കൊല്ലം : കഞ്ചാവ് വില്‍പ്പനയ്ക്ക് എത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കഞ്ചാവ് വിതരണസംഘത്തെ കുടുക്കാന്‍ എക്‌സൈസ് ഒരുക്കിയ കെണിയിലാണ് വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയത്. കരുനാഗപ്പള്ളിയിലും പരിസരത്തും കഞ്ചാവ് വിതരണം വ്യാപകമാണെന്ന പരാതിയെ തുടര്‍ന്ന് പ്രതികളെ കുടുക്കാന്‍ നടത്തിയ ഒാപ്പറേഷനിലാണ് കുട്ടികള്‍ കുടുങ്ങിയത്.
മൊബൈല്‍ നമ്പറില്‍ വിളിച്ച് ഇടപാട് ഉറപ്പിക്കുന്നവര്‍ക്കാണ് വിദ്യാര്‍ത്ഥികള്‍ ബൈക്കിലെത്തി കഞ്ചാവ് നല്‍കിയിരുന്നത്. ഇവര്‍ കുട്ടികളാണെന്നറിയാതെ നമ്പര്‍ സംഘടിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആവശ്യക്കാരെന്ന വ്യാജേന വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെടുകയായിരുന്നു. കഞ്ചാവ് എത്തിച്ചു കൊടുക്കാമെന്ന് പറഞ്ഞ സ്ഥലത്ത് എക്‌സൈസ് സംഘം മഫ്തിയില്‍ കാത്തുനില്‍ക്കുമ്പോഴാണു പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ബൈക്കില്‍ ‘സാധനവുമായി’ എത്തിയത്. കഞ്ചാവ് വാങ്ങാനെത്തിയവര്‍ എക്‌സൈസ് ഉദ്യോഗസ്ഥരാണെന്ന് സാധിക്കും മുന്‍പേ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു.
കഞ്ചാവു വിതരണസംഘം ഈ കുട്ടികളെ നാളുകളായി ഉപയോഗിച്ച് വരികയായിരുന്നു. കൂട്ടുകാരുടെ ബൈക്കിലാണ് ഇവര്‍ കഞ്ചാവുമായി എത്തുന്നത്. ഇക്കാര്യം സുഹൃത്തുക്കള്‍ക്ക് അറിവുണ്ടായിരുന്നില്ല. പിടിക്കപ്പെട്ടാലും ശിക്ഷിക്കപ്പെടാനുള്ള സാധ്യത കുറവായത് മുതലെടുത്താണ് കഞ്ചാവ്‌ലോബി കുട്ടികളെ വിതരണം ഏല്‍പ്പിക്കുന്നത്. ജില്ലയില്‍ ഇത്തരം സംഭവങ്ങള്‍ വ്യാപകമാണ്. കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച ശേഷം വിതരണച്ചുമതല കൂടി നല്‍കുകയാണ് പതിവ്. ഇതിനായി ആദ്യം സൗജന്യമായി കഞ്ചാവ് നല്‍കും. ലഹരിക്കടിപ്പെട്ടു കഴിഞ്ഞാല്‍ കഞ്ചാവ് വാങ്ങാനുള്ള പണം സ്വരൂപിക്കാന്‍ വിതരണം തുടങ്ങും. പ്ലസ് ടുവിനു പഠിക്കുന്ന കുട്ടികളാണ് കഞ്ചാവ് വിതരണ സംഘങ്ങളുടെ വലയില്‍ കുരുങ്ങുന്നത്.
Post Your Comments