Gulf

അറബിക് സംഗീത റിയാലിറ്റി ഷോയില്‍ താരമായി മലയാളി പെണ്‍കുട്ടി

ഷാര്‍ജ: അറബിക് സംഗീത റിയാലിറ്റി ഷോയില്‍ താരമായി മാറിയ മലയാളി പെണ്‍കുട്ടി മലയാളികള്‍ക്ക് മാത്രമല്ല രാജ്യത്തിനാകെ അഭിമാനമായി മാറുന്നു. ഷാര്‍ജ ജെംസ് മില്ലെനിയം സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ഥിനിയായ മീനാക്ഷി ജയകുമാറാണ് ഷാർജ ടി.വി.യുടെ ‘മുൻഷിദ് ഷാർജ’ എന്ന അറബിക് സംഗീത റിയാലിറ്റി ഷോയിൽ ഒന്നാം സമ്മാനാർഹയായി അറബ് ജനതയ്ക്ക് പോലും വിസ്മയമായി മാറിയിരിക്കുന്നത്. അറബി സംഗീതാലാപനത്തില്‍ മികവുറ്റ പ്രകടനം കാഴ്‌വെച്ചാണ് വ്യാഴാഴ്ച രാത്രി നടന്ന ഫൈനല്‍ റൗണ്ടില്‍ മീനാക്ഷി വിജയിച്ചത്. യു.എ.ഇ സുപ്രീം കൌൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ്‌ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്‌ അൽ ഖാസിമിയിൽ നിന്ന് ഉപഹാരവും വിജയകിരീടവും ഏറ്റുവാങ്ങിയപ്പോൾ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് അതൊരു അഭിമാനനിമിഷമായി മാറി.

ഷാര്‍ജ ടി.വിയുടെ കുട്ടികള്‍ക്കായുള്ള അറബ് ഗാന മല്‍സരമായ മുന്‍ഷിദ് ഷാര്‍ജയുടെ എട്ടാം എഡിഷനിലാണ് മീനാക്ഷി ജേതാവായത്. നാനൂറ്റി അൻപതിലേറെ മത്സരാർത്ഥികൾ പങ്കെടുത്ത മത്സരങ്ങളിൽ നിന്നും അവസാന റൗണ്ടിലെത്തിയ എട്ടു പേരിൽ മീനാക്ഷി മാത്രമായിരുന്നു ഒരേയൊരു ഇന്ത്യക്കാരി. മത്സരത്തില്‍പങ്കെടുക്കുന്ന അറബിവംശജയല്ലാത്ത ഏക മത്സരാര്‍ഥിയും മീനാക്ഷിതന്നെ. 91 രാജ്യങ്ങളില്‍ നിന്നായി 1,14,251 വോട്ടാണ് മീനാക്ഷിയ്ക്ക് ലഭിച്ചത്.

MEENAKSHI01

യു.എ.ഇ.യില്‍ എന്‍ജിനീയറായ എറണാകുളം അങ്കമാലി സ്വദേശി ജയകുമാറിന്റെയും ആയുര്‍വേദ ഡോക്ടറും സംഗീതജ്ഞയുമായ രേഖയുടേയും മകളാണ് മീനാക്ഷി. അഞ്ചുവര്‍ഷമായി അബുദാബിയില്‍ ദിവ്യ വിമലിന്റെ കീഴില്‍ സംഗീതം അഭ്യസിച്ചുവരികയാണ് മീനാക്ഷി. സോപാനസംഗീതമായ അഷ്ടപദി ആലപിക്കുന്ന യു.എ.ഇ.യിലെ അപൂര്‍വം ഗായകരില്‍ ഒരാള്‍കൂടിയാണ് മീനാക്ഷി.

shortlink

Related Articles

Post Your Comments

Related Articles


Back to top button