തിരുവനന്തപുരം : സിറ്റി പെര്‍മിറ്റില്ലാതെ നഗരത്തില്‍ ഓടുന്ന ഓട്ടോറിക്ഷകളെ നിയന്ത്രിക്കാന്‍ ട്രാഫിക് പോലീസ് നടപടി തുടങ്ങി. തിങ്കളാഴ്ച രണ്ടായിരത്തോളം ഓട്ടോറിക്ഷകള്‍ പോലീസ് പരിശോധിച്ചു. പെര്‍മിറ്റ് ഉള്ള ഓട്ടോറിക്ഷകളും പരിശോധിച്ചു.
സിറ്റി പെര്‍മിറ്റ് ഉള്ള ഓട്ടോകളില്‍ മീറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ, പറയുന്ന സ്ഥലത്തേക്ക് ഓട്ടം പോകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്. സിറ്റി പെര്‍മിറ്റ് ഇല്ലാതെ പിടികൂടിയ ആറ് ഓട്ടോകള്‍ക്കെതിരെ കേസെടുത്തു. രജിസ്‌ട്രേഷന്‍ നിര്‍ദ്ദേശം മറികടന്ന് നഗരത്തില്‍ പ്രവേശിച്ചതിനും അനധികൃതമായി പാര്‍ക്ക് ചെയ്ത് സവാരി എടുത്തതിനുമാണ് കേസെടുത്തിരിക്കുന്നത്.
നഗരങ്ങളില്‍ പലയിടങ്ങളിലായി രാവിലെ ഏഴ് മുതലായിരുന്നു പരിശോധന. ഇത് ഒരാഴ്ച തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. നഗരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഭൂരിഭാഗവും പുറത്തു നിന്ന് എത്തുന്ന ഓട്ടോകളാണെന്ന പരാതികളെ തുടര്‍ന്നാണ് പരിശോധന തുടങ്ങിയത്. മോശം പെരുമാറ്റം, മീറ്റര്‍ ഉപയോഗിക്കാതെ സവാരി നടത്തല്‍, കൂടുതല്‍ പണം വാങ്ങല്‍, പറയുന്ന സ്ഥലങ്ങളിലേക്ക് ഓട്ടം പോകാതിരിക്കുക, തോന്നുന്ന സ്ഥലത്ത് ഇറക്കി വിടുക, തോന്നിയയിടങ്ങളില്‍ പാര്‍ക്ക് ചെയ്യുക, തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന ആരംഭിച്ചിരിക്കുന്നത്.
Post Your Comments