തിരുവനന്തപുരം : സംസ്ഥാനത്ത് ഓണ്‍ലൈനില്‍ വൈദ്യുതി ബില്‍ അടയ്ക്കുന്നവരുടെ എണ്ണം മൂന്നുമാസത്തിനുള്ളില്‍ ഇരട്ടിയായി. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഒന്നരലക്ഷത്തോളം പേര്‍ ഉപയോഗപ്പെടുത്തിയിരുന്ന ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ മൂന്നുലക്ഷം പേര്‍ ഉപയോഗിച്ചു.
പദ്ധതി ഉള്‍പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ കെ.എസ്.ഇ.ബി. പദ്ധതികള്‍ ആവിഷ്‌കരിച്ചുവരുന്നു. നിലവില്‍ നഗരവാസികളാണ് ഓണ്‍ലൈന്‍ സൗകര്യം കൂടുതലായി ഉപയോഗിക്കുന്നതെന്നു കെ.എസ്.ഇ.ബി. ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ വ്യക്തമാക്കി.
2011ലാണ് കെ.എസ്.ഇ.ബി. ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം നടപ്പാക്കിയത്. ആദ്യഘട്ടത്തില്‍ ഹൈടെന്‍ഷന്‍ ഉപയോക്താക്കള്‍ക്കു മാത്രമായിരുന്നു ഈ സൗകര്യം. 2013 മുതല്‍ സാധാരണ ഉപയോക്താക്കളെയും ഉള്‍പ്പെടുത്തി.പദ്ധതിയെക്കുറിച്ചുള്ള അറിവില്ലായ്മയാണു പലരെയും ഓണ്‍ലൈന്‍ സംവിധാനത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നത്. ബില്‍ ഓണ്‍ലൈനായി അടയ്ക്കുന്നവരില്‍നിന്നു ബാങ്കുകള്‍ ഈടാക്കിയിരുന്ന ട്രാന്‍സാക്ഷന്‍ ഫീസും സേവനനികുതിയും കഴിഞ്ഞ ജൂലൈയില്‍ പൂര്‍ണമായി ഒഴിവാക്കി. ബില്‍ തുക മാത്രം ഉപയോക്താക്കള്‍ അടച്ചാല്‍ മതിയാകും.
ഓണ്‍ലൈന്‍ സംവിധാനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ആനുകൂല്യം. കണ്‍സ്യൂമര്‍ നമ്പറും ബില്‍ നമ്പറുമുണ്ടെങ്കില്‍ ഏതുസമയത്തും എവിടെനിന്നും ബില്‍ അടയ്ക്കാം. കെ.എസ്.ബി. ഓഫീസുകളിലെ നീണ്ട ക്യൂവില്‍നിന്നു രക്ഷപ്പെടാം. സര്‍ക്കാര്‍ അവധിദിവസങ്ങളിലടക്കം ബില്‍ അടയ്ക്കുകയും ചെയ്യാം . പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി. മാധ്യമപ്പരസ്യങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍, 1.30 കോടി ഉപയോക്താക്കളുള്ളതില്‍ മൂന്നുലക്ഷം പേര്‍ മാത്രമാണ് ഇപ്പോഴും ഓണ്‍ലൈന്‍ പേമെന്റിനെ ആശ്രയിക്കുന്നത്. ഗ്രാമങ്ങളില്‍ പദ്ധതിയെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കുകയാണ് അടുത്തലക്ഷ്യമെന്നു കെ.എസ്.ഇ.ബി. അധികൃതര്‍ പറഞ്ഞു.
Post Your Comments