ദുബായ്: മുന്‍ യു.എ.ഇ മന്ത്രിയും സന്തോഷ കാര്യ മന്ത്രി ഉഹൂദ് ഖല്ഫാന് അല്‍ റൂമിയുടെ പിതാവുമായ ഖല്ഫാന് മുഹമ്മദ് അല്‍ റൂമി അന്തരിച്ചു. 1973 മുതല്‍ വിവിധ വകുപ്പുകളില്‍ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് ഇദ്ദേഹം. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് ശേഷം ഷാര്‍ജയില്‍ നടന്നു.
1960ല്‍ ബഗ്ദാദ് സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്ത ശേഷം അധ്യാപകനായി സേവനമാനുഷ്ടിച്ചിരുന്ന ഖല്ഫാന് റൂമി 1968ല്‍ ഷാര്‍ജ നോളജ് ഡെപ്യൂട്ടി ഡയറക്ടറായി നിയമിതനായി. യു.എ.ഇ രൂപവത്കരണത്തിന് മുമ്പ് വിവിധ അറബ് രാജ്യങ്ങളില്‍ പര്യടനം നടത്തിയ നയതന്ത്ര സംഘത്തില്‍ ഇദ്ദേഹം അംഗമായിരുന്നു. 1973ല്‍ വിദ്യാഭ്യാസ മന്ത്രാലയം ഉപമന്ത്രിയായി ചുമതലയേറ്റു. 1977ല്‍ ആരോഗ്യമന്ത്രിയായി. തുടര്‍ന്ന് തൊഴില്‍ സാമൂഹിക കാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ചു.
1990ല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ചര്‍ മന്ത്രിയായി. അറബ് ജേണലിസം അവാര്‍ഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. രാജ്യത്തിന് നല്കിയ മികച്ച സേവനങ്ങള്‍ കണക്കിലെടുത്ത് 2013ല്‍ യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അദ്ദേഹത്തെ ആദരിച്ചിരുന്നു.
മുന്‍ സാമൂഹിക കാര്യ മന്ത്രി മറിയം അല്‍ റൂമി സഹോദരിയാണ്. ഖല്ഫാന് മുഹമ്മദ് അല്‍ റൂമിയുടെ നിര്യാണത്തില്‍ ഷെയ്ഖ് മുഹമ്മദും വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്ഗാഷും അനുശോചിച്ചു.
Post Your Comments