റോസ്തോവ്-ഓണ്‍-ഡോണ്‍ : ശനിയാഴ്ച പുലര്‍ച്ചെയാണ് 67 പേരുമായി ദുബായില്‍ നിന്ന് റഷ്യയിലെ റോസ്തോവ്-ഓണ്‍-ഡോണ്‍ വിമാനത്താവളത്തിലേക്ക് പറന്ന ഫ്ലൈ ദുബായ് 981 ാം നമ്പര്‍ വിമാനം ലാന്‍ഡിംഗിന് ശ്രമിക്കവേ തകര്‍ന്നുവീണത്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് റഷ്യന്‍ അധികൃതരുടെ പ്രാഥമിക നിഗമനം. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല. ദുരന്തത്തിന്റെ യതാര്‍ത്ഥകാരണം വ്യക്തമാക്കാന്‍ ബ്ലാക്ക്ബോക്സുകള്‍ക്ക് നല്‍കാന്‍ കഴിയുമെന്നാണ് കരുതുന്നത്. എന്നാല്‍ അപകടത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ച ബ്ലാക്ക്ബോക്സുകളില്‍ നിന്ന് വിവരങ്ങള്‍ ഡീ-കോഡ് ചെയ്തെടുക്കാന്‍ ആഴ്ചകള്‍ വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ബ്ലാക്ക് ബോക്സുകള്‍ പരിശോധനകള്‍ക്കായി മോസ്കോയിലേക്ക് കൊണ്ട് പോയിട്ടുണ്ട്.
മോശം കാലാവസ്ഥ മാത്രാണോ ഇവിടെ വില്ലനായത്. അപകടകാരണത്തിന്റെ മൂന്ന് സാധ്യതകള്‍ പരിശോധിക്കുകയാണിവിടെ..
1) മോശം കാലാവസ്ഥ
സെക്കന്‍ഡില്‍ 22 മീറ്ററായിരുന്നു വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്ന സമയത്ത് കാറ്റിന്റെ വേഗം. ഒപ്പം ആകാശം മേഘാവൃതവും മഴ പെയ്യുന്നുമുണ്ടായിരുന്നു.
മോശം കാലാവസ്ഥയാണ് അപകടകാരണമായതെന്നാണ് റഷ്യന്‍ സംസ്ഥാനമായ ദ്യുമയിലെ ട്രാന്‍സ്പോര്‍ട്ട് കമ്മറ്റി മേധാവി എവ്ഗെനി മോസ്ക്വിചേവ് പറയുന്നത്. ഫ്ലൈ ദുബായ് വിമാനം ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ രണ്ടര മണിക്കൂര്‍ വട്ടമിട്ട് പറന്നതും മറ്റു ചില വിമാനങ്ങള്‍ ഇറങ്ങാന്‍ കഴിയാതെ സമീപ വിമാനത്താവളങ്ങളിലേക്ക് പോയതും മോസ്ക്വിചേവ് ചൂണ്ടിക്കാട്ടുന്നു.
2) ഹ്യുമന്‍ എറര്‍
മാനുഷികമായ പിഴവാണ് മറ്റൊരു സാധ്യത. നിരവധി റഷ്യന്‍ മാധ്യമ സ്ഥാപനങ്ങള്‍ ഗുരുതരമായ മാനുഷികമായ പിഴവാണ് ദുരന്തത്തിന് കാരണമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത്രയും മോശമായ കാലാവസ്ഥയില്‍ മറ്റു വിമാനത്താവളങ്ങള്‍ തേടാതെ ലാന്‍ഡ് ചെയ്യിക്കാനുള്ള പൈലറ്റിന്റെ തെറ്റായ തീരുമാനവും ലാന്‍ഡ് ചെയ്യുമ്പോള്‍ പൈലറ്റിനുണ്ടായ പിഴവും ദുരന്തകാരണമായിരിക്കാം.
3) സാങ്കേതിക തകരാര്‍
വിമാനത്തിനുണ്ടായ സാങ്കേതിക തകരാറാണ് മൂന്നാമത്തെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ലാന്‍ഡ് ചെയ്യാനുള്ള ആദ്യത്തെ ശ്രമം പരാജയപ്പെട്ട ശേഷം രണ്ടര മണിക്കൂറിന് ശേഷമാണ് ഫ്ലൈ ദുബായ് വിമാനം രണ്ടാമത് ലാന്‍ഡിംഗിന് ശ്രമിക്കുന്നത്. എന്നാൽ ഇതിനിടയിൽ രണ്ട് വിമാനങ്ങള്‍ ഇതേ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തിരുന്നു. മറ്റൊരു ഫ്ലൈറ്റ് സമീപത്തുളള മറ്റൊരു വിമാനത്താവളമായ ക്രാസ്നോഡാറിൽ സുരക്ഷിതമായി ഇറക്കിയിരുന്നു. സാങ്കേതിക തകരാര്‍ മൂലമാകാം രണ്ടാമത്തെ ലാന്‍ഡിംഗ് വൈകിപ്പിക്കാന്‍ പൈലറ്റുമാരെ പ്രേരിപ്പിച്ചത്. രണ്ട് ലാന്‍ഡിംഗ് ശ്രമത്തിനും ഇടയിലുള്ള സമയദൈര്‍ഘ്യമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഒരു പക്ഷേ, ആ സാങ്കേതിക പരിഹരിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നിരിക്കാം ജീവനക്കാര്‍.
ബോയിംഗ് 737-800 നെക്സ് ജനറേഷന്‍ നാരോബോഡി വിമാനത്തില്‍ എട്ടരമണിക്കൂര്‍ (30 മിനിറ്റ് റിസര്‍വ്) പറക്കാനുള്ള ഇന്ധമാണ് നിറയ്ക്കാന്‍ കഴിയുക . ദുബായ് നിന്ന് പുറപ്പെട്ട് വിമാനം തകരുന്നത് വരെ ആറുമണിക്കൂറിലേറെ (രണ്ടര മണിക്കൂര്‍ വട്ടമിട്ടു പറന്നതുള്‍പ്പടെ) യാണ് പറന്നത്. എന്നിട്ടും മോശം കാലാവസ്ഥയില്‍ ആദ്യ ലാന്‍ഡിംഗ് ശ്രമം പരാജയപ്പെട്ട ശേഷം എന്തുകൊണ്ടാണ് ഫ്ലൈ ദുബായ് വിമാനം സമീപത്തെ മറ്റ് സുരക്ഷിത വിമാനത്താവളം പരിഗണിക്കാതിരുന്നതെന്ന് വ്യക്തമല്ല.
Post Your Comments