Parayathe VayyaWriters' Corner

കണ്ണടച്ച് ഇരുട്ടാക്കുന്നവർക്കും ഉള്ളിൽ പ്രകാശം തെളിയുമ്പോൾ .. കാണാതെ പോകരുത് ഒരു ഭാരതീയനും ഈ വികസനങ്ങൾ

പറയാതെ വയ്യ.
സുജാതാ ഭാസ്കര്‍

നാളിതുവരെ രാജ്യം കാണാത്ത തരത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളും ജനക്ഷേമ പദ്ധതികളുമായി മുന്നോട്ടുപോകുന്ന മോദിയെ രാഷ്ട്രീയമായി നേര്‍ക്കുനേര്‍ നേരിടാന്‍ കഴിയാത്ത ഇടതു വലതു പ്രതിപക്ഷ പാര്‍ട്ടികള്‍ ആക്രമിക്കുന്നത് ഇല്ലാത്ത അസഹിഷ്ണുതയും, ഇല്ലാത്ത ന്യൂനപക്ഷ ദളിത പീഡനങ്ങളും ബിജെപി ഭരണമല്ലാത്ത ചില സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട ചില സംഭവങ്ങളും ഉയര്‍ത്തിക്കാട്ടിയാണ്.ജനകീയ വിഷയങ്ങള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉന്നയിച്ച് ക്രിയാത്മക പ്രതിപക്ഷമായി തുടരാതെ പകരം ചെറിയ ചെറിയ വിഷയങ്ങള്‍ക്കായി കോടിക്കണക്കിനു രൂപ നഷ്ടം വരുത്തി സഭ തടസ്സപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടു വരുന്നത്.അഴിമതി, വിലക്കയറ്റം, വികസനം, സാമൂഹ്യക്ഷേമം, വിദേശമൂലധനനിക്ഷേപം, പണപ്പെരുപ്പം, ആഭ്യന്തരവളര്‍ച്ച. ഇത്തരം വിഷയങ്ങളിലെ ചര്‍ച്ചകളില്‍ നിന്നെല്ലാം പ്രതിപക്ഷ കക്ഷികള്‍ മനപ്പൂര്‍വ്വം ഒളിച്ചോടുകയാണ്.സത്യത്തില്‍ ഇന്ത്യയിലെ ജനങ്ങളോട് ചെയ്യുന്ന ദ്രോഹമാണ് ഇതെല്ലാം.

അറുപതു വര്‍ഷത്തോളം ഇന്ത്യയെ ഭരിച്ചു ഇന്ത്യുടെ വളര്‍ച്ച തടയത്തക്ക തരത്തിലുള്ള അഴിമതി നടത്തി അതിന്റെ കൊടുമുടിയിലെത്തിയവര്‍ക്ക് പോലും ഇപ്പോള്‍ അസഹിഷ്ണുത എന്നത് വിരോധാഭാസം അല്ലെ? അഴിമതിക്കെതിരെ പ്രഖ്യാപിത നിലപാട് സ്വീകരിച്ച സര്‍ക്കാരാണ് നരേന്ദ്രമോഡി സര്‍ക്കാര്‍.അതിനു ശേഷം വിലക്കയറ്റം ഗണ്യമായി പിടിച്ചു നിര്‍ത്താനായി.ജനകീയമായ പല പദ്ധതികളും പ്രഖ്യാപിക്കുകയും ഒട്ടും കാലതാമസം ഇല്ലാതെ അവയൊക്കെ നടപ്പിലാക്കുകയും ചെയ്തു. അന്ത്യശ്വാസം വലിച്ചു തുടങ്ങിയ പോസ്റ്റ്‌ ഓഫീസിനു സുകന്യ സമൃദ്ധി പോലെയുള്ള പദ്ധതികൾ മൂലം പുതുജീവാൻ വെച്ചു. പ്രധാനമന്ത്രി സുരക്ഷാ യോജന, അടല്‍ പെന്‍ഷന്‍ പദ്ധതി, ജീവന്‍ ജ്യോതി യോജന തുടങ്ങിയവ പാവപ്പെട്ടവരെ ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവന്ന ശ്രദ്ധേയ പദ്ധതികളാണ് .ഓട്ടോറിക്ഷ തൊഴിലാളികള്‍ ഉള്‍പ്പെടെ അസംഘടിത മേഖലയിലെ തൊഴിലാളികളെ ഇഎസ്‌ഐ പരിധിയില്‍ കൊണ്ടുവന്നത് ആ മേഖലയില പ്രവർത്തിക്കുന്നവർക്ക് വളരെയേറെ ആശ്വാസം പകരുന്ന ഒന്നാണ്.

