ഒരു കാലത്ത് കേരളത്തിലെ അടുക്കളയിലെ സജീവ സാന്നിധ്യമായിരുന്നു മണ്പാത്രങ്ങള്‍..ആഹാരം പാകം ചെയ്യാനും പകര്‍ത്താനും വെള്ളമൊഴിച്ചു വയ്ക്കാനും എല്ലാം മണ്പാത്രങ്ങളെയാണ് അടുക്കളയില്‍ ആശ്രയിച്ചിരുന്നത്.മഞ്ചട്ടിയില്‍ വയ്ക്കുന്ന മീന്‍ കറിയുടെ രുചിയും മണ്‍കൂജയിലെ വെള്ളത്തിന്റെ കുളിര്‍മയുമെല്ലാം ഓര്‍മ്മയായിത്തുടങ്ങിയിരിയ്ക്കുന്നു.
ഗ്യാസ് അടുപ്പുകള്‍ വന്നതോടെയാണ് മണ്പാത്രങ്ങള്‍ അപ്രത്യക്ഷമായിത്തുടങ്ങിയത്.എന്നാല്‍ ആയുര്‍വേദം ഉള്‍പ്പെടെയുള്ള ചികിത്സാരീതികളില്‍ മണ്‍പാത്രങ്ങളില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ക്ക് ഏറെ ഗുണങ്ങളും രോഗപ്രതിരോധ ശേഷിയും ഉണ്ടെന്ന കണ്ടെത്തലുകള്‍ഉണ്ടായിട്ടുണ്ട്.. കോട്ടയം ജില്ലയില്‍ മണ്‍പാത്രങ്ങള്‍ക്ക് പേരുകേട്ടത് വൈക്കപ്രയാര്‍ മേഖലയാണ്. കുറെ നാള്‍ മുന്പ് വരെ ഈ മേഖലയില്‍ നാല്‍പ്പതിലധികം കുടുംബങ്ങള്‍ പണിയെടുത്തിരുന്നു. എന്നാല്‍ ഇന്നത് എട്ട് കുടുംബങ്ങളിലേക്ക് ഒതുങ്ങിയിരിക്കുന്നത്.പുതുതലമുറ ഈ മേഖലയിലേക്ക് വരുവാന്‍ തയ്യാറാകാത്തതാണ് ഒരു കാരണം.കൂലി വര്‍ദ്ധനവ് മണ്‍പാത്രമേഖലയില്‍ കാലങ്ങളായി ഉണ്ടായിട്ടില്ല.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് ഏറെ പ്രചോദനമായി നിലകൊണ്ടിരുന്ന വൈക്കപ്രയാര്‍ മണ്‍പാത്ര വ്യവസായ സഹകരണസംഘം ഇന്ന് കാഴ്‌ചവസ്‌തുവായി മാറിയിരിക്കുകയാണ്. ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്‌ഥയിലാണ് ഈ കെട്ടിടം.
ക്ഷേത്രങ്ങളില്‍ പൊങ്കാല അര്‍പ്പണം സജീവമായതാണ് ഈ മേഖലയില്‍ അടുത്തകാലത്തുണ്ടായ ഒരു ഉണര്‍വ്വിന്കാരണം. പൊങ്കാല അടുപ്പുകളില്‍ ഉപയോഗിക്കുന്ന കലങ്ങള്‍ മണ്‍പാത്രങ്ങള്‍ ആണ്. കൂടാതെ നക്ഷത്രഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിനോദസഞ്ചാര മേഖലകളിലും ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിളംബുന്നതും മണ്‍പാത്രങ്ങളിലാണ്. ബാര്‍ ഹോട്ടലുകള്‍ക്ക് പൂട്ട് വീണതോടെ കള്ളുമാട്ടങ്ങള്‍ക്കും ഡിമാന്റേറിയിരിക്കുകയാണ്.
കൂജ, കലശക്കുടം, കറിച്ചട്ടികള്‍, ചെടിച്ചട്ടികള്‍, മണ്‍കുറ്റി എന്നിവക്കെല്ലാം ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. മണ്‍കുറ്റികളാണ് കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത്. ഇതിന് ആയുര്‍വേദമാണ് സഹായകരമാകുന്നത്. കൂടാതെ മണ്‍പാത്ര മേഖലയെ സജീവമാക്കുവാന്‍ പിന്നോക്ക സമുദായ കോര്‍പ്പറേഷന്‍ ഒരു കോടിയിലധികം രൂപയുടെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇതെല്ലാം ഈ മേഖലയെ സജീവമാക്കുമെന്ന പ്രതീക്ഷയിലാണ് ഈ മേഖലയില്‍ ഇപ്പോഴും അവശേഷിയ്ക്കുന്ന ഒരു ചെറിയ വിഭാഗം തൊഴിലാളികള്‍.
Post Your Comments