നേപ്പ്ള്‍സ്: ഇറ്റാലിയന്‍ ക്ലബ്ബ് നപ്പോളിയുടെ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഗൊണ്‍സാലൊ ഹിഗ്വെയ്‌ന് നാല് മത്സരങ്ങളില്‍ വിലക്കും 16000 പൗണ്ട് പിഴയും. ഞായറാഴ്ച ഇറ്റാലിയന്‍ ലീഗില്‍ (സീരി എ) ഉഡിനെസിനെതിരേ നടന്ന മത്സരത്തിനിടെ ചുവപ്പ് കാര്‍ഡ് കണ്ടപ്പോള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനാണ് ഹിഗ്വെയ്‌ന് ലീഗ് അധികൃതര്‍ ശിക്ഷ വിധിച്ചത്. സീസണില്‍ 30 ഗോളുകള്‍ അടിച്ചുകൂട്ടി തകര്‍പ്പന്‍ ഫോം കാഴ്ചവയ്ക്കുന്ന ഹിഗ്വെയ്‌ന് മത്സരത്തിനിടെ റഫറി മാസിമിലിയാനൊ ഇറാട്ടി രണ്ടാം മഞ്ഞക്കാര്‍ഡും തുടര്‍ന്ന് ചുവപ്പ് കാര്‍ഡും കാണിക്കുകയായിരുന്നു.
ഈ തീരുമാനത്തെ ചോദ്യം ചെയ്ത ഹിഗ്വെയ്ന്‍ റഫറിയെ തള്ളി മാറ്റുകയും തര്‍ക്കിക്കുകയുമായിരുന്നു. ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച സഹതാരങ്ങളോടും താരം കയര്‍ത്തു. ടീമിന്റെ പരിശീലക സഹായികളോടും കയര്‍ത്തുകൊണ്ടാണ് താരം ഗ്രൗണ്ട് വിട്ടത്. മത്സരത്തില്‍ ഉഡിനസിനോട് നപ്പോളി ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് കീഴടങ്ങുകയും ചെയ്തു. ഇതോടെ ലീഗ് കിരീടത്തിനായി യുവന്റസിന് കടുത്ത വെല്ലുവിളി ഉയര്‍ത്താമെന്ന നപ്പോളിയുടെ മോഹങ്ങള്‍ക്കും തിരിച്ചടിയേറ്റു. ഏഴ് മത്സരങ്ങള്‍ മാത്രം ശേഷിക്കെ ഒന്നാം സ്ഥാനക്കാരായ യുവന്റസിന് ആറ് പോയിന്റ് പിന്നിലാണ് നപ്പോളി.
ഹിഗ്വെയ്‌ന് വിലക്ക് ലഭിച്ചതോടെ ഹെല്ലാസ് വെരോണ, ഇന്റര്‍ മിലാന്‍, ബൊളൊഗ്‌ന, എഎസ് റോമ എന്നീ ടീമുകള്‍ക്കെതിരേയുള്ള വരാനിരിക്കുന്ന നാല് മത്സരങ്ങളില്‍ അര്‍ജന്റൈന്‍ താരമില്ലാതെ ഇറങ്ങേണ്ടി വരും നപ്പോളി. വീഡിയോ കാണാം…
Post Your Comments