Editorial

യുഎന്‍-ല്‍ പാകിസ്ഥാനെ പൂട്ടാനുള്ള ഇന്ത്യന്‍ നീക്കങ്ങള്‍ക്ക്‌ തുരങ്കം വയ്ക്കുന്നത് ചൈനയുടെ ഈ ‘രഹസ്യായുധം’

യുണൈറ്റഡ് നേഷന്‍സ്: യുണൈറ്റഡ് നേഷന്‍സിന്‍റെ (യുഎന്‍) വേദി ഉപയോഗിച്ച് പാകിസ്ഥാനും, ആ രാജ്യത്ത് വേരുറപ്പിച്ചിരിക്കുന്ന തീവ്രവാദസംഘടനകളും ഇന്ത്യയ്ക്കെതിരെ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളെ അന്താരാഷ്‌ട്ര സമൂഹത്തിനു മുന്‍പില്‍ തുറന്നു കാട്ടുന്നതില്‍ ഇന്ത്യ ഒട്ടൊക്കെ വിജയം കൈവരിച്ചിട്ടുണ്ട്. എന്നിരുന്നാലും, യുഎന്‍ എന്ന സംഘടനയെക്കൊണ്ട് പാകിസ്ഥാനും പാക്-ഭീകരസംഘടനകള്‍ക്കും, പാക്-ഭീകരര്‍ക്കും വിലക്കുകള്‍ ഏര്‍പ്പെടുത്തുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിപ്പിക്കാന്‍ എപ്പോഴും ഇന്ത്യയ്ക്ക് തടസ്സങ്ങള്‍ നേരിടുന്നു.

എന്നാല്‍ ഇത് ഇന്ത്യയുടെ ഒരു നയതന്ത്ര പരാജയമല്ല. യുഎന്‍ സംവിധാനത്തിലെ പഴുതുകള്‍ ഉപയോഗിച്ച് പ്രിയസുഹൃത്തായ പാകിസ്ഥാനെ സംരക്ഷിക്കാനും, ഒരു ലോകശക്തി എന്ന നിലയിലുള്ള വളര്‍ച്ചയില്‍ തങ്ങള്‍ക്ക് ഏറ്റവും ഭീഷണിയായേക്കാവുന്ന ഇന്ത്യയെ ഒതുക്കാനുമായി ചൈന കളിക്കുന്ന വൃത്തികെട്ട നാടകമാണ് ഇതിനുപിന്നിലെ മുഖ്യകാരണം.

തീവ്രവാദപ്രവര്‍ത്തനങ്ങളെ വിവിധതരത്തിലുള്ള വിലക്കുകള്‍ ഏര്‍പ്പെടുത്തി നിയന്ത്രക്കുവാന്‍ അധികാരമുള്ള ഒരു ശിക്ഷാധികാര കമ്മിറ്റിയുണ്ട്. പ്രധാനമായും അല്‍-ഖ്വയ്ദ, താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ തീവ്രവാദ സംഘടനകളാണ് ഈ 15-അംഗ കമ്മിറ്റിയുടെ അധികാരപരിധിയില്‍ വരുന്നത്. ഈ കമ്മിറ്റിയിലെ 15-അംഗങ്ങള്‍ക്കും ‘വീറ്റോ’ അധികാരമുണ്ട് എന്ന്‍ മാത്രമല്ല അത് രഹസ്യ വീറ്റോ ആണ് താനും. ഏത് ഘട്ടത്തിലും കമ്മിറ്റിയിലെ ഏത് അംഗം ശുപാര്‍ശ ചെയ്യുന്ന ശിക്ഷാനടപടികളിന്‍മേലും ബാക്കി 14-പേരില്‍ ആര്‍ക്കും ഈ രഹസ്യ വീറ്റോ പ്രയോഗിക്കാം. അതിനെക്കുറിച്ച് മറ്റ് വിശദീകരണങ്ങളുടെ ആവശ്യമൊന്നുമില്ല.

