കേരളത്തിലെ അഗസ്ത്യമല ബയോസ്ഫിയര്‍ റിസര്‍വിനെ യുനെസ്‌കോയുടെ ലോക ജൈവോദ്യാന പട്ടികയില്‍ ഇടംനേടി.
2001-ല്‍ ബയോസ്ഫിയര്‍ റിസര്‍വായി പ്രഖ്യാപിച്ച അഗസ്ത്യമല വനം കേരളത്തിലേയും തമിഴ്‌നാട്ടിലേയും കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു.
. 120 രാജ്യങ്ങളിലെ 669 ബയോസ്ഫിയര്‍ റിസര്‍വുകളില്‍ നിന്നാണ് അന്തിമ പട്ടിക തയ്യാറാക്കിയത്.ഈ വര്‍ഷം പട്ടികയില്‍ പുതുതായി 20 റിസര്‍വുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.പശ്ചിമഘട്ടത്തിന്റെ ഭാഗമായ അഗസ്ത്യമല റിസര്‍വില്‍ സമുദ്ര നിരപ്പില്‍ നിന്നും 1868 ഉയരമുള്ള മലകളുണ്ട്. ഏറെ പ്രത്യേകതകളുള്ള ജൈവവൈവിധ്യമുള്ള പരിസ്ഥിതിയാണ് അഗസ്ത്യമലയിലേത്. ഉഷ്ണമേഖലാ വനപ്രദേശമായ ഇവിടെയുള്ള 2254 ഇനം ചെടികളില്‍ 400-ഓളം എണ്ണം വംശനാശ ഭീഷണി നേരിടുന്നതുമാണ് എന്ന് യുനെസ്‌കോ ചൂണ്ടിക്കാണിച്ചു.
ശെന്തുര്‍ണി, പേപ്പാറ, നെയ്യാര്‍ വന്യമൃഗ സങ്കേതങ്ങളും കളക്കാട് മുണ്ടന്‍തുറൈ കടുവ സംരക്ഷണ കേന്ദ്രവും അഗസ്ത്യമലയുടെ ഭാഗമായുണ്ട്. കൂടാതെ 3000-ത്തോളം വരുന്ന ജനസംഖ്യയുള്ള ആദിവാസി സെറ്റില്‍മെന്റുകളും ഇവിടെയുണ്ട്.
ഇതുവരെ ഇന്ത്യയിലെ 18 ബയോറിസര്‍വുകളില്‍ ഒമ്പതെണ്ണം ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. നീലഗിരി, നന്ദ ദേവി, നൊക്രെക്, ഗള്‍ഫ് ഓഫ് മാന്നാര്‍, സുന്ദര്‍ബന്‍, ഗ്രേറ്റ് നികോബാര്‍ തുടങ്ങിയ ബയോറിസര്‍വുകള്‍ ഈ പട്ടികയിലുണ്ട്.
പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ നടന്ന ഇന്റര്‍നാഷണല്‍ കോഓര്‍ഡിനേറ്റിങ് കൗണ്‍സിലിന്റെ യോഗത്തിലാണ് പുതിയ ഇടങ്ങള്‍ പട്ടികയില്‍ ചേര്‍ത്തത്.
Post Your Comments