കൊല്ലം : കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തത്തിനാണ് പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രം സാക്ഷ്യം വഹിച്ചത്. 106 പേരാണ് ഈ അപകടത്തില്‍ മരിച്ചതെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.
പാലക്കാട് നെന്മാറ, എറണാകുളം മരട് എന്നീ ക്ഷേത്രങ്ങള്‍ക്കുശേഷം ഏറ്റവും വലിയ വെടിക്കെട്ടു നടക്കുന്ന സ്ഥലമാണ് പുറ്റിങ്കല്‍ ക്ഷേത്രം. തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ വെടികെട്ടായതിനാല്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍നിന്ന് നിരവധിപേരാണ് ക്ഷേത്രത്തിലേക്കെത്തിയത്. വെടിക്കെട്ടിന് അനുമതി ഇല്ലാത്തതിനാല്‍ മത്സരകമ്പം ഒഴിവാക്കിയിരുന്നു. 11.45ന് ആരംഭിച്ച കമ്പം അവസാനിക്കാറായപ്പോള്‍, മൂന്നു മണിയോടെയാണ് സ്‌ഫോടനമുണ്ടായത്.
വെടിക്കെട്ടില്‍ പൊട്ടാതിരുന്ന കതിനയിലേതോ ഒരെണ്ണം താമസിച്ചു പൊട്ടിയെന്നാണ് കാഴ്ച്ചക്കാര്‍ കരുതിയത്. വലിയ സ്‌ഫോടനത്തോടെ തീഗോളം മുകളിലേക്കുയര്‍ന്നതോടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ആര്‍ക്കും എന്താണ് നടന്നതെന്ന് മനസിലാക്കാന്‍ കഴിയാത്ത അവസ്ഥ. വെടിക്കെട്ട് അവസാനിച്ചശേഷമാണ് അപകടം നടന്ന കമ്പപ്പുരയിലേക്ക് പോകാന്‍ ആളുകള്‍ക്ക് ധൈര്യം ഉണ്ടായത്. കമ്പപ്പുരയ്ക്ക് അടുത്തുണ്ടായിരുന്ന കെട്ടിടത്തില്‍നിന്നവര്‍ക്കാണ് കൂടുതലായി ജീവാപായം ഉണ്ടായത്. ഓഫീസ് കെട്ടിടത്തിനടിയില്‍ നിരവധിപേര്‍ കുരുങ്ങി. രണ്ടു മണിക്കൂറിനുശേഷമാണ് മിക്കവരെയും പുറത്തെടുത്തത്. അടുത്തുള്ള വീടുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. കിണറുകളുടെ കെട്ടുകള്‍ ഇടിഞ്ഞു താഴ്ന്നു.
അന്തരീക്ഷത്തില്‍ കരിമരുന്നിന്റെ രൂക്ഷഗന്ധം. പിന്നെ കണ്ടത് ചിന്നിച്ചിതറിയ ശരീരഭാഗങ്ങള്‍ കൂട്ടിയെടുത്ത് ആശുപത്രിയിലേക്ക് കുതിക്കുന്ന ആംബുലന്‍സുകളെയും, അപകടത്തില്‍ പ്രിയപ്പെട്ടവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നറിയാന്‍ പരക്കം പായുന്ന ജനങ്ങളെയുമാണ്.. കേരളം കണ്ട ഏറ്റവും വലിയ ദുരന്തഭൂമികളിലൊന്നായി മാറുകയായിരുന്നു പുറ്റിങ്ങല്‍ ക്ഷേത്ര മൈതാനം.
വെടിക്കെട്ട് നടക്കുന്ന മൈതാനത്തിനു സമീപം പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉടമകള്‍ വെടിക്കെട്ട് നടത്തുന്നതിനെതിരെ ജില്ലാഭരണകൂടത്തെ സമീപിച്ചിരുന്നു. ദുരന്തസാധ്യത ചൂണ്ടിക്കാട്ടിയായിരുന്നു ഈ നീക്കം. തുടര്‍ന്ന് ജില്ലാഭരണകൂടം മത്സര വെടിക്കെട്ടിന് വിലക്ക് ഏര്‍പ്പെടുത്തി. എന്നാല്‍ ഇവിടെ നടന്നത് മത്സര വെടിക്കെട്ട് തന്നെയാണ് ദുരന്തം സാക്ഷ്യപ്പെടുത്തുന്നു. രാത്രി 11.30 ന് ആരംഭിച്ച വെടിക്കെട്ട് 3.30 ആയിട്ട്‌പോലും അവസാനിച്ചിരുന്നില്ല എന്നത് മത്സരവെടിക്കെട്ട് തന്നെയാണ് ഇവിടെ നടന്നതെന്ന് ജില്ലാഭരണകൂടവും സമ്മതിക്കുന്നു. പൊലീസിന്റെ മൗനാനുവാദത്തോടെയാണ് ഇത്തരത്തില്‍ വെടിക്കെട്ട് നടത്തിയതെന്ന് ആരോപണവും ഉണ്ട്.
കേരളത്തില്‍ ചെറുതും വലുതുമായി വെടിക്കെട്ട് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ഭരണാധികാരികള്‍ ഇതിനെതിരെ ഒരു ശക്തമായ തീരുമാനം എടുക്കുന്നതിന് ഇനിയും വൈകരുത്. ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ മാത്രം ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറയുമെന്നല്ലാതെ പിന്നീട് അതിന് ഒരു കടലാസിന്റെ വില പോലും കല്‍പ്പിക്കുന്നില്ല. മാത്രമല്ല മാറി മാറി വരുന്ന സര്‍ക്കാരുകളുടെ ഇത്തരത്തിലുള്ള വാഗ്ദാനങ്ങള്‍ പലപ്പോഴും ലംഘിക്കപ്പെടുകയും ചെയ്യുന്നു.
ഉത്സവാന്തരീക്ഷം നല്ലതു തന്നെ, പക്ഷേ അത് ഒട്ടറെ മനുഷ്യജീവനുകള്‍ കവരുമ്പോള്‍ വെടിക്കെട്ട് ധൂര്‍ത്തും, ആനപ്പൂരങ്ങളും വേണമോ വേണ്ടയോ എന്നതിന് ഒരു പുനര്‍ചിന്തനം ആവശ്യമാണ്. ഇന്നല്ലെങ്കില്‍ നാളെ നമുക്കും വന്നുകൂടാവുന്ന ഒരു ദുരന്തമാണിത്. ഇതിനെതിരെ ഒരു നടപടിക്ക് ഇനിയും വൈകിക്കൂടാ…
Post Your Comments