വാഷിങ്ടണ്‍: ആയിരം വിദേശ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന വിസാ തട്ടിപ്പ് കേസില്‍ അമേരിക്കയില്‍ പത്ത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 21 പേര്‍ അറസ്റ്റില്‍. യു.എസ് ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, വാഷിങ്ടണ്‍, വിര്‍ജീനിയ എന്നിവിടങ്ങളില്‍ നിന്നും പിടിയിലായവരില്‍ ബ്രോക്കര്‍മാരും, റിക്രൂട്ടര്‍മാരും, തൊഴിലുടമകളും ഉള്‍പ്പെടും. ആയിരത്തോളം വിദേശീയരുമായി ഗൂഡാലോചന നടത്തി ന്യൂ ജേഴ്‌സി കോളേജ് ‘പേ ടു സ്‌റ്റേ’ എന്ന സ്‌കീമിലൂടെ വ്യാജ വിദ്യാര്‍ത്ഥി, വിദേശ തൊഴിലാളി വിസകള്‍ ഉണ്ടാക്കിയതിനാണ് ഇവര്‍ പിടിയിലായത്.
സാമ്പത്തിക നേട്ടത്തിനായി രാജ്യത്തിന്റെ കുടിയേറ്റ വ്യവസ്ഥയെ നിരന്തരം ചൂഷണം ചെയ്തുകൊണ്ടിരുന്ന സംഘത്തെയാണ് പിടികൂടിയതെന്ന് യു.എസ് അറ്റോര്‍ണി പോള്‍ ജെ ഫിഷ്മാന്‍ പ്രസ്താവനയില്‍ പറഞ്ഞു. ‘പേ ടു സ്റ്റെ’ സ്‌കീം നിയമപ്രകാരമുള്ള വിദ്യാര്‍ത്ഥികളുടെയും വിദേശ തൊഴിലാളികളുടെ വിസ നടപടികളെ മാത്രമല്ല ദേശീയ സുരക്ഷയെ കൂടി ബാധിക്കുന്ന കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്തേണ്‍ ന്യൂജേഴ്‌സിയിലേക്ക്(യുഎന്‍എന്‍ജെ) പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ എന്ന് കാണിച്ചാണ് വിദേശ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികള്‍ തട്ടിപ്പ് നടത്തിയത്. എന്നാല്‍ 2013 ല്‍ ഫെഡറല്‍ ഏജന്റുമാര്‍ രഹസ്യമായി ഉണ്ടാക്കിയതായിരുന്നു ഈ യൂണിവേഴ്‌സിറ്റി. ഇതിന്റെ മറവിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികളെ പിടികൂടിയത്. സ്റ്റുഡന്‍സ് ആന്റ് എക്‌സ്‌ചേഞ്ച് വിസിറ്റര്‍ പ്രോഗ്രാമുമായി (എസ്.ഇ.വി.പി)ബന്ധപ്പെട്ട് നടക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. സര്‍വകലാശാലയ്ക്ക് അധ്യാപകരോ, പാഠ്യപദ്ധതിയോ, ക്ലാസുകളോ, പഠനപ്രവര്‍ത്തനങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. ഫെഡറല്‍ ഏജന്റ് നിയമിച്ച ജീവനക്കാരുമായി ചെറിയ ഒരു കെട്ടിടത്തിലാണ് യുഎന്‍എന്‍ജെയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.
അന്വേഷണത്തിനിടയില്‍ ചൈന, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ ഇതുവഴി രാജ്യത്ത് കടന്നതായി മനസിലാക്കി. എസ്ഇവിപി അംഗീകരിച്ചിട്ടുള്ള സ്‌കൂളുകളില്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥികളുടെ വിസയിലാണ് (എഫ്-1 നോണ്‍ ഇമിഗ്രന്റ് സ്റ്റുഡന്റ് വിസ) ഇവര്‍ രാജ്യത്തെത്തിയത്.
സംഭവത്തെ തുടര്‍ന്ന്, അറസ്റ്റിലായവരുടെ തട്ടിപ്പിനിരയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ വാഷിങ്ടണിലെ ഇന്ത്യന്‍ എംബസി യുഎസ് ഗവണ്‍മെന്റുമായി ബന്ധപ്പെടുന്നുണ്ട്.
Post Your Comments