മുംബൈ: ഭൂമാതാ ബ്രിഗേഡ് മുംബൈയിലെ പ്രസിദ്ധമായ ഹാജി അലി ദർഗയിലും പ്രവേശനത്തിനായി സമരത്തിനൊരുങ്ങുന്നുവെന്ന് തൃപ്തി ദേശായി മാധ്യമങ്ങളോട് പറഞ്ഞു.ശനീശ്വരക്ഷേത്രത്തിലും, നാസിക്കിലെ ത്രൈയംബകേശ്വര ക്ഷേത്രത്തിലും സ്ത്രീകൾക്ക് ആരാധന നടത്താനുളള സമരം വിജയിച്ചു. ഇനി മുംബൈയിലെ പ്രസിദ്ധമായ ഹാജി അലി ദർഗയിലും പ്രവേശിക്കണം,ഇതിനായി ഒരു ഫോറം രൂപീകരിച്ചതായി തൃപ്തി ദേശായി അറിയിച്ചു.പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സൂഫിവര്യൻ പീർ ഹാജി അലി ഷാ ബുഖാരിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നതിവിടെയാണ്.
കടലിൽ സ്ഥിതി ചെയ്യുന്ന ഏക ദർഗയെന്ന പ്രത്യേകതയും 1431ൽ പണി പൂർത്തിയായ ഹാജി അലി ദർഗയ്ക്കുണ്ട്. 2012ലാണ് ഹാജി അലി ദർഗയ്ക്കുളളിലേക്കുളള സ്ത്രീകളുടെ പ്രവേശനം ട്രസ്റ്റ് നിരോധിക്കുന്നത്. ഏപ്രിൽ 28 ന് സമാധാനപരമായി തങ്ങൾ ഹാജി അലി ദർഗയിലേക്കു പ്രവേശിക്കുമെന്ന് തൃപ്തി ദേശായി അറിയിച്ചു. മുംബൈയിൽ, വർളിയുടെ അടുത്തായി അറബിക്കടലിൽ 500 മീറ്റർ ഉളളിലായി ഒരു ചെറുദ്വീപിൽ സ്ഥിതി ചെയ്യുന്ന ഹാജി അലി ദർഗയിൽ നൂറു കണക്കിന് വിശ്വാസികളാണ് പ്രതിദിനം എത്തിച്ചേരുന്നത്.
ഹാജി അലി സബ്‌കേ ലിയേ‘ (ഹാജി അലി എല്ലാവർക്കും) എന്നു പേരിട്ടിരിക്കുന്ന ഫോറം പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിച്ചുവെന്നു കരുതുന്ന സൂഫി ആരാധനാലയമായ ഹാജി അലിദർഗയിലും തങ്ങൾക്കു പ്രവേശനം വേണമെന്ന ആശയവുമായാണ് സംഘടിക്കുന്നത്. എന്നാലിത് ശരിയ നിയമങ്ങളുടെ ലംഘനമാണെന്ന് വിമർശനമുയരുന്നുണ്ട്. എന്നാൽ, ഇത്തരത്തിൽ, സ്ത്രീകൾക്കു പ്രവേശനം നിഷേധിച്ചിരിക്കുന്ന എല്ലാ മതസ്ഥരുടെയുയും ആരാധനാലയങ്ങളിലും പ്രവേശിക്കുന്നതിനായി ഫോറങ്ങൾ രൂപീകരിക്കുമെന്നും തൃപ്തി ദേശായി അറിയിച്ചു.
Post Your Comments