ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണം നടത്തിയ പാക് വംശജരെകുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ഇന്ത്യ പാക് സംഘത്തിന് കൈമാറി. പാകിസ്ഥാനിലെ പഞ്ചാബ്, സിന്ധ് പ്രവിശ്യകളില്‍ നിന്നുള്ള നാലുപേരുടെ വിവരങ്ങളാണ് എന്‍.ഐ.എ കൈമാറിയത്. നസീര്‍ ഹുസൈന്‍, ഹഫീസ് അബൂബക്കര്‍, ഉമര്‍ ഫറൂഖ്, അബ്ദുള്‍ ഖയൂം എന്നിവരുടെ വിവരങ്ങളാണ് നല്‍കിയത്. ഡി.എന്‍.എ പരിശോധനക്കായി ഇവരുടെ ബന്ധുക്കളുടെ വിവരങ്ങള്‍ കൈമാറണമെന്നും എന്‍.ഐ.എ പാക് സംഘത്തോട് ആവശ്യപ്പെട്ടു.
പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള കാശിഷ് ജാന്‍, ശഹീദ് ലത്തീഫ് എന്നിവരാണ് പാകിസ്ഥാനില്‍ നിന്നും ആക്രമണം നടത്തിയ സംഘത്തെ നിയന്ത്രിച്ചത്. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങളില്‍നിന്നാണ് ഇവരെക്കുറിച്ചുള്ള തെളിവുകള്‍ ലഭിച്ചതെന്നും ഇന്ത്യ പാകിസ്ഥാനെ അറിയിച്ചു.
ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസറിനെ ചോദ്യം ചെയ്യാന്‍ അവസമൊരുക്കണമെന്നും ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഇന്ത്യയിലെത്തി തെളിവെടുപ്പ് നടത്താന്‍ അവസരമൊരുക്കിയതിന് പ്രത്യുപകാരമെന്ന നിലയിലാണ് ഈ ആവശ്യം മുന്നോട്ടുവച്ചിട്ടുള്ളത്. ഇതില്‍ തീരുമാനമെടുക്കേണ്ടത് പാകിസ്ഥാന്‍ സര്‍ക്കാരാണ്.
എന്‍.ഐ.എ നല്‍കിയ ശാസ്ത്രീയ തെളിവുകള്‍ പാകിസ്ഥാന്‍ സംഘം ഇതുവരെയും നിരാകരിച്ചിട്ടില്ല. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന പാക് സംഘം കഴിഞ്ഞ മൂന്നു ദിവസമായി പത്താന്‍കോട്ട് തെളിവെടുപ്പ് നടത്തുകയാണ്്.
Post Your Comments