International

കള്ളപ്പണം: ഐസ്‌ലന്റ് പ്രധാനമന്ത്രി രാജിവെച്ചു; പട്ടികയില്‍ മലയാളിയും

പനാമയില്‍ കള്ളപ്പണം നിഷേപിച്ചതായുള്ള രേഖകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ഐസ്‌ലന്റ് പ്രധാനമന്ത്രി സിഗ്മണ്ടു ഗുലാങ്സന്‍ രാജി വച്ചു. പനാമയില്‍ വ്യാജ കമ്പനിയുടെ പേരില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ പട്ടികയില്‍ തിരുവനന്തപുരം സ്വദേശിയും.

12 വര്‍ഷമായി സിംഗപൂരില്‍ താമസിക്കുന്ന ചാര്‍ട്ടേഡ് അക്കൌണ്ടന്റ് ജോര്‍ജ് മാത്യുവിന്റെ പേരാണ് പട്ടികയിലുള്ളത്. ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപുകളില്‍ നാലോളം വ്യാജ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്താണ് ഇയാള്‍ പണം നിക്ഷേപിച്ചിട്ടുള്ളത്. 12 വര്‍ഷം മുമ്പ് ഇന്ത്യ വിട്ടതിനാല്‍ ഈ നിക്ഷേപങ്ങള്‍ റിസര്‍വ് ബാങ്കിന്റെ അധികാര പരിധിയില്‍പ്പെടില്ലെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
മോസേക് ഫൊന്‍സേക കമ്പനിയില്‍ നിന്ന് പുറത്തായ രേഖകള്‍ പ്രകാരം സിഗ്മണ്ടു ഗുലാങ്സനും ഭാര്യയും ചേര്‍ന്ന് 2007ലാണ് വിന്‍ട്രിസ് എന്ന പേരില്‍ കമ്പനി സ്വന്തമാക്കുന്നത്. 2009ല്‍ പാര്‍ലമെന്റ് അംഗമായ സമയത്ത് ഈ കമ്പനിയെ സംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല. അധികാരത്തിലെത്തി 8 മാസങ്ങള്‍ക്ക് ശേഷം ഓഹരിയില്‍ പകുതിയും ഭാര്യയുടെ പേരിലേക്ക് മാറ്റുകയും ചെയ്തു.

കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായിക്കുന്ന മൊസാക് ഫൊന്‍സെക എന്ന കമ്പനിയുടെ കേന്ദ്ര ഓഫീസില്‍ നിന്നുള്ള രേഖകള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കളളപ്പണം സ്വീകരിച്ച് നികുതി ഇളവുകളുളള രാജ്യങ്ങളിലെ കമ്പനികളിലും ട്രസ്റ്റുകളിലും നിക്ഷേപിച്ച് നിക്ഷേപകര്‍ക്ക് ആനുകൂല്യങ്ങള്‍ നേടി കൊടുക്കുന്നതാണ് മൊസാക് ഫൊന്‍സെകയുടെ രീതി. ആദ്യം പുറത്തുവന്ന പട്ടികയില്‍ ഇന്ത്യയില്‍നിന്ന് നടന്‍ അമിതാബ് ബച്ചന്‍, ഐശ്വര്യ റായ്, ഡിഎല്‍എഫ് കമ്പനി ഉടമ കെ.പി. സിംഗ്, ഗൌതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, അപ്പോളോ ടയേഴ്സ് പ്രമോട്ടര്‍ സമീര്‍ ഗെഹ്ളോട്ട് എന്നിവരടക്കം 500 പേരുകളുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button