എപ്പോഴൊക്കെ ഇന്ത്യ പാക്കിസ്ഥാനെതിരെ തീവ്രവാദപ്രവര്‍ത്തനങ്ങളുടെ പേരിലുള്ള നപടികള്‍ ആരംഭിക്കുന്നുവോ, അപ്പോഴൊക്കെ ചൈന പാകിസ്ഥാന്‍റെ രക്ഷയ്ക്കെത്തും. രഹസ്യ വീറ്റോ പ്രയോഗിച്ചാണ് ചൈന ഇന്ത്യന്‍ നീക്കങ്ങള്‍ക്ക്‌ തടയിടുന്നത്.

കഴിഞ്ഞ മാസം, പാകിസ്ഥാന്‍ എല്ലാവിധ സഹകരണങ്ങളും നല്‍കി വളര്‍ത്തുന്ന തീവ്രവാദ സംഘടനയായ ജയ്‌ഷ്-എ-മൊഹമ്മദ്‌ മേധാവിയായ മസൂദ് അസറിനെ തീവ്രവാദികളുടെ അന്താരാഷ്ട്ര പട്ടികയില്‍ ഉള്‍പ്പെടുത്തി വിലക്കുകള്‍ ഏര്‍പ്പെടുത്താനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയായത് ചൈനയുടെ ഈ രഹസ്യ വീറ്റോ പ്രയോഗമാണ്. ഇന്ത്യയുടെ പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ നടന്ന തീവ്രവാദ ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്‍ മസൂദ് അസറാണ്.

അതുപോലെ തന്നെ, കഴിഞ്ഞ വര്‍ഷം, 2008-മുംബൈ തീവ്രവാദ ആക്രമണക്കേസിലെ മുഖ്യസൂത്രധാരന്‍ ലഷ്കര്‍-ഇ-തയ്ബ തീവ്രവാദി സക്കി-ഉര്‍-റഹ്മാന്‍ ലഖ്വിയെ പാകിസ്ഥാന്‍ ജയില്‍മോചിതനാക്കിയ സംഭവത്തില്‍ യുഎന്‍ നടപടികള്‍ക്കായി ഇന്ത്യ ശ്രമിച്ചപ്പോഴും ചൈന പാകിസ്ഥാന്‍റെ സംരക്ഷകരായി.

യുഎന്‍-ലെ ചൈനയുടെ സ്ഥിരം പ്രതിനിധിയും ശിക്ഷാധികാര കമ്മിറ്റിയുടെ നിലവിലുള്ള പ്രസിഡന്‍റുമായ ലിയു ജിയേയിയുടെ അഭിപ്രായത്തില്‍ മസൂദ് അസര്‍ ഒരു തീവ്രവാദിയായി പരിഗണിക്കപ്പെടാനുള്ള യുഎന്‍ സെക്യൂരിറ്റി കൌണ്‍സില്‍ മാനദണ്ഡങ്ങളില്‍പ്പെടുന്നില്ല.

അതേ ചൈന തന്നെ, ലിയുവിനെക്കൊണ്ട് തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ആരും ഇരട്ടത്താപ്പ് കാണിക്കരുതെന്ന് ശിക്ഷാധികാര കമ്മിറ്റിയിലെ മറ്റംഗങ്ങളോട് അഭ്യര്‍ത്ഥിര്‍ച്ചു കൊണ്ട് കുറിപ്പുകളും കൈമാറുന്നത്.

ഏത് പ്രതികൂല പരിതസ്ഥിതിയിലും ചൈന തങ്ങളെ സംരക്ഷിക്കും എന്ന ഉറപ്പുള്ള പാകിസ്ഥാന്‍ തങ്ങളുടെ സ്ഥിരം പ്രതിനിധി മലീഹ ലോധി വഴി തങ്ങള്‍ തീവ്രവാദത്തിനെതിരെ കനത്ത പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്നു എന്ന പ്രതിച്ഛായ ഉണ്ടാക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു.

പക്ഷേ ഇതൊക്കെ കണ്ട് ഇന്ത്യ വെറുതെയിരുന്നില്ല. ചൈനയുടെ ഇരട്ടത്താപ്പിനെതിരെ ഇന്ത്യ ഇന്നലെ പരോക്ഷമായി ശബ്ദം ഉയര്‍ത്തിക്കഴിഞ്ഞു. രഹസ്യ വീറ്റോ വഴി തീവ്രവാദികളുടെ സംരക്ഷകരായി മാറുന്നവരെ വിമര്‍ശിച്ചു കൊണ്ടുള്ള ഇന്ത്യയുടെ പ്രതിഷേധം ചെന്നു കൊണ്ടത് ചൈനയുടെ മേലാണ്.

രഹസ്യ വീറ്റോ പ്രയോഗം യുഎന്‍-ന്‍റെ മൊത്തത്തിലുള്ള വിശ്വാസ്യതയെ ബാധിക്കുന്നതായും, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ശിക്ഷ നല്‍കാനുള്ള കെല്‍പ്പ് ഈ സംഘടനയ്ക്കില്ല എന്ന തോന്നല്‍ അന്താരാഷ്‌ട്രതലത്തില്‍ ഉളവാക്കുന്നതായും ഉള്ള മുന്നറിയിപ്പുക ള്‍ശക്തമായ ഭാഷയില്‍ ഇന്ത്യ നല്‍കിക്കഴിഞ്ഞു. ഇന്ത്യയുടെ യുഎന്‍-ലെ സ്ഥിരം പ്രതിനിധി സയെദ് അക്ബറുദ്ദീന്‍ ആണ് ഈ നീക്കം നടത്തിയത്.

ഇന്ത്യയ്ക്കെതിരെ രഹസ്യ വീറ്റോ പ്രയോഗം നടത്തുന്ന ലിയു ജിയേയിയുടെ മുഖത്ത് നോക്കിയാണ് അക്ബറുദ്ദീന്‍ ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. “അന്താരാഷ്‌ട്ര സമാധാനത്തിനും, സുരക്ഷയ്ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി” എന്ന വിഷയത്തെ ഊന്നിയുള്ള ചര്‍ച്ചയിലാണ് അക്ബറുദ്ദീന്‍ ഈ ഇന്ത്യന്‍ നീക്കത്തിന് തുടക്കം കുറിച്ചത്.

ശിക്ഷാധികാര കമ്മിറ്റി പോലുള്ള യുഎന്‍ സംവിധാനങ്ങള്‍ അന്തരാഷ്ട്ര സമൂഹത്തിന്‍റെ വിശ്വാസ്യത ആര്ജ്ജിക്കുകയാണ്, അല്ലാതെ ശിക്ഷാനടപടികളില്‍ നിന്ന് തങ്ങള്‍ മുക്തരാണ് എന്ന തോന്നല്‍ തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ സൃഷ്ടിക്കുകയല്ല വേണ്ടത് എന്ന്‍ അക്ബറുദ്ദീന്‍ തുറന്നടിച്ചു.

ഏതായാലും അന്താരാഷ്ട തീവ്രവാദത്തെക്കുറിച്ചുള്ള സമഗ്ര ഉടമ്പടി വേഗത്തില്‍ നടപ്പിലാക്കണം എന്ന യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി-മൂണിന്‍റെ നിലപാട് ഇന്ത്യയെ സംബന്ധിച്ച് സ്വാഗതാര്‍ഹാമാണ്. പ്രസ്തുത ഉടമ്പടിപ്രകാരം തീവ്രവാദം, തീവ്രവാദി എന്നീ പദങ്ങള്‍ക്ക് കൃത്യമായ നിര്‍വ്വചനം നിലവില്‍ വരും. അതിനുശേഷം മുടന്തന്‍ന്യായങ്ങളുടെ സഹായത്തോടെ പാക്-തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി എടുപ്പിക്കാതിരിക്കുക ചൈനയ്ക്ക് അത്ര എളുപ്പമാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button