മുംബൈ: കടുത്ത വരള്‍ച്ച നേരിടുന്ന മഹാരാഷ്ട്രയില്‍ നിന്നും ഐപിഎല്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന നിര്‍ദ്ദേശത്തോട് വിയോജിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി. ഐപിഎല്‍ മാറ്റുന്നതല്ല വരള്‍ച്ചയ്ക്ക് പരിഹാരം. ഇതിനായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണമെന്ന് ധോനി പറഞ്ഞു.
മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ മാറ്റണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, മാച്ചുകള്‍ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റിയതുകൊണ്ട് വരള്‍ച്ച നേരിടുന്ന ജനങ്ങള്‍ക്ക് നേട്ടമുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് ധോണി പറയുന്നു. ഇതിനായി സര്‍ക്കാര്‍ ശാശ്വത പരിഹാരത്തിനാണ് ശ്രമിക്കേണ്ടതെന്ന് ഐപിഎല്‍ ടീം റൈസിങ് പൂനെ സൂപ്പര്‍ജയന്റ്സിന്റെ ക്യാപ്റ്റന്‍ കൂടിയായ ധോനി വ്യക്തമാക്കി.
‘ടെലിവിഷനില്‍ വരള്‍ച്ചാ ബാധിത പ്രദേശം കാണാനിടയായി. അവിടങ്ങളിലെ ഡാമുകളില്‍ ഒന്നോ രണ്ടോ ശതമാനം മാത്രമേ ജലമുള്ളൂ. അതുകൊണ്ടുതന്നെ ജലക്ഷാമം പരിഹരിക്കാനായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്കരിക്കണം. ക്രിക്കറ്റ് മാച്ചുകളും ജലക്ഷാമവുമായി ബന്ധമില്ല’ ധോനി ചൂണ്ടിക്കാട്ടുന്നു.
ക്രിക്കറ്റ് പിച്ച് നനയ്ക്കാനായി 60 ലക്ഷം ലിറ്റര്‍ ജലം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. അതീവ വരള്‍ച്ചാ ബാധിത പ്രദേശമായ മഹാരാഷ്ട്രയില്‍ ഇത്രയും ജലം പാഴാക്കിക്കളയുന്നത് ജനദ്രോഹമാണെന്നു ചൂണ്ടികാട്ടി ഒരു എന്‍ജിഒ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കോടതി മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്നും വിശദീകരണം ചോദിച്ചിട്ടുണ്ട്.
Post Your Comments