Women

എവിടെപ്പോയി, നമ്മുടെ സ്ത്രീപക്ഷ വാദികളും ഫെമിനിച്ചികളും..?

എവിടെ പോയി നമ്മുടെ സ്ത്രീപക്ഷവാദികളും ഫെമിനിച്ചികളും? നാഴികയ്ക്ക് നാല്പതുവട്ടം സ്ത്രീസ്വാതന്ത്ര്യമെന്നു ഘോരഘോരം പ്രസംഗിച്ചു സ്ത്രീകളെ ഉദ്ധരിക്കുന്ന ഒരൊറ്റയെണ്ണത്തെ പോലും മഷിയിട്ടു നോക്കിയാല്‍ കാണില്ല. വര്‍ദ്ധിച്ചുവരുന്ന സ്ത്രീകുറ്റവാളികളെ കുറിച്ച് നാലുവാക്ക് പറയുവാന്‍. ആ കുറ്റകൃത്യങ്ങള്‍ മാത്രം അവരുടെ കണ്ണില്‍ പെടില്ല. വ്യഭിചാരക്കുറ്റത്തിനെങ്ങാനും പോലീസ് പിടിച്ചുപോയാല്‍ അന്നേരം കണ്ണുനിറച്ചു കൊണ്ട് പെണ്ണ് അത് പീഡനമാക്കി മാറ്റും. പിന്നെ അതിന്‍റെ പിറകെയാകും സകല ഫെമിനിച്ചികളും ചാനലുകളും. ഇതിനിടയില്‍ ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു വസ്തുതയുണ്ട്. അത് സ്ത്രീകള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യവാസനയും കുറ്റകൃത്യങ്ങളിലെ പങ്കാളിത്തവുമാണ്. ചതിയിലും ദാരിദ്ര്യത്തിലും അകപ്പെട്ട് അഭിസാരികയാകുന്നവരെ പടിയടച്ചു പിണ്ഡം വയ്ക്കുന്ന സമൂഹം എന്തുകൊണ്ട് സ്വയം തെറ്റുകളിലേക്ക് എടുത്തുചാടുന്നവരെ കണ്ടില്ലെന്നു നടിക്കുന്നു?

മഴവില്‍മനോരമയിലെ “വെറുതെയാണ് ഭാര്യ”യെന്നു തെളിയിച്ച മത്സരാര്‍ത്ഥി, കൊലപാതകകേസില്‍ കