ഗോവയില്‍ മൂന്നുമാസങ്ങള്‍ക്ക് മുന്‍പ് മുങ്ങിമരിച്ച പുരോഹിതന്റെ മൃതദേഹം ഇതുവരെ അടക്കം ചെയ്യാതെ ബന്ധുക്കള്‍.
ഭൂമാഫിയക്ക് എതിരെ ശബ്ദിച്ചിരുന്ന ഫാദര്‍ ബിസ്മാര്‍ക്ക് ഡയസാണ് 2015 നവംബര്‍ അഞ്ചിന് അര്‍ദ്ധ രാത്രി മണ്ഡോവി നദിയില്‍ മുങ്ങിമരിച്ചത്. അദ്ദേഹത്തിന്റേത് മുങ്ങിമരണം അല്ലെന്നും കൊലപാതകം ആണെന്നും വിശ്വസിക്കുന്ന ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിക്കാതെ നാലുമാസമായി സൂക്ഷിക്കുകയാണ്. പൊലീസ് നീതിയുക്തമായ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടു വരുന്നതുവരെ സംസ്‌കാരം നടത്തേണ്ടെന്നാണ് അവരുടെ തീരുമാനം.
മരിക്കുന്നതിന് ഏതാനും ദിവസം മുമ്പ് അദ്ദേഹം തീര ദേശ നിയമങ്ങള്‍ ലംഘിച്ച് കെട്ടിടം നിര്‍മ്മിക്കുന്നതിന് എതിരെ ദേശീയ ഹരിത ട്രൈബ്യൂണലില്‍ പരാതി നല്‍കിയിരുന്നു. തിരക്കോളിലെ ഗോള്‍ഫ് കോഴ്‌സ്, വിവാദ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം, ഇലക്ട്രോണിക് സിറ്റി തുടങ്ങിയ ഗോവയിലെ ഭൂസംബന്ധമായ പദ്ധതികള്‍ക്കെതിരെ അദ്ദേഹം ശക്തമായ പ്രചാരണം നടത്തിയിരുന്നു.
ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് വധഭീഷണികളും ലഭിച്ചിരുന്നു. അതുകാരണമാണ് ബന്ധുക്കള്‍ ഡയസിന്റെ മരണം കൊലപാതകം ആണെന്ന് ആരോപിക്കുന്നത്. അന്വേഷണം ശരിയായ ദിശയില്‍ നടത്തി ഡയസിന് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
എന്നാല്‍ എല്ലാ ആരോപണങ്ങളും പൊലീസ് പരിശോധിച്ചുവെന്നും 60 സാക്ഷികളെ ചോദ്യം ചെയ്തുവെന്നും ക്രൈം എസ് പി കാര്‍ത്തിക് കശ്യപ് പറയുന്നു. രണ്ട് തവണ പോസ്റ്റ് മോര്‍ട്ടം നടത്തുകയും മറ്റു പരിശോധനകള്‍ നടത്തുകയും ചെയ്തശേഷം ഡയസിന്റേത് മുങ്ങിമരണമാണ് എന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് ഇപ്പോള്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ചിരിക്കുകയാണ്.
Post Your Comments