NewsInternationalGulf

യു.എ.ഇ നിക്ഷേപസംഗമം തീയതി പ്രഖ്യാപിച്ചു

ദുബായ്: നിക്ഷേപത്തിന്റെയും സഹകരണത്തിന്റെയും സാധ്യതകള്‍ മനസ്സിലാക്കാനും കൂടുതല്‍ രംഗങ്ങളിലേക്കും വ്യാപിപ്പിക്കാനും സഹായിക്കുന്ന യുഎഇ വാര്‍ഷിക നിക്ഷേപ സംഗമം 11 മുതല്‍ 13 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കും. ജിസിസി രാജ്യങ്ങള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന സംഗമത്തില്‍ ഇന്ത്യയ്ക്കു പ്രധാനസ്ഥാനമാണു നല്‍കിയിരിക്കുന്നത്. മെയ്ക് ഇന്‍ ഇന്ത്യ പവിലിയന്‍, മെയ്ക് ഇന്‍ ഇന്ത്യ സെമിനാര്‍ എന്നിവയുണ്ടാകും. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ വ്യവസായനയം, പ്രൊമോഷന്‍ വകുപ്പിന്റെ നേതൃത്വത്തിലുള്ള മെയ്ക് ഇന്‍ ഇന്ത്യ പവിലിയന്‍ എണ്ണ, വാതക സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, യുഎഇ വിദേശ വ്യാപാരം, വ്യവസായം ഉപമന്ത്രി അബ്ദുല്ല അല്‍ സാലിഹ് എന്നിവര്‍ ചേര്‍ന്ന് 11 ന് രാവിലെ 11 ന് ഉദ്ഘാടനം ചെയ്യും.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) മെയ്ക് ഇന്‍ ഇന്ത്യ സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. 11 ന് ഉച്ചകഴിഞ്ഞ് രണ്ടര മുതല്‍ അഞ്ചുവരെ മെയ്ക് ഇന്‍ ഇന്ത്യ സെമിനാര്‍. ചെറുകിട, ഇടത്തരം സംരംഭക മന്ത്രി കല്‍രാജ് മിശ്ര ഉദ്ഘാടനം ചെയ്യുമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സലേറ്റ് ജനറല്‍ അനുരാഗ് ഭൂഷന്‍ അറിയിച്ചു. ഇന്ത്യന്‍ സ്ഥാനപതി ടി.പി സീതാറാം, ഇന്ത്യന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മെയ്ക് ഇന്‍ ഇന്ത്യ അവതരണം, ഇന്ത്യയില്‍നിന്നും യുഎഇയില്‍നിന്നുമുള്ള ഓരോ കമ്പനികളുടെ അനുഭവ വിവരണം, ചോദ്യോത്തര വേദി എന്നിവയ്‌ക്കൊപ്പം ജാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ അവരുടെ സംസ്ഥാനത്തെ നിക്ഷേപ അവസരങ്ങള്‍ വിശദീകരിക്കും.

ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ ബഹുമുഖ ശക്തി പ്രദര്‍ശിപ്പിക്കുന്നതായിരിക്കും ഇന്ത്യാ പവിലിയന്‍. ഇന്ത്യയിലെ വിവിധ പദ്ധതികളും വികസനവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിക്ഷേപ സാധ്യതകളെക്കുറിച്ചുള്ള വിശദീകരണം നല്‍കുന്നതായിരിക്കും മെയ്ക് ഇന്ത്യാ സെമിനാര്‍. ഫിക്കിയുടെ 25 അംഗ പ്രതിനിധി സംഘം നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. അടിസ്ഥാന സൗകര്യം, കാര്‍ഷിക ഉല്‍പന്ന സംസ്‌കരണം, ഐടി, ഐടി അനുബന്ധ സംരംഭങ്ങള്‍ തുടങ്ങിയ മേഖലകള്‍ ചര്‍ച്ച ചെയ്യും. വ്യവസായ പ്രതിനിധികള്‍ക്ക് നിക്ഷേപകരുമായി ചര്‍ച്ച ചെയ്യാനും മറ്റുമുള്ള അവസരങ്ങളുമുണ്ടാകും.