പിഎഫ് പെന്‍ഷന്‍ മിനിമം ആയിരം രൂപയാക്കി വര്‍ധിപ്പിച്ചതും താഴ്ന്നവരുമാനക്കാരായ അഭ്യസ്തവിദ്യര്‍ക്കായുള്ള മുദ്രാബാങ്ക് സഹായം, ഡിജിറ്റല്‍ ഇന്ത്യ ശ്യാമപ്രസാദ് റൂര്‍ബന്‍ മിഷന്‍,എന്നിവ രാജ്യത്തെ സാമ്പത്തിക അസന്തുലിതാവസ്ഥയില്‍ പ്രകടമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന തീരുമാനങ്ങളും പദ്ധതികളുമാണ്.ഈ ഏപ്രില്‍ ഒന്ന് മുതല്‍ ഭാരതത്തില്‍ ഇതാദ്യമായി കേരളത്തിലെ എല്ലാ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും അവരുടെ വേതനം ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്നു.ബിപിഎല്‍ കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് സൗജന്യനിരക്കില്‍ നല്‍കുന്ന ഗ്യാസ് കണക്ഷൻ പദ്ധതിയാണ് ഉജ്ജ്വല്‍ യോജന. ഗാന്ധിജിയുടെ കാലംതൊട്ടെ ശുചിത്വ ഭാരതം ചര്‍ച്ചയാണെങ്കിലും മോഡി സര്ക്കാരിന്റെ സ്വച്ച് ഭാരത്‌ വളരെയേറെ ശ്രദ്ധ നേടുകയു പദ്ധതി വിജയമാകുകയും ചെയ്തു.2019 ഓടെ പന്ത്രണ്ട് കോടി ശൗചാലയങ്ങള്‍ രാജ്യവ്യാപകമായി നിര്‍മിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയിലൂടെ സാങ്കേതിക വിദ്യാ കൈമാറ്റമുള്‍പ്പെടെ വന്‍ തൊഴിലവസരങ്ങളാണ് ലഭിക്കുന്നത്.

കാര്‍ഷിക മേഖലയിലേക്കായി ജലസേചനം ഉള്പ്പെടെ 55000 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്.കര്‍ഷകര്‍ക്ക് രണ്ടുകോടി പുതിയ പമ്പ് സെറ്റുകള്‍ വിതരണം ചെയ്യാനും ആവശ്യമായ വൈദ്യുതി സൗജന്യനിരക്കില്‍ ലഭ്യമാക്കാന്‍ 76000 കോടി രൂപയും നീക്കിവെച്ചുകഴിഞ്ഞു.ഫസല്‍ യോജന വഴി മുഴുവന്‍ കര്‍ഷകരേയും വിള ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു.റോഡ് വികസനത്തില്‍ പ്രതിദിനം 18 കി.മീ. റോഡ് നിര്‍മിച്ചു ചരിത്രം സൃഷ്ടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ആവശ്യം വേണ്ട മരുന്നുകളെ വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും പൊതുജനാരോഗ്യത്തിന് ദോഷകരമായ 343 മരുന്ന സംയുക്തങ്ങള്‍ നിരോധിച്ചുകൊണ്ടും ധീരമായ നടപടികളാണ് കേന്ദ്രസർക്കാർ എടുത്തത്.ദരിദ്രവിഭാഗങ്ങള്‍ക്കുള്ള ആരോഗ്യസുരക്ഷാ പദ്ധതിയും വൃക്കരോഗികള്‍ക്ക് ജില്ലകള്‍ തോറും ആരംഭിക്കുന്ന ഡയാലിസിസ് കേന്ദ്രങ്ങളും ജീവന്‍ രക്ഷാമരുന്നുകള്‍ ജന്‍ഔഷധിക്ക് കീഴില്‍ 3000 കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കാനുള്ള പദ്ധതിയും ആരംഭിച്ചു കഴിഞ്ഞു.രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 7.6 ശതമാനമായി ഉയര്‍ന്നതും കയറ്റുമതി 33 ശതമാനമായി വര്‍ധിച്ചതും വ്യാപാര കമ്മി 106.8 ബില്യണ്‍ ഡോളറായി കുറഞ്ഞതുമെല്ലാം സര്ക്കാരിന്റെ മികവിനെ ചൂണ്ടിക്കാണിക്കുന്നു

.2022 ആവുമ്പോഴേക്കും എല്ലാവര്‍ക്കും വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ഭവനനിര്‍മാണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സുതാര്യമാക്കി.ആഗോളമാന്ദ്യത്തിലും പിടിച്ചുനില്‍ക്കുന്ന ഒരേയൊരു രാജ്യം ഭാരതം മാത്രം എന്നത് ഓരോ ഭാരതീയനും അഭിമാനിക്കാന്‍ വക നല്‍കുന്നു.കഴിഞ്ഞ ഇരുപത്തിരണ്ട് മാസക്കാലംകൊണ്ട് രാജ്യം സാധിച്ചെടുത്തിട്ടുള്ളത് ലോകരാജ്യങ്ങൾ പോലും വാഴ്ത്തുന്ന തരത്തിലുള്ള വികസനങ്ങൾ ആണ്.അതുകൊണ്ട് തന്നെ കാണാതെ പോകരുത് ഒരു ഭാരതീയനും ഈ വികസനങ്ങൾ. കണ്ണ് തുറന്നു പിടിച്ചു നോക്കിയാൽ നിങ്ങൾക്കും കാണാം ഈ മാറ്റം..

shortlink

Related Articles

Post Your Comments

Related Articles


Back to top button