KeralaNews

യോഗ്യതയില്ലാത്ത ഹോട്ടലുകളില്‍ ബിയര്‍-വൈന്‍ പാര്‍ലറുകള്‍

തൃശൂര്‍:സംസ്ഥാനത്ത് വീണ്ടും ബാര്‍ കുംഭകോണം. ത്രീ സ്റ്റാര്‍ പദവിയില്ലാത്ത ഹോട്ടലുകളില്‍ ബിയര്‍-വൈന്‍ പാര്‍ലര്‍ ആരംഭിക്കുന്നതിന് എക്സൈസ് മന്ത്രി വളഞ്ഞ വഴിയിലൂടെ അനുമതി നല്‍കി. കേന്ദ്ര ടൂറിസം വകുപ്പ് നടത്തിയ പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ത്രീ സ്റ്റാര്‍ പദവി പുതുക്കി നല്‍കാതിരുന്ന 14 ഹോട്ടലുകളിലാണ് ബിയര്‍-വൈന്‍ പാര്‍ലര്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ ബാര്‍ കുംഭകോണം വരും തെരഞ്ഞെടുപ്പില്‍ മുഖ്യപ്രചാരണ വിഷയമായി പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തുന്നതിനിടെയാണ് എക്സൈസ് മന്ത്രിയുടെ പുതിയ നീക്കം.

എസ്.എന്‍.ഡി.പിയുടെയും എസ്.ആര്‍.പിയുടെയും നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന തൃശൂരിലെ പ്രമുഖ അബ്കാരിയുടെ എറണാകുളം കലൂരിലുള്ള ഹോട്ടലിനും പ്രമുഖ വാഹനവ്യവസായ ഗ്രൂപ്പിന്റെ പുത്തന്‍കുരിശിലും വാഴക്കുളത്തുമുള്ള ഹോട്ടലുകള്‍ക്കുമടക്കം ബിയര്‍ -വൈന്‍ പാര്‍ലര്‍ അനുവദിച്ചത് അബ്കാരി ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണെന്ന് ആരോപണമുയര്‍ന്നുകഴിഞ്ഞു. തെരഞ്ഞെടുപ്പ് ഫണ്ടും വോട്ടുബാങ്കും ലക്ഷ്യമാക്കിയാണ് മന്ത്രിയുടെ നടപടിയെന്നും ആരോപണമുണ്ട്. വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ടൂറിസം മന്ത്രാലയമാണ് ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കുന്നത്. ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അപ്രൂവല്‍ ആന്‍ഡ് ക്ലാസിഫിക്കേഷന്‍ കമ്മിറ്റി (എച്ച്.ആര്‍.എ.സി.സി.) എന്ന വിദഗ്ധ സമിതിയാണ് ഹോട്ടലുകള്‍ പരിശോധിച്ച് നക്ഷത്ര പദവി അനുവദിക്കുന്നത്.

എച്ച്.ആര്‍.എ.സി.സി. ചെയര്‍മാന്‍, കേന്ദ്ര ടൂറിസം മന്ത്രാലയത്തിലെ മെമ്പര്‍ സെക്രട്ടറി, സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി, ഹോസ്പിറ്റാലിറ്റി എക്സ്പെര്‍ട്ട്, ട്രാവല്‍ ട്രെയ്ഡ് പ്രതിനിധി തുടങ്ങിയവരുടെ സംഘമാണ് സമിതിയിലെ അംഗങ്ങള്‍. ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട നിലവാരം ഹോട്ടലുകള്‍ക്കുണ്ടോ എന്നാണ് സംഘം പരിശോധിക്കുക. മുറികളുടെ വലിപ്പം, കുളിമുറികളുടെ സ്വകാര്യത, കളര്‍ ടെലിവിഷന്‍, ടെലിഫോണ്‍ സൗകര്യം, റഫ്രിജറേറ്റര്‍, സുരക്ഷാ സജ്ജീകരണ സംവിധാനങ്ങള്‍, ദിവസേന റൂം ബോയ് സര്‍വീസ്, 24 മണിക്കൂറും ഫ്രണ്ട് ഓഫിസ് അസിസ്റ്റന്‍സ്, ലോബി, ബിസിനസ് ക്ലബ്, ഹെല്‍ത്ത് ക്ലബ്, ഡ്രൈ ക്ലീനിങ് തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടോ എന്നാണ് നോക്കുന്നത്.
എല്ലാ ക്ലാസിഫൈഡ് ഹോട്ടലുകളും അവരുടെ ക്ലാസിഫിക്കേഷന്‍ നിലവാരം വെബ്സൈറ്റിന്റെ മുഖ്യപേജിലും പ്രചാരണ സാമഗ്രികളിലും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണമെന്നും കേന്ദ്ര ടൂറിസം മന്ത്രാലയം നിബന്ധന ചെയ്യുന്നു. ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും സമിതി പരിശോധന നടത്തി ലൈസന്‍സ് പുതുക്കണമെന്നാണ് ചട്ടം. എന്നാല്‍, സമിതിയുടെ പരിശോധനയ്ക്കുശേഷം ഈ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. അതനുസരിച്ച് പുതിയ അബ്കാരി വര്‍ഷം മുതല്‍ ബാര്‍ പാര്‍ലറുകള്‍ പൂട്ടണം. എന്നാല്‍ മന്ത്രി വഴി ഉടമകള്‍ പാര്‍ലറുകള്‍ തുടരുന്നതിന് അനുമതി നേടി. പുതിയ അബ്കാരി വര്‍ഷം തുടങ്ങുന്ന നാളെ തന്നെ ഈ ഹോട്ടുകളില്‍ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുടരുന്നതിന് അബ്കാരി ചട്ടങ്ങള്‍ ലംഘിച്ച് അനുമതി നല്‍കുകയായിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്ന് എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അതു മറികടന്നായിരുന്നു നടപടി.

അബ്കാരി ചട്ടപ്രകാരം ത്രീ സ്റ്റാര്‍ പദവി മുതലുള്ള ഹോട്ടലുകള്‍ക്ക് മാത്രമേ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിക്കാവൂ. എന്നാല്‍, ഇതില്‍ ചില ഇളവുകള്‍ അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. വിദേശികളടക്കം ധാരാളം വിനോദസഞ്ചാരികളെത്തുന്ന സ്ഥലങ്ങളില്‍ ടു സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബിയര്‍-വൈന്‍ പാര്‍ലര്‍ അനുവദിക്കാന്‍ പ്രത്യേക ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. കെ.ടി.ഡി.സി. ഹോട്ടലുകള്‍ക്കാണ് ഈ ഇളവുകള്‍ അനുവദിക്കുന്നത്. സ്വകാര്യ ഹോട്ടലുകള്‍ക്ക് ഈ അനുമതി നല്‍കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. എന്നാല്‍, ഇതേ മാനദണ്ഡമുപയോഗിച്ച് ലൈസന്‍സ് പുതുക്കാത്ത ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും അനുമതി നല്‍കാന്‍ മന്ത്രി പ്രത്യേക താല്പര്യമെടുക്കുകയായിരുന്നു. –

shortlink

Related Articles

Post Your Comments

Related Articles


Back to top button