ചണ്ഡിഗഡ്: ചാവേര്‍ സംഘാംഗങ്ങളെന്നു സംശയിക്കുന്ന മൂന്നു പാകിസ്താന്‍ ഭീകരര്‍ ഇന്ത്യയില്‍ കടന്നെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഡല്‍ഹി, മുംബൈ, ഗോവ എന്നിവിടങ്ങളാകാം ആക്രമണലക്ഷ്യങ്ങളെന്നും സൂചന. ജമ്മു കശ്മീര്‍ സ്വദേശിയായ ഒരാള്‍ക്കൊപ്പം ഇവര്‍ ഇന്നു രാത്രി കശ്മീരിലെ ബനിഹാല്‍ തുരങ്കം കടക്കുമെന്നും ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് നല്‍കിയതായി പഞ്ചാബ് പോലീസ് വെളിപ്പെടുത്തി. ഇതേത്തുടര്‍ന്ന് പഞ്ചാബിലാകെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ജെകെ-01 എബി 2654 നമ്പര്‍ ചാരനിറമുള്ള മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറിലാണു ഭീകരര്‍ സഞ്ചരിക്കുന്നതെന്നും വിവരം ലഭിച്ചതോടെ വാഹനപരിശോധന ശക്തമാക്കി. ശക്തമായ ആയുധങ്ങളും വെടിക്കോപ്പുകളുമായി ഇന്ത്യയിലെത്തിയ ഇവരുടെ പക്കല്‍ ചാവേര്‍ സ്‌ഫോടനത്തിന് ഉപയോഗിക്കാവുന്ന ബെല്‍റ്റ് ബോംബുകളും ഉണ്ടെന്നും പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. പോലീസ് സ്‌റ്റേഷനുകള്‍, സൈനിക താവളങ്ങള്‍, തിരക്കേറിയ ആരാധനാലയങ്ങള്‍, വ്യാപാരകേന്ദ്രങ്ങള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വിപുലമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഭീകരാക്രമണമുണ്ടായ ഗുര്‍ദാസ്പുരിലെ ദിനാനഗറും ഇക്കൊല്ലം ജനുവരിയില്‍ ഭീകരര്‍ ആക്രമിച്ച പത്താന്‍കോട്ട് വ്യോമതാവളവും പഞ്ചാബിലാണ്.
Post Your Comments