതാത്പര്യം മാത്രം മുന്‍നിര്‍ത്തി വാര്‍ത്താചാനലുകള്‍ കാണുന്ന സാധാരണ പ്രേക്ഷകരുടെ അവസ്ഥയെന്താണ് എന്നതാണ്. മലയാള വാര്‍ത്താചാനല്‍ രംഗത്തെ ഭൂരിഭാഗം അവതാരകരും ഒരുകാലത്ത് ഇടതുപക്ഷ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളിലെ സജീവപ്രവര്‍ത്തകരായിരുന്നവരാണ് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന ഒരു വസ്തുതയാണ്. തികഞ്ഞ രാഷ്ട്രീയനിക്ഷ്പക്ഷത ആവശ്യപ്പെടുന്ന ഒരു മേഖലയില്‍ വന്നിട്ടും ഇവരില്‍ പലര്‍ക്കും ആ പഴയ രാഷ്ട്രീയ ചായ്വ് ഒഴിവാക്കാന്‍ കഴിയുന്നില്ല എന്നതും പതിവായി വാര്‍ത്താപരിപാടികള്‍ കാണുന്നവര്‍ക്ക് വ്യക്തമാകുന്ന കാര്യമാണ്. തങ്ങള്‍ അനുകൂലിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ഉള്‍പെടുന്ന വിഷയങ്ങളില്‍ മൃദുസമീപനം സ്വീകരിക്കുന്നതും, തങ്ങള്‍ എതിര്‍ക്കുന്നതായ രാഷ്ട്രീയ തത്വസംഹിതയുമായി വരുന്നവരെ ദയാരഹിതമായ മാദ്ധ്യമ വിചാരണയ്ക്ക് ഇവര്‍ വിധേയമാക്കുന്നതുമെല്ലാം നാം പലകുറി കണ്ടുകഴിഞ്ഞതാണ്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തങ്ങളുടേതായ ചാനലുകള്‍ ഉള്ള ഇക്കാലത്ത് ഇത്തരം പാര്‍ട്ടി ചാനലുകളില്‍ കൂടി തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് അനുസൃതമായി ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിനും, എതിര്‍ചേരിയിലുള്ളവരെ കൊല്ലാക്കൊല ചെയ്യുന്നതിനും ഒരു മാദ്ധ്യമപ്രവര്‍ത്തകനും മടി കാണിക്കേണ്ടതില്ല. പക്ഷേ നിക്ഷ്പക്ഷത പരസ്യത്തില്‍ അവകാശപ്പെടുകയും, വാര്‍ത്തയെ ഒരു കച്ചവടവസ്തു ആക്കി മാറ്റുകയും ചെയ്യുന്ന മുഖ്യധാരാ വാര്‍ത്താ ചാനലുകളുടെ അവതാരകവേഷം കെട്ടി ഇത്തരം “പ്രൊപ്പഗണ്ടകള്‍” പ്രേക്ഷകരിലേക്ക് അടിച്ചേല്‍പ്പിക്കുമ്പോഴാണ് മാദ്ധ്യമപ്രവര്‍ത്തനത്തിന്‍റെ അന്തഃസത്ത തന്നെ അപ്രിയമായ ചോദ്യങ്ങള്‍ക്ക് വിധേയമാകുന്നത്. ദയാദാക്ഷിണ്യങ്ങളേതുമില്ലാതെ ജനങ്ങളെ വിഡ്ഢിവേഷം കെട്ടിക്കുകയാണ് ഇത്തരം അവതാരകരും, ചാനലുകളും ചെയ്യുന്നത്.
ഈ അവസ്ഥയുടെ ഭീകരത ചെറിയ ഒരു ഉദാഹരണത്തിലൂടെ വ്യക്തമാകുന്നതാണ്. മലയാള വാര്‍ത്താമാദ്ധ്യമങ്ങള്‍ പൊതുവില്‍ എതിര്‍ക്കുകയും, വിവാദലാഞ്ചനയുള്ള ചെറിയ ഒരു വിഷയം കിട്ടിയാല്‍പ്പോലും മണിക്കൂറുകളോളം ചര്‍ച്ചകളും പ്രതികരണങ്ങളും സംഘടിപ്പിച്ച് താറടിക്കുന്നതുമായ, കേരളത്തില്‍ വേരോട്ടം കുറഞ്ഞ ഒരു ദേശീയ രാഷ്ട്രീയ പ്രസ്ഥാനമുണ്ടല്ലോ. ഈ രാഷ്ട്രീയ പ്രസ്ഥാനത്തിലോ, അതിന്‍റെ വിദ്യാര്‍ഥി-യുവജന സംഘടനയിലോ പ്രവര്‍ത്തിച്ച് അവരുടെ രാഷ്ട്രീയത്തോട് ചായ്വുമായി ഒരു അവതാരകന്‍ ഒരു പാര്‍ട്ടിയിതര മുഖ്യധാരാ ചാനലില്‍ വന്നു എന്ന് സങ്കല്‍പ്പിക്കുക. അയാള്‍ നയിക്കുന്ന ചര്‍ച്ചകളും മറ്റും മേല്‍പ്പറഞ്ഞ രാഷ്ട്രീയ പ്രസ്ഥാനത്തോടുള്ള താത്പര്യങ്ങള്‍ നിറഞ്ഞതായിരിക്കും എന്നതിന് സംശയമില്ലല്ലോ. അങ്ങനെ ഒരവസ്ഥയുണ്ടായാല്‍ ഇതര മാധ്യമങ്ങളും, നവധാരാ മാദ്ധ്യമങ്ങളിലെ അഭിപ്രായ പോരാളികളും ഈ അവതാരകനെ വെറുതെ വിടുമോ? പക്ഷേ ഇടതുപക്ഷ പാര്‍ട്ടികളോട് പ്രതിപത്തിയുള്ള അവതാരകര്‍ ചെയ്യുന്ന അതേ തെറ്റേ ഈ അവതാരകനും ചെയ്യുന്നുള്ളൂ.
