KeralaNews

പരവൂര്‍ വെടിക്കെട്ടപകടം: കൊലയാളിയായത് ‘സൂര്യകാന്തി’

പരവൂര്‍: വെടിക്കെട്ട് അപകടങ്ങളില്‍ കനത്ത ദുരന്തങ്ങളിലൊന്നായി മാറിയിട്ടുള്ള പുറ്റിങ്ങല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട സംഭവത്തില്‍ മരണം വിതച്ചത് ‘സൂര്യകാന്തി’ എന്ന് വിളിപ്പേരുള്ള അമിട്ട്. കണ്ണിന് കുളിര്‍മ്മ നല്‍കി സൂര്യകാന്തിപാടം ഓര്‍മ്മിപ്പിച്ച് മഞ്ഞനിറം വാരി വിതറുന്ന അമിട്ട് പക്ഷേ ഞായറാഴ്ച പുലര്‍ച്ചെ വിതച്ചത് മരണം. 

ശനിയാഴ്ച രാത്രി വളരെ വൈകി തുടങ്ങിയ വെടിക്കെട്ട് ഞായറാഴ്ച പുലര്‍ച്ചെ ക്‌ളൈമാക്‌സിലേക്ക് നീങ്ങുമ്പോള്‍ അമിട്ടുകള്‍ സൂക്ഷിച്ചിരുന്ന കമ്പപ്പുരയ്ക്ക് സമീപം അമിട്ടുകള്‍ നിറച്ച് ഒരു മിനിവാന്‍ പാര്‍ക്ക് ചെയ്തിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പകുതി പൊട്ടിവിരിഞ്ഞ സൂര്യകാന്തികളില്‍ ഒന്ന് ഇതിനുള്ളിലേക്ക് വീഴുകയും കമ്പപ്പുര പെട്ടെന്ന് തീപിടിച്ച് പൊട്ടിത്തകരുകയും കോണ്‍ക്രീറ്റ് എല്ലായിടത്തും ചിതറി വീഴുകയും ആയിരുന്നു.
വന്‍ സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് പടക്കങ്ങള്‍ ഓരോന്നായി പൊട്ടിയിരുന്നു. പൈപ്പിലാണ് സാധാരണഗതിയില്‍ പടക്കങ്ങള്‍ ലോഡ് ചെയ്തിരുന്നത്. പൊട്ടുമ്പോള്‍ അമിട്ടുകള്‍ ദിശമാറി പോകാതിരിക്കാനാണ് ഇങ്ങിനെ ചെയ്യുന്നത്. എന്നാല്‍ വെടിക്കെട്ട് അവസാന ഘട്ടത്തിലായിരുന്നതിനാല്‍ എല്ലാം തിടുക്കത്തിലായിരുന്നതിനാല്‍ പൈപ്പുകളില്‍ ഒന്ന് ചരിഞ്ഞുപോയിരുന്നെന്ന് സംഭവത്തില്‍ തലയില്‍ കോണ്‍ക്രീറ്റ് കഷ്ണം വന്നുവീണ് പരിക്കേറ്റ് ആശുപത്രിയിലായ ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു.

തുടക്കത്തില്‍ ഒരു വലിയ പ്രകാശവും പിന്നാലെ വന്‍ സ്‌ഫോടനശബ്ദവും മാത്രമാണ് ചിലരുടെ ഓര്‍മ്മ. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ അല്‍പ്പം സമയം തന്നെ വേണ്ടിവന്നു. തൊട്ടുപിന്നാലെ അലര്‍ച്ചയും രോദനവും ആള്‍ക്കാരുടെ ഓട്ടവും സഹായത്തിന് വേണ്ടിയുള്ള നിലവിളികളും ഉണ്ടായതോടെയാണ് സംഭവിച്ച ദുരന്തത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് എല്ലാവരും എത്തിയതെന്ന് മറ്റൊരാള്‍ പറയുന്നു.

മതിയായ ബാരിക്കേഡുകളുടെ അഭാവവും വെടിക്കെട്ട് തൊട്ടടുത്ത് കാണാന്‍ ചെറിയ സ്ഥലത്ത് ജനങ്ങള്‍ തിങ്ങിക്കൂടിയതും ദുരന്തത്തിന്റെ മുഖം കൂടുതല്‍ ഭീകരമാക്കി. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്തായിട്ടും കമ്പപ്പുരയ്ക്ക് സമീപത്ത് നിന്നും ആള്‍ക്കാരെ നീക്കി നിര്‍ത്തുന്നതില്‍ ശ്രദ്ധ വെയ്ക്കാതിരുന്നതും കുഴപ്പമായി. കമ്പപ്പുരയ്ക്ക് പുറമേ ഉപക്ഷേത്രങ്ങള്‍ക്കും സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ പറ്റി. ചില വീടുകളുടെ ഓടുകളും മേല്‍ക്കൂരകളും തകര്‍ന്നുവീണു.

വെടിക്കെട്ട് നടന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള വീട്ടുകാര്‍ അപകടഭീതിയില്‍ പല തവണ ഇക്കാര്യത്തില്‍ പരാതി നല്‍കിയിരുന്നെങ്കിലും ക്ഷേത്രം ഭാരവാഹികള്‍ അതൊന്നും ചെവിക്കൊണ്ടിരുന്നില്ല. എന്നതിന് പുറമേ ദേവീകോപം പറഞ്ഞ് ക്ഷേത്രം ഭാരവാഹികള്‍ ഈ വീട്ടുകാരെ പരാതിയില്‍ നിന്നും പിന്തിരിപ്പിക്കുകയും ചെയ്തിരുന്നു. കുടുംബങ്ങളില്‍ ചിലതിന് വീട് പുലര്‍ത്തിയിരുന്ന ഉറ്റവരെ നഷ്ടപ്പെട്ടതിനൊപ്പം കയറിക്കിടക്കാനുള്ള വീടുകളും ദുരന്തത്തില്‍ ഇല്ലാതായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button