ന്യൂഡെല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിനെ ഭഗത് സിങ്ങിനോട് ഉപമിച്ച ശശി തരൂരിന്‍റെ പ്രസ്താവന വിവാദമായതോടെ കോണ്‍ഗ്രസ് തരൂരിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. തരൂരിന്‍റെ പ്രസ്താവന ഭഗത് സിങ്ങിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. രാജ്യദ്രോഹ കുറ്റത്തിന് കോടതി ഇതുവരെ കുറ്റവിമുക്തനാക്കിയിട്ടില്ലാത്ത കനയ്യ കുമാറിനെ ഭഗത് സിങ്ങിനെപ്പോലെ ഒരു മഹത് വ്യക്തിത്വത്തോട് ഉപമിച്ച തരൂരിനെതിരെ എല്ലാ ഭാഗത്തുനിന്നും പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.
തരൂരിനെ തള്ളിപ്പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് നിലപ്പാട് വ്യക്തമാക്കിയ പാര്‍ട്ടി വക്താവ് മനീഷ് തിവാരി പറഞ്ഞു,” ഒരേയൊരു ഭഗത് സിങ്ങേ ഉണ്ടായിട്ടുള്ളൂ, ഒരേയൊരു ഭഗത് സിങ്ങേ ഉള്ളൂ താനും”.
“ഭഗത് സിംഗ് രാജ്യത്തിനു വേണ്ടി തൂക്കുമരത്തെ സ്വാഗതം ചെയ്തത് നെഞ്ചുപൊട്ടുമാറുച്ചത്തില്‍ “ഭാരത് മാതാ കി ജയ്” വിളിച്ചു കൊണ്ടായിരുന്നു. കനയ്യ കുമാറിനെ ഭഗത് സിങ്ങിനോട് ഉപമിക്കുന്നത് അദ്ദേഹത്തിനും മറ്റെല്ലാ രാജ്യസ്നേഹികള്‍ക്കും അപമാനകരമാണ്. കനയ്യ ഭഗത് സിങ്ങാണെങ്കില്‍ രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും ആരാണെന്ന് തരൂര്‍ വ്യക്തമാക്കണം,’ ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു.
സംഭവം വിവാദമായതോടെ താന്‍ പറഞ്ഞത് തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നും, കനയ്യയെ ഭഗത് സിങ്ങിനോട് ഉപമിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വിശദീകരിച്ചു കൊണ്ട് തരൂരും രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments