മുംബൈ: യുവതിയെ ഡ്രൈവര്‍ ഓട്ടോയില്‍ നിന്ന് ഇറക്കിവിട്ടു. യുവതിയുടെ അമിത വണ്ണം കാരണം വാഹനം നീങ്ങുന്നില്ലെന്ന് പറഞ്ഞാണ് ഡ്രൈവര്‍ യുവതിയെ ഓട്ടോയില്‍ നിന്ന് ഇറക്കിവിട്ടത്. യുവതി ജുഹുവിലുള്ള ഓഫീസിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം. ആസ്മി ഷാ എന്ന യുവതിയോടാണ് ഓട്ടോ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയത്. സംഭവത്തെക്കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ. കഴിഞ്ഞ ആഴ്ച്ച സാന്റാക്രൂസിലെ വീടിന് അടുത്തുനിന്നും ഓഫീസിലേക്ക് പോകുന്നതായി ഓട്ടോയില്‍ കയറി. ഒരു മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിനായിരുന്നു യാത്ര. ഓട്ടോയില്‍ കയറി കുറച്ചു ദൂരം സഞ്ചരിച്ചു കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ സീറ്റിന്റെ സൈഡില്‍ ഇരിക്കാതെ നടുവിലേക്ക് ഇരിക്കണമെന്ന് പറഞ്ഞു. എന്നാല്‍ താന്‍ അത് കാര്യമാക്കിയില്ല.
യാത്രയില്‍ അമ്മയെയും കൂട്ടേണ്ടിയിരുന്നതിനാല് ഓട്ടോ വഴിയില്‍ നിറുത്തുവാന്‍ താന്‍ ആവശ്യപ്പെട്ടു. ഉടനെ ഡ്രൈവര്‍ ഇനി കയറേണ്ട ആളും താങ്കളെപ്പോലെ വണ്ണമുള്ള ആളാണോ എന്ന് ചോദിച്ചു. താന്‍ അയാളോട് വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് പറഞ്ഞു. അപ്പോള്‍ വണ്ണമുള്ള ആളുകളെ തന്റെ ഓട്ടോയില്‍ ഇരിക്കാന്‍ അനുവദിക്കാറില്ലെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഡ്രൈവര്‍ ഓട്ടോ നിറുത്തിയശേഷം തന്നോട് പുറത്തിറങ്ങാന്‍ പറഞ്ഞു. ഓഫീസിലെ മീറ്റങ്ങിന് എത്താന്‍ വൈകുമെന്നതിനാല്‍ താന്‍ ഓട്ടോയില്‍ നിന്ന് ഇറങ്ങാന്‍ മടിച്ചു. പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞെങ്കിലും തന്നെ ഡ്രൈവര്‍ നിര്‍ബന്ധിച്ച് ഓട്ടോയില്‍ നിന്ന് ഇറക്കിവിട്ടു. ഓട്ടോ ഡ്രൈവറുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് യുവതി പറയുന്നു. എങ്കിലും ഓട്ടോയുടെ നമ്പര്‍ പ്ലേറ്റിന്റെ ചിത്രം എടുക്കാന്‍ സാധിച്ചുവെന്നും യുവതി പറയുന്നു.
ഓട്ടോ ഡ്രൈവറെ ഒരു പാഠം പഠിപ്പിക്കാതെ തനിക്കിനി ഉറക്കമില്ലെന്ന് യുവതി പറയുന്നു. സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്കി. മുംബൈ പൊലീസിന്റെ ട്വിറ്റര്‍ അക്കൗണ്ടിലേക്ക് സംഭവം ട്വിറ്റ് ചെയ്തിട്ടുണ്ടെന്നും യുവതി പറഞ്ഞു. സംഭവം ട്രാഫിക്ക് പൊലീസിനെ അറിയിക്കാന്‍ അവര്‍ പറഞ്ഞു. ട്രാഫിക് പൊലീസിനെ അറിയിച്ചപ്പോള്‍ സംഭവത്തില്‍ യാത്രക്കാരെ കൃത്യസ്ഥലത്ത് എത്തിക്കാത്തതില്‍ പിഴ ഈടാക്കാന്‍ മാത്രമെ ആകുവെന്നു പറഞ്ഞു. എന്നാല്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ പോവുകയാണെങ്കില്‍ മറ്റ് വകുപ്പുകളിലും കേസ് എടുക്കാനാകുമെന്ന് ഇവര്‍ അറിയിച്ചതായും യുവതി പറയുന്നു.
സംഭവത്തില്‍ സാന്റാക്രൂസ് പൊലീസ് സ്റ്റേഷനിലെത്തി കേസ് കൊടുത്തതായി യുവതി പറയുന്നു. ഒരു ഓട്ടോ ഡ്രൈവറും ആളുകളുടെ രീതികളെ പരിഹസിക്കരുതെന്നും സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ശിക്ഷ നല്‍കിയില്ലെങ്കില്‍ അയാള്‍ ഇനിയും ആളുകളെ അപമാനിക്കല്‍ തുടരുമെന്നും യുവതി പറയുന്നു.
Post Your Comments