KeralaNewsUncategorized

വിദ്യാഭ്യാസ വായ്പ : ജപ്തി നോട്ടീസ് ലഭിച്ച ഗൃഹനാഥന്‍ ജീവനൊടുക്കി

ചേര്‍ത്തല: മകളുടെ നഴ്‌സിങ് പഠനത്തിന് ബാങ്കില്‍നിന്ന് എടുത്ത വായ്പതിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ ജപ്തി നോട്ടീസ് ലഭിച്ച ഗൃഹനാഥന്‍ ജീവനൊടുക്കി. നഗരസഭാ ആറാം വാര്‍ഡില്‍ ചെങ്ങണ്ട ചുങ്കത്ത് വീട്ടില്‍ ഫല്‍ഗുനനാണ് (പക്കു55) വെള്ളിയാഴ്ച രാവിലെ വീടിന് സമീപത്തെ മാവില്‍ തൂങ്ങിമരിച്ചത്. കൂലിപ്പണിക്കാരനാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹവുമായി എല്‍.ഡി.എഫ്, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ താലൂക്ക് ഓഫിസിലത്തെി തഹസില്‍ദാറെ രണ്ടരമണിക്കൂറോളം ഉപരോധിച്ചു. വായ്പയും പലിശയും പൂര്‍ണമായും എഴുതിത്തള്ളാമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യം മന്ത്രിതലത്തില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കാമെന്നും തഹസില്‍ദാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.

മകള്‍ ഷിന്റുവിന്റെ പഠനത്തിനായി 2007ല്‍ എസ്.ബി.ടി വാരനാട് ശാഖയില്‍നിന്ന് ഫല്‍ഗുനന്‍ 63000 രൂപ വായ്പ എടുത്തിരുന്നു. 2012വരെ 18,000 രൂപ തിരിച്ചടച്ചു. പഠനം പൂര്‍ത്തിയായെങ്കിലും ഏറെനാള്‍ കഴിഞ്ഞാണ് ജോലി ലഭിച്ചത്. ശമ്പളം കുറവായതിനാല്‍ തുടര്‍ന്ന് വായ്പ തിരിച്ചടക്കാനായില്ല. എസ.്ബി.ടി ചേര്‍ത്തല ശാഖയില്‍ ഇന്നലെ നടന്ന അദാലത്തില്‍ തുക തിരിച്ചടക്കണമെന്ന് ബാങ്ക് അധികൃതര്‍ ഫല്‍ഗുനനെ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇടതുപക്ഷ പ്രവര്‍ത്തകര്‍ താലൂക്ക് ഓഫിസിനുമുന്നില്‍ മൃതദേഹവുമായി എത്തി ഉപരോധം നടത്തുകയായിരുന്നു. പിന്നീട് പി. തിലോത്തമന്‍ എം.എല്‍.എ ഉള്‍പ്പെടെ എത്തി. എ.ഡി.എം ഗിരിജ, ഡെപ്യൂട്ടി കലക്ടര്‍ എ. ചിത്രാധരന്‍, തഹസില്‍ദാര്‍ ആര്‍. തുളസീധരന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാക്കളുമായി ചര്‍ച്ചനടത്തി. ബാങ്ക് അധികൃതരുമായി ചര്‍ച്ച ചെയ്ത് വായ്പ എഴുതിത്തള്ളാമെന്ന് രേഖാമൂലം ഉറപ്പും നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button