തിരുവനന്തപുരം: പഴയകുന്നുമ്മല്‍ പഞ്ചായത്തിലെ സി.പി.ഐ.എം വനിതാ പ്രസിഡന്റിന്റെ അപകീര്‍ത്തികരമായ ചിത്രം വാട്ട്‌സ് ആപ്പില്‍ക്കൂടി പ്രചരിപ്പിച്ചെന്ന പരാതിയില്‍ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയെ കിളിമാനൂര്‍ പൊലീസ് ചോദ്യം ചെയ്തു. കിളിമാനൂര്‍ പുതിയ കാവ് ബ്രാഞ്ച്‌സെക്രട്ടറിയെയാണ് ചോദ്യം ചെയ്തത്. വനിത നല്‍കിയ മൊഴിയെത്തുടര്‍ന്നായിരുന്നു ഇത്. പത്തോളം പേര്‍ക്ക് ഇയാള്‍ വാട്ട്‌സ് ആപ്പില്‍ കൂടി അപകീര്‍ത്തികരമായ ചിത്രംഅയച്ചുകൊടുത്തതായാണ് പരാതി.
ബ്രാഞ്ച് സെക്രട്ടറിയുടെ മൊബൈല്‍ ഫോണ്‍ കിളിമാനൂര്‍ പൊലീസ് പ്രാഥമിക പരിശോധന നടത്തുകയും ചെയ്തു. ഇയാളുടെ ഫോണില്‍ വാട്ട്‌സ് ആപ്, ഫേസ്ബുക്ക് സൗകര്യങ്ങള്‍ ഇല്ലെന്ന് പോലീസ് കണ്ടെത്തി. അതുകാരണം വനിതാ പ്രസിഡന്റിന്റെ മൊഴി വ്യാജമാണെന്നാണ് പോലീസിന്റെ നിഗമനം. അതേ സമയം കിളിമാനൂരില്‍ ഫെബ്രുവരി ഒന്നിന് ഇവര്‍ പങ്കെടുത്ത ഒരു ബ്യൂട്ടിപാര്‍ലറിന്റെ ഉദ്ഘാടനത്തിന് പോകരുതെന്ന് വനിതാ പ്രസിഡന്റിനെ ആരോ വിലക്കിയിരുന്നു. അത് വകവക്കാതെ ഉദ്ഘാടനത്തിന് പോയ വൈരാഗ്യത്തില്‍ ആരോ വാട്ട്‌സ്ആപില്‍ തന്റേതെന്ന് സംശയിക്കുന്ന അപകീര്‍ത്തികരമായ ചിത്രം പ്രചരിപ്പിച്ചതാകാമെന്ന് വനിതാ പ്രസിഡന്റ് പഞ്ചായത്തിലെ സഹപ്രവര്‍ത്തകരായ രണ്ട് അംഗങ്ങളോട് പറഞ്ഞിരുന്നുവത്രെ. അവരെ ചോദ്യം ചെയ്താല്‍ വാട്ട്‌സ് ആപ് ചിത്രത്തിന്റെ ഉറവിടം പൊലീസിന് കണ്ടെത്താന്‍ കഴിയുമെന്നും ബ്രാഞ്ച് സെക്രട്ടറി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ രണ്ട് പഞ്ചായത്തംഗങ്ങള്‍, ബ്യൂട്ടി പാര്‍ലര്‍ ഉടമ എന്നിവരെ പോലീസ് ചോദ്യം ചെയ്‌തേക്കും.
Post Your Comments