ഇത്രമാത്രം കുത്തഴിഞ്ഞതായിരുന്നോ നമ്മുടെ ആരോഗ്യരംഗം. നമ്മുടെ പിഞ്ചോമകള്ക്ക് ഉള്‍പ്പെടെ നാം സ്ഥിരമായി ഉപയോഗിക്കാറുണ്ടായിരുന്ന പല മരുന്നുകളിലും അടങ്ങിയിരുന്ന സംയുക്തങ്ങള്‍ ലോകത്ത് മറ്റൊരിടത്തും ഉപയോഗത്തില്‍ ഇല്ലാത്തതാണെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലാണ് വിവിധ മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് പഠനം നടത്തിയ വിദഗ്ദസമിതി നടത്തിയത്. വിദഗ്ദസമിതിയുടെ ശുപാര്‍ശയെത്തുടര്‍ന്ന് 344 മരുന്നുസംയുക്തങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. അപ്പോള്‍ മാത്രമാണ് നാം ഇതുവരെ നമ്മുടെ ആരോഗ്യകാര്യത്തില്‍ എത്ര അജ്ഞരായിരുന്നു എന്ന കാര്യം വെളിപ്പെടുന്നത്.
സമിതിയുടെ കണ്ടെത്തലുകള്‍ അടങ്ങിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയില്‍ ഉപയോഗത്തിലുള്ള പല ഔഷധ സംയുക്തങ്ങളും യാതൊരു ശാസ്ത്രീയയുക്തിയും ഇല്ലാത്തവയും, മനുഷ്യശരീരത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നവയുമാണെന്നാണ്. ജീവല്‍ഭീഷണി ഉയര്‍ത്തുന്ന വിഷാംശങ്ങള്‍ വരെ ഈ ഔഷധ സംയുക്തങ്ങളില്‍ അടങ്ങിയിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ അമ്പരപ്പിക്കുന്ന കണ്ടെത്തലുകളെ പല മരുന്നു കമ്പനികളും ചോദ്യം ചെയ്യുമെന്ന് പറയുന്നുണ്ടെങ്കിലും, കമ്പനികളുടെ ന്യായവാദങ്ങള്‍ വിദഗ്ദസമിതി റിപ്പോര്‍ട്ടിനു മുന്നില്‍ വിലപ്പോവുന്നയല്ല. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയെക്കൊണ്ട് പൊതുജനങ്ങളുടെ പല അജ്ഞതകളും ദൂരീകരിക്കുന്ന പ്രസ്തുത റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയത്. മരുന്നുകമ്പനികളുടെ ഔഷധസംയുക്ത ഉപയോഗങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ രൂക്ഷമായപ്പോള്‍ പ്രൊഫ. സി.കെ. ചന്ദ്രകാന്ത് കോകട്ടെയുടെ നേതൃത്വത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വിദഗ്ദസമിതി രൂപീകരിച്ചത്.
വിദഗ്ദസമിതി 1083 സംയുക്തങ്ങളെ തങ്ങളുടെ പഠനത്തിനു വിധേയമാക്കി. സുരക്ഷ, വിരുദ്ധ/പാര്‍ശ്വ ഫലങ്ങള്‍, ദുരുപയോഗം, മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നതില്‍ സംഭവിക്കുന്ന വീഴ്ചകള്‍, ശാസ്ത്രീയൌചിത്യം, അളവിലെ യുക്തി, ഔഷധ പ്രതിരോധശക്തി, ചികിത്സാ നിര്‍ദ്ദേശങ്ങളിലെ പുതിയ നിലവാരം തുടങ്ങി പല മാനദണ്ഡങ്ങളും ഉപയോഗിച്ചാണ് സമിതി തങ്ങളുടെ പഠനം പൂര്‍ത്തീകരിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടുള്ള രാസമൂലകങ്ങള്‍ തങ്ങള്‍ക്ക് തോന്നുംപടി കൂട്ടിക്കലര്‍ത്തിയാണ് കമ്പനികള്‍ പല മരുന്നുകളും വികസിപ്പിച്ചിരുന്നതെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്. ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ ചില സംസ്ഥാനഘടകങ്ങള്‍ ഇതിന് നിര്‍ലോഭമായ പിന്തുണയും നല്കി.
സുരക്ഷിതമല്ലാത്തതിനാലും പല ദോഷഫലങ്ങളും ഉണ്ടെന്ന് തെളിഞ്ഞിട്ടുള്ളതിനാലും പല രാജ്യങ്ങളും ഉപയോഗിക്കാത്ത നിമെസുലൈഡ്, പയോഗ്ലിറ്റാസോണ് എന്നിവ അടങ്ങിയിട്ടുള്ളവയാണ് ഇന്ത്യയില്‍ പ്രചുരപ്രചാരത്തിലുണ്ടായിരുന്ന പല മരുന്നുകളും. പരക്കെ ഉപയോഗത്തിലുണ്ടായിരുന്ന അമോക്സിലിന്‍, ഡൈക്ലോക്സാസിലിന് എന്നീ സംയുക്തങ്ങള്‍ അടങ്ങിയ മരുന്നുകള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്ക്കപ്പെട്ടിരുന്ന അഞ്ച് മരുന്നുകളുടെ കൂട്ടത്തില്‍പ്പെടുന്നു.
പനിക്ക് ഉപയോഗിച്ചിരുന്ന അക്ലോഫെനക്, ഏറേ ജനപ്രിയമായ പാരാസെറ്റമോള്‍, റാബിപ്രസോള്‍ സോഡിയം എന്നിവ ലോകത്ത് മറ്റൊരിടത്തും ഉപയോഗത്തിലില്ലാത്തവയാണ്. ഇവയെല്ലാം അടങ്ങിയ സംയുക്തങ്ങള്‍ ഏതു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് രോഗികളുടെ ഉപയോഗത്തിനായി വിപണനം ചെയ്തിരുന്നതെന്ന ഗുരുതരമായ ചോദ്യവും സമിതി ഉന്നയിക്കുന്നുണ്ട്.
ഇന്ത്യയിലെ നിയമസംവിധാനത്തില്‍ അടങ്ങിയിരിക്കുന്ന പഴുതുകള്‍ ഉപയോഗപ്പെടുത്തി മരുന്നുകമ്പനികള്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള നിരോധനത്തിനെതിരെ താത്കാലികമായിട്ടാണെങ്കിലും കോടതിയില്‍ നിന്ന് ഉത്തരവ് സമ്പാദിച്ചത് പൊതുസമൂഹം അത്യന്തം ഗൌരവകരമായിത്തന്നെ കാണണം. ഇനിയും ഈ കമ്പനികള്‍ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന മരുന്നുകള്‍ പടച്ചുണ്ടാക്കി കൊള്ളലാഭം കൊയ്യാന്‍ നാം അനുവദിക്കില്ല എന്ന ദൃഡനിശ്ചയം കൈക്കൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സത്യം കണ്മുന്നിലുണ്ടെങ്കിലും അതു കാണില്ല എന്ന പിടിവാശി നാം കൂട്ടായി ഉപേക്ഷിച്ചാലേ ഇനിയുള്ള തലമുറകളെയെങ്കിലും ഈ വിനാശകരമായ അവസ്ഥയില്‍ നിന്ന് രക്ഷിക്കാനാകൂ എന്ന തിരിച്ചറിവ് ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു….
Post Your Comments