വാഷിങ്ടണ്‍: ചൈനയിലേയും ദുബൈയിലെയും അടിസ്ഥാന സൗകര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്ക മൂന്നാം ലോക രാജ്യത്തിന്റെ നിലവാരത്തിലേക്ക് താഴ്‌ന്നെന്ന് യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായുള്ള റിപ്പബ്ലിക്കന്‍ മത്സരാര്‍ഥിയായ ഡൊണാള്‍ട് ട്രംപ് പറഞ്ഞു. താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഈ നിലയ്ക്ക് മാറ്റം വരുത്തുമെന്നും ട്രംപ്. സാള്‍ട്ട് ലേക്ക് സിറ്റിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഐ.എസിനെ തുടച്ചു നീക്കി രാജ്യത്തിന്റെ പ്രതാപം താന്‍ തിരിച്ചുപിടിക്കുമെന്നും ട്രംപ് പറഞ്ഞു.
ചൈന, ദുബൈ എന്നിവിടങ്ങളില്‍ പോയാല്‍ മികച്ച റോഡുകളും റെയില്‍പാതകളും കാണാന്‍ കഴിയും. അവര്‍ക്ക് മണിക്കൂറില്‍ നൂറു മൈല്‍ വേഗത്തില്‍ പോകുന്ന ബുള്ളറ്റ് ട്രെയിനുകളുമുണ്ട്. പക്ഷേ ന്യൂയോര്‍ക്കില്‍ പോയാല്‍ നിങ്ങള്‍ നൂറു വര്‍ഷം പിന്നിലാണെന്ന് തോന്നും. വ്യാപാര രംഗത്താണെങ്കില്‍ അമേരിക്ക ഇനിയും കാര്യക്ഷമത കൈവരിച്ചിട്ടില്ല. ഇപ്പോഴും രാജ്യം ദരിദ്രമാണ്. അമേരിക്കയെ മഹത്തരമായ രാജ്യമാക്കി മാറ്റാന്‍ വിദ്യാഭ്യാസം ആവശ്യമാണെന്നും ട്രംപ് പറഞ്ഞു
ട്രാന്‍സ് പസഫിക് വ്യാപാര പങ്കാളിത്തം അമേരിക്കയെ സംബന്ധിച്ച് വിനാശകരമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. അധികാരത്തില്‍ വന്നാല്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി വ്യാപാര കരാറുകള്‍ മാറ്റിയെഴുതുമെന്നും അതേ സമയം സ്വതന്ത്ര വ്യാപാര കരാറുകളെ എതിര്‍ക്കില്ലെന്നും ട്രംപ് അവകാശപ്പെട്ടു. അനധികൃത കുടിയേറ്റം തടയാന്‍ അതിര്‍ത്തിയില്‍ നിര്‍മിക്കുന്ന മതിലിന് മെക്‌സിക്കോയില്‍ നിന്ന് താന്‍ പണം ഈടാക്കുമെന്നും ട്രംപ് പറഞ്ഞു.
Post Your Comments