ലോകം ഇന്ത്യയിലേക്കു തിരിയുന്നതിന്റെ വ്യക്തമായ സൂചനയാണ് യുഎഇ വാര്‍ഷിക നിക്ഷേപ സംഗമത്തില്‍ ഇന്ത്യയുടെ ശക്തമായ സാന്നിധ്യം. വിദേശ നിക്ഷേപ രംഗത്ത് ലോകത്തെ പ്രമുഖ സംഗമമായ വാര്‍ഷിക നിക്ഷേപ സംഗമത്തില്‍ (എഐഎംയുഎഇ) ഇന്ത്യക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് എഐഎംയുഎഇ പ്രസിഡന്റ് ദാവൂദ് അല്‍ ഷെസാവി പറഞ്ഞു. ഇന്ത്യ യുഎഇയുടെ ഒന്നാം പങ്കാളിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചരിത്രപരമായി മാത്രമല്ല, കുടുംബപരമായിപോലും ഇന്ത്യയുമായി യുഎഇയ്ക്ക് ശക്തമായ ബന്ധമാണുള്ളതെന്നും തന്റെ മുത്തച്ഛന്റെ കാലം മുതല്‍ കുടുംബം ഇന്ത്യയുമായി വ്യാപാരബന്ധം പുലര്‍ത്തിയിരുന്നെന്നും ദാവൂദ് അല്‍ ഷെസാവി പറഞ്ഞു.

ഇന്ത്യയുടെ നിക്ഷേപ സാഹചര്യങ്ങള്‍, വ്യവസായ വികസനം തുടങ്ങിയവ ചര്‍ച്ച ചെയ്യും. യുഎഇയിലെ വന്‍കിട കമ്പനികള്‍ ഉള്‍പ്പെടെ 130 കമ്പനികളാണ് നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുന്നത്. എഴുപത് മന്ത്രിമാരോ, ഉപമന്ത്രിമാരോ പങ്കെടുക്കുന്നുണ്ട്. കൂടാതെ ഒട്ടേറെ പ്രദര്‍ശകരുമുണ്ട്. ഇവിടെയുള്ള ഇന്ത്യന്‍ ബിസിനസ് സമൂഹം രാജ്യത്തിന്റെ വിജയത്തിന് ഒട്ടേറെ സംഭാവന ചെയ്തിട്ടുണ്ട്. യുഎഇ സര്‍ക്കാര്‍ സംരംഭങ്ങളും പ്രദര്‍ശനത്തിലുണ്ട്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും വ്യവസായികള്‍ക്കും ആശയവിനിമയം നടത്താനും നിക്ഷേപം, പങ്കാളിത്തം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും അവസരം ലഭിക്കും. ഇത്തിസലാത്ത്, ഇമാര്‍, മുബാദ് ല, ഇത്തിഹാദ് എയര്‍ലൈന്‍സ് തുടങ്ങിയ 13 വമ്പന്‍ കമ്പനികളാണ് പങ്കെടുക്കുന്നത്.

ഇവര്‍ ഇന്ത്യയില്‍ നിക്ഷേപം, വ്യവസായം നടത്തുന്നതു സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കും. ഇന്ത്യന്‍ വ്യവസായികള്‍ക്ക് ഇവിടെ നിക്ഷേപം നടത്താനുള്ള അവസരങ്ങളെക്കുറിച്ചും ചര്‍ച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വളര്‍ച്ചാനിരക്കില്‍ മുന്‍പന്തിയില്‍നില്‍ക്കുന്ന ഇന്ത്യയിലേക്കു നിക്ഷേപകരെ ക്ഷണിക്കുകയും ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് യുഎഇയില്‍ സാധ്യതകള്‍ കണ്ടെത്താന്‍ അവസരമൊരുക്കുകയുമാണു നിക്ഷേപ സംഗമം ലക്ഷ്യമാക്കുന്നതെന്ന് ദുബൈ കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 സെപ്റ്റംബറില്‍ ഉദ്ഘാടനം ചെയ്ത മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി ഇന്ത്യയിലേക്ക് നേരിട്ടുള്ള നിക്ഷേപങ്ങള്‍ ക്ഷണിക്കുന്നതിനുള്ള വാതിലാണ്. 25 മേഖലയില്‍ തൊഴില്‍ അവസരങ്ങളും നൈപുണ്യവും വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മൂലധന, സാങ്കേതിക മേഖലയില്‍ ഇന്ത്യയിലേക്ക് നിക്ഷേപം ആകര്‍ഷിക്കാനും ഇതുസഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button