CricketSports

ട്വന്റി-20 ലോകകപ്പ്; പാക്കിസ്ഥാന്‍ ടീം ഇന്ത്യയിലെത്തി, സുരക്ഷ ശക്തം

കൊല്‍ക്കത്ത: സര്‍ക്കാര്‍ അനുമതി ലഭിച്ചതോടെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനായി പാക്കിസ്ഥാന്‍ ടീം ഇന്ത്യയിലെത്തി. 27 അംഗ സംഘം അബുദാബി വഴിയാണ് കൊല്‍ക്കത്തയില്‍ എത്തിയത്. 15 കളിക്കാരും 12 ഒഫീഷ്യല്‍സും മറ്റു അംഗങ്ങളുമാണ് സംഘത്തിലുള്ളത്. രാത്രി 7.55നാണ് ടീം നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്.

പാക്ക് ടീമിന്റെ വരവോടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സി.ഐ.എസ്.എഫും കമാന്‍ഡോകളുമാണ് സുരക്ഷയൊരുക്കുന്നത്. ഷാഹിദ് അഫ്രീദിയുടെ നേതൃത്വത്തിലൂള്ള ടീമിനെ വരവേല്‍ക്കാന്‍ നൂറുകണക്കിന് ആരാധകര്‍ വിമാനത്താവളത്തിന് പുറത്ത് എത്തിയിരുന്നു. തുടര്‍ന്ന് രണ്ടു ബസുകളിലായി സംഘം ഹോട്ടലിലേക്ക് തിരിച്ചു. ശ്രീലങ്കയ്‌ക്കെതിരെ ഞായറാഴ്ച പാക്ക് ടീമിന്റെ പരിശീലന മല്‍സരം നടക്കും.

താരങ്ങള്‍ക്കു പൂര്‍ണസുരക്ഷ ലഭ്യമാക്കുമെന്ന് ഇന്ത്യ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണു ടീമിനെ അയക്കാന്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ് അനുമതി നല്‍കിയത്. ഇരു രാജ്യങ്ങളും തമ്മില്‍ സര്‍ക്കാര്‍തലത്തില്‍ നടന്ന തിരക്കിട്ട ചര്‍ച്ചകളാണ് പ്രശ്‌നപരിഹാരത്തിനു വഴിതുറന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ പറഞ്ഞ് ലോകകപ്പില്‍നിന്നു പിന്‍മാറിയാല്‍ പാക്കിസ്ഥാനില്‍ നിന്നു രാജ്യാന്തര ക്രിക്കറ്റ് സമിതി (ഐസിസി) ഭീമമായ പിഴ ഈടാക്കുമായിരുന്നു. ലോകകപ്പിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ടമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ – പാക്ക് മല്‍സരത്തിന് ഈ മാസം 19ന് ഈഡന്‍ ഗാര്‍ഡന്‍സ് വേദിയൊരുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button