NewsFootballSports

ലോകകപ്പ് യോഗ്യത: ലാറ്റിനമേരിക്കയില്‍ ഒരു വമ്പന് ജയം, മറ്റെയാള്‍ക്ക് സമനിലകുരുക്ക്; മെസ്സിക്ക് കരിയറില്‍ മറ്റൊരു നാഴികക്കല്ല്

റഷ്യയില്‍ 2018-ല്‍ നടക്കാനിരിക്കുന്ന ഫുട്ബോള്‍ ലോകകപ്പിന്‍റെ ലാറ്റിനമേരിക്കന്‍ മേഖലാ യോഗ്യതാ മത്സരങ്ങളുടെ ആറാം റൗണ്ടില്‍ കരുത്തന്‍മാരായ അര്‍ജന്‍റീന വിജയിച്ചപ്പോള്‍, മറ്റൊരു വമ്പനായ ബ്രസീല്‍ സമനിലകുരുക്കില്‍ അകപ്പെട്ടു.

അര്‍ജന്‍റീനയിലെ കോര്‍ഡോബയില്‍ മാരിയോ കെംപസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബൊളീവിയയെയാണ് മെസ്സിയുടെ ടീം തകര്‍ത്തുവിട്ടത്. മത്സരത്തിന്‍റെ 20-ആം മിനിറ്റില്‍ ഗബ്രിയേല്‍ മെര്‍ക്കാഡോയും 30-ആം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ മെസ്സിയുമാണ്‌ അര്‍ജന്‍റീനയുടെ ഗോളുകള്‍ നേടിയത്. ഇന്നത്തെ ഗോളോടെ അര്‍ജന്‍റീനയ്ക്ക് വേണ്ടി രാജ്യാന്തര മത്സരങ്ങളില്‍ 50 ഗോളുകളെന്ന നാഴികക്കല്ലും മെസ്സി പിന്നിട്ടു. 78 മത്സരങ്ങളില്‍ നിന്ന്‍ 56 ഗോളുകള്‍ നേടിയ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ ദേശീയ റെക്കോര്‍ഡ് ലക്ഷ്യമാക്കിയാണ് മെസ്സി കുതിക്കുന്നത്.

പരാഗ്വേയിലെ അസന്‍ഷിയനില്‍ ചാകോ സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തിലാണ് രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്നിരുന്ന ബ്രസീല്‍ സമനില പിടിച്ചു വാങ്ങിയത്. പരാഗ്വേയ്ക്കായി 40-ആം മിനിറ്റില്‍ ഡാരിയോ ലെസ്കാനോയും 49-ആം മിനിറ്റില്‍ എഡ്ഗാര്‍ ബെനിറ്റസും ഗോള്‍ നേടിയതോടെ പരാജയം മണത്ത ബ്രസീല്‍ രണ്ടും കല്‍പ്പിച്ച് ആക്രമിച്ച് കളിച്ചു. ഇതിന്‍റെ ഫലമായി 79-ആം മിനിറ്റില്‍ റിക്കാര്‍ഡോ ഒലിവേരയും കളിതീരാന്‍ സെക്കന്‍റുകള്‍ മാത്രം ബാക്കിനില്‍ക്കേ ഡാനി ആല്‍വെസും ബ്രസീലിനായി ഗോള്‍ നേടി. തോല്‍വിയുടെ വക്കില്‍ നിന്ന് ഉജ്ജ്വലമായി തിരിച്ചു വന്ന കാനറികള്‍ ഒരു പോയിന്‍റും കീശയിലാക്കിയാണ് മടങ്ങുന്നത്.

മേഖലയിലെ മറ്റു മത്സരങ്ങളില്‍ കൊളംബിയ ഇക്വഡോറിനെ 3-1 നും ഉറുഗ്വേ പെറുവിനെ 1-0 നും ചിലി വെനെസ്വേലയെ 4-1 നും പരാജയപ്പെടുത്തി. ആറു റൌണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ 13 പോയിന്‍റോടെ ഉറുഗ്വേ ഒന്നാം സ്ഥാനത്തും, അത്രതന്നെ പോയിന്‍റുണ്ടെങ്കിലും ഗോള്‍ശരാശരിയുടെ അടിസ്ഥാനത്തില്‍ ഇക്വഡോര്‍ രണ്ടാം സ്ഥാനത്തുമാണ്. തുടരെ മൂന്നു ജയങ്ങള്‍ നേടിയ അര്‍ജന്‍റീന മൂന്നാം സ്ഥാനത്തും ചിലി നാലാം സ്ഥാനത്തുമാണ്. അവസാന യോഗ്യതാസ്ഥാനമായ അഞ്ചാമത് കൊളംബിയ ഇടംപിടിച്ചപ്പോള്‍ ബ്രസീല്‍ ആറാമതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button