അവതരിപ്പിക്കപ്പെട്ട രാജ്യങ്ങളിലെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജനജീവിതത്തെ പ്രതികൂലമായി ബാധിച്ച ചരിത്രമേയുള്ളൂ എങ്കിലും, സോഷ്യലിസം എന്നത് അതിന്‍റെ അടിസ്ഥാനരൂപത്തില്‍ മഹത്തായ ഒരാശയം തന്നെയാണ്. പക്ഷേ ആ ആശയം പിന്തുടരുന്നു എന്നത്, സോഷ്യലിസത്തിന്‍റെ പേരില്‍ എന്തു തോന്ന്യാസവും കാട്ടിക്കൂട്ടാന്‍ മടിയില്ലാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വെള്ളപൂശാനുള്ള ഒരു മറയായി ഉപയോഗിക്കരുത്.
ഇത്തരത്തിലുള്ള മാദ്ധ്യമപ്രവര്‍ത്തകര്‍ കപടതയുടെ മുഖമൂടി സദാ അണിഞ്ഞുകൊണ്ട് ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയക്കാരേക്കാള്‍ അപകടകാരികളാണ്. ചിരിക്കുന്ന മുഖം നിറയെ പുട്ടിയും പൂശി അവര്‍ വൈകുന്നേരങ്ങളില്‍ നമ്മുടെ ടെലിവിഷന്‍ സ്ക്രീനുകളില്‍ വന്നുകൊണ്ടിരുന്നത് തങ്ങളുടെ മനസ്സിലെ രാഷ്ട്രീയമോഹങ്ങളുടെ പൂര്‍ത്തീകരണത്തിനായുള്ള ചവിട്ടുപടികള്‍ തേടിയായിരുന്നു. നിക്ഷ്പക്ഷമെന്ന് ചിലരെങ്കിലും വിശ്വസിച്ചു പോയ അവരുടെ മീഡിയേഷനുകള്‍ ചില പ്രത്യേക രാഷ്ട്രീയ മേലാളന്‍മാര്‍ക്കുള്ള സന്ദേശങ്ങളായിരുന്നു. ഇനിയെങ്കിലും ഇത്തരക്കാരെ കണ്ണടച്ചു വിശ്വസിക്കാതിരിക്കുക. വാര്‍ത്തകളിലെ നെല്ലുംപതിരും സ്വയാര്‍ജ്ജിത അറിവിലൂടെ മാത്രം വേര്‍തിരിക്കുക.
മാധ്യമപ്രവർത്തകർ നിഷ്പക്ഷരാവണം, രാഷ്ട്രീയം പാടില്ല എന്നല്ല പറഞ്ഞു വരുന്നത്. പക്ഷേ, അവർ പ്രകടിപ്പിക്കേണ്ട രാഷ്ട്രീയം ജനപക്ഷ രാഷ്ട്രീയമാവണം, മനുഷ്യപക്ഷമാവണം, പ്രകൃതിപക്ഷമാവണം. നീതി നിഷേധിക്കപ്പെട്ടവർക്കു വേണ്ടിയാവണം അവരുടെ ശബ്ദം ഉയർന്നു കേൾക്കേണ്ടത്. അതിനു പകരം, മുൻപ് തങ്ങൾ ഒപ്പം ചേർന്ന പ്രസ്ഥാനങ്ങൾ ഇപ്പോൾ എടുക്കുന്ന നിലപാടുകൾക്കൊപ്പം വിഷയങ്ങളെ വഴിതിരിക്കുകയായിരുന്നു തങ്ങൾ എന്നാണ് അവർ മറ്റൊരു രീതിയിൽ പറഞ്ഞു വെക്കുന്നത്. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിൽ പ്രേക്ഷകർ വിഡ്ഢികൾ ആവാതിരിക്കട്ടെ.
Post Your Comments