ന്യൂഡല്‍ഹി: സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ അപേക്ഷ പരിഗണിച്ചുകൊണ്ട് കോണ്‍ഗ്രസിന്‍റെ 2010-11ലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകള്‍ ഹാജരാക്കാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു. നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ടാണ് സുബ്രഹ്മണ്യന്‍ സ്വാമി പ്രസ്തുത അപേക്ഷ നല്‍കിയത്. മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് ലവ്‌ലീന്‍ ആണ് വെള്ളിയാഴ്ച കോണ്‍ഗ്രസിന് തിരിച്ചടിയാകുന്ന ഉത്തരവ് പുറപ്പെടുവിച്ചത്.
കോടതി ഉത്തരവ് അനുസരിച്ച് നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ ഉടമസ്ഥരായിരുന്ന അസോസിയേറ്റഡ് ജേണല്‍സ് പ്രൈവറ്റ് ലിമിറ്റഡും യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡും 2010-11 വര്‍ഷത്തെ ഏതാനും രേഖകള്‍ ഹാജരാക്കണം.
നേരത്തെ, ഫെബ്രുവരി 20-ന് ധനമന്ത്രാലയം, നഗരവികസനമന്ത്രാലയം, കമ്പനികാര്യമന്ത്രാലയം, ആദായ നികുതിവകുപ്പ് എന്നിവയോട് ചില രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ വിവരങ്ങള്‍ മുദ്രചെയ്ത കവറില്‍ വെക്കണം.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, മറ്റു നേതാക്കളായ മോത്തിലാല്‍ വോറ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബെ, സാം പ്രിട്രോഡ തുടങ്ങിയവരോട് നേരിട്ടു ഹാജരാവാന്‍ കോടതി കഴിഞ്ഞകൊല്ലം ജൂണ്‍ 26ന് ആവശ്യപ്പെട്ടിരുന്നു. അന്നത്തെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ത്തന്നെ കോണ്‍ഗ്രസിന്‍റെ സാമ്പത്തികരേഖകള്‍ ആവശ്യപ്പെടാമെന്ന് സുബ്രഹ്മണ്യന്‍സ്വാമി വാദിച്ചു. എന്നാല്‍ സ്വാമിയുടെ അപേക്ഷ ഭാഗികമായിമാത്രമേ കോടതി അനുവദിച്ചുള്ളു.
കേസില്‍ സോണിയയും രാഹുലും കഴിഞ്ഞ ഡിസംബര്‍ 19-ന് കോടതിയില്‍ നേരിട്ട് ഹാജരായി ജാമ്യമെടുത്തിരുന്നു. മറ്റൊരു വിധിയിലൂടെ കേസ് പരിഗണിക്കവേ എല്ലായ്പ്പോഴും കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതില്ല എന്ന വിധി സമ്പാദിച്ചതും കോണ്‍ഗ്രസ് നേതൃത്വത്തിന് ആശ്വാസമായിരുന്നു.
Post Your Comments