NewsInternational

സൗദിയിലെ മൊബൈല്‍ കടകളില്‍ കര്‍ശനമായ പരിശോധന ആരംഭിച്ചു

റിയാദ്: മൊബൈല്‍ ഫോണ്‍ വില്‍പ്പന കേന്ദ്രങ്ങളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി തൊഴില്‍ വകുപ്പ് ആരംഭിച്ച പരിശോധനകള്‍ തുടരുന്നു. മക്ക, മദീന, അസീര്‍ എന്നീ പ്രദേശങ്ങളിലെ 900 സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലെത്തിയ തൊഴില്‍ വകുപ്പ് അധികൃതര്‍ പരിശോധന നടത്തിയത്. മൊബൈല്‍ കടകളിലും മറ്റും നടത്തിയ പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ഒന്നിലധികം സ്ഥാപനങ്ങളില്‍ ജോലികള്‍ ചെയ്യുന്നവരെയും ഇഖാമയിലുള്ള ജോലിയില്‍ നിന്ന് വ്യത്യസ്തമായി കടകളില്‍ പണിയെടുത്തവരെയും പിടികൂടിയതായി തൊഴില്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു. തൊഴില്‍ നിയമങ്ങളുടെ 38, 39 വകുപ്പുകളുടെ ലംഘനമാണിത്. ഇഖാമയില്‍ രേഖപ്പെടുത്തിയതില്‍ നിന്ന് വ്യത്യസ്തമായ തൊഴില്‍ ചെയ്യുന്ന നിരവധി പേരെയാണ് പിടികൂടിയത്.പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരും. അനധികൃതമായ രീതിയില്‍ സ്ഥാപനങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 19911 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണമെന്നും തൊഴില്‍ വകുപ്പ് അറിയിച്ചു.

മൊബൈല്‍ മേഖലയില്‍ 100 ശതമാനവും സ്വദേശിവത്കരണം നടപ്പാക്കണമെന്ന തൊഴില്‍ വകുപ്പിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ നിയമലംഘനം കണ്ടെത്താന്‍ പരിശോധന ആരംഭിച്ചത്. അടുത്ത സെപ്തംബറോടെ മൊബൈല്‍ ഫോണ്‍ കടകളില്‍ 100 ശതമാനവും സ്വദേശികളെ നിയമിക്കണമെന്നാണ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. സൗദികള്‍ക്ക് ഈ മേഖലയില്‍ ജോലി ചെയ്യാനാവശ്യമായ പരിശീലനം നല്‍കുന്നതിനായി വിവിധ കേന്ദ്രങ്ങളില്‍ തൊഴില്‍ വകുപ്പ് സംവിധാനമൊരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button