ഭരണം കൂടുതല്‍ സുതാര്യവും കാര്യക്ഷമവും ആക്കുന്നതിനായി ഗവണ്മെന്‍റ് സംവിധാനത്തിലെ പ്രയോജനകരമല്ലാത്ത സ്വയംഭരണ സ്ഥാപനങ്ങളെ ഒഴിവാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യുക എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശം നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി. ഇതനുസരിച്ച് അടച്ചുപൂട്ടുന്നതിനോ മറ്റ് സ്ഥാപനങ്ങളുമായുള്ള ലയനത്തിലൂടെ പുനഃക്രമീകരിക്കുന്നതിനോ വേണ്ടി 146 സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കിക്കഴിഞ്ഞു.
പ്രസ്തുത ലിസ്റ്റ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന്‍ ഭരണാധികാര മന്ത്രാലയങ്ങള്‍ക്കും, സെന്‍ട്രല്‍ ഡിപ്പാര്‍ട്ട്മെന്‍റുകള്‍ക്കും അയച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2016 ജൂണിന് മുമ്പ് ഈ ഉദ്യമം ലക്ഷ്യത്തിലെത്തിക്കാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ആലോചിക്കുന്നത്.
ഇപ്പോള്‍ പ്രസക്തി നഷ്ടപ്പെട്ടതോ, ഒരേതരം ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്നതോ ആയ 685 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിനോ പുനരേകീകരിക്കുന്നതിനോ ഉള്ള ശുപാര്‍ശ ഫെബ്രുവരിയില്‍ തന്നെ ഗവണ്മെന്‍റ് നിയോഗിച്ച ഒരു ‘പാനല്‍ ഓഫ് സെക്രട്ടറീസ്’ സമര്‍പ്പിച്ചിരുന്നു. അതില്‍നിന്നാണ് ഇപ്പോള്‍ 146 സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്.
കോട്ടണ്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, സെന്‍ട്രല്‍ കോട്ടേജ് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, ഹാന്‍ഡിക്രാഫ്റ്റ്സ് ആന്‍ഡ് ഹാന്‍ഡ്‌ലൂംസ് എക്സ്പോര്‍ട്ട് കോര്‍പറേഷന്‍ എന്നിവ പുനരേകീകരിക്കപ്പെടും എന്ന്‍ സൂചനകളുണ്ട്.
മൈക്രോ, സ്മാള്‍ ആന്‍ഡ് മീഡിയം എന്‍റര്‍പ്രൈസസ് മന്ത്രാലയത്തിന്‍റെ കീഴിലുള്ള 18 സ്വയംഭരണ സ്ഥാപനങ്ങളുടെ കര്‍ത്തവ്യം, പ്രകടനം എന്നിവ വിലയിരുത്തലുകള്‍ക്ക് വിധേയമാകും. ഇവയില്‍ സെന്‍ട്രല്‍ ടൂള്‍ റൂം ആന്‍ഡ് ട്രെയിനിംഗ് സെന്‍റര്‍, സെന്‍ട്രല്‍ ടൂള്‍ റൂം, സെന്‍ട്രല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ടൂള്‍ ഡിസൈന്‍, ടൂള്‍ റൂം ആന്‍ഡ് ട്രെയിനിംഗ് സെന്‍റര്‍ എന്നിവ ഉള്‍പ്പെടുന്നു.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് വര്‍ക്കേഴ്സ് എഡ്യൂക്കേഷന്‍, ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് എംപ്ലോയ്മെന്‍റ് ആന്‍ഡ് ട്രെയിനിംഗ് (ഡി.ജി.ഇ&ടി), ഡയറക്റ്ററേറ്റ് ജനറല്‍ ഫാക്റ്ററി അഡ്വൈസ് സര്‍വ്വീസ് ആന്‍ഡ് ലേബര്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട്സ് (ഡി.ജി.എഫ്.എ.എസ്.എല്‍.ഐ), ഇന്ത്യാ ലേബര്‍ ആര്‍ക്കൈവ്സ് (ഐ.എല്‍.എ), ലേബര്‍ ബ്യൂറോ ആന്‍ഡ് നാഷണല്‍ അക്കാദമി ഫോര്‍ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ സോഷ്യല്‍ സെക്യൂരിറ്റി (എന്‍.എ.ടി.ആര്‍.എ.എസ്.എസ്) എന്നീ സ്ഥാപനങ്ങളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഒരേതരം ഉത്തരവാദിതത്വങ്ങള്‍ വഹിക്കുന്ന സ്ഥാപനങ്ങളെ ലയിപ്പിച്ച് ഒരു പ്രധാന സ്ഥാപനം ആക്കിമാറ്റുക എന്ന മാര്‍ഗ്ഗമാണ് ഗവണ്മെന്‍റ് പുനരേകീകരണത്തിനായി സ്വീകരിക്കുക.
Post Your Comments