കൊല്ലം: സ്‌ത്രീവേഷത്തിലും ആക്രി പെറുക്കലിന്റെ മറവിലും കവര്‍ച്ച നടത്തിയിരുന്ന യുവാക്കള്‍ പിടിയില്‍. പെണ്‍വേഷത്തില്‍ ക്ഷേത്രങ്ങളിലും തീവണ്ടിയിലും മോഷണം നടത്തുന്ന രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.അംബാസമുദ്രം പാത്താംകുളം നാടാര്‍ തെരുവില്‍ സുബ്രഹ്‌മണ്യന്‍ (38), പകല്‍ ആക്രി പെറുക്കലും രാത്രി മോഷണവും നടത്തിയിരുന്ന പത്തനാപുരം ഏരുര്‍ ആലുംചേരി പണ്ടാരക്കുളം വാഴവിള പുത്തന്‍വീട്ടില്‍ ഷാജി (42)യുമാണ് അറസ്‌റ്റിലായത്.
കൊല്ലം വടയാറ്റുകോട്ട ഉണിച്ചെക്കം ക്ഷേത്രത്തിന് സമീപം സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇവരെ പിടികൂടി ചോദ്യം ചെയ്‌തപ്പോഴാണ് മോഷണത്തിനായി എത്തിയതാണെന്ന് മനസ്സിലാക്കിയത്. ഷട്ടറുകളുടെ പൂട്ട് പൊളിക്കാനുള്ള ആയുധം പിടിയിലാകുമ്പോള്‍ ഇവരുടെ കൈവശം ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇരുവരും മോഷണത്തിന് നിരവധി തവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
സ്‌ത്രീകളുടെ വേഷത്തില്‍ സഞ്ചരിച്ച് കവര്‍ച്ച നടത്തിയിരുന്ന സുബ്രഹ്‌മണ്യനെതിരേ തമിഴ്‌നാട്ടിലും കേരളത്തിലും കേസുകളുണ്ട്. ട്രെയിനുകളാണ് ഇയാള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.ചുരിദാര്‍ ധരിച്ചു കംപാര്‍ട്ട്‌മെന്റിന്റെ ശുചിമുറിക്ക് സമീപം നിന്ന് പുരുഷയാത്രക്കാരെ വശീകരിച്ചായിരുന്നു മോഷണം. ഈ രീതിയില്‍ ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ കയറി ഉറങ്ങുന്ന യാത്രക്കാരേയും കവര്‍ച്ചയ്‌ക്കിരയാക്കിയിട്ടുണ്ട്. പണത്തിന് പുറമേ മൊബൈലുകളും ആഭരണങ്ങളും വിലകൂടിയ പഴ്‌സുകളുമെല്ലാം സുബ്രഹ്‌മണ്യന്റെ വീക്ക്‌നെസ്സാണ്.പള്ളിത്തോട്ടത്തും വാടിയിലുമായി താമസിക്കുന്ന ഷാജി പകല്‍ ആക്രി പെറുക്കലും രാത്രി മോഷണവുമാണ് പരിപാടി. പകല്‍ മോഷണം നടത്തേണ്ട വീടുകള്‍ ആക്രി പെറുക്കലിനിടയില്‍ കണ്ടുവെയ്‌ക്കും. തുടര്‍ന്നാണ് ഷാജി മോഷണം നടത്തുന്നത്
Post Your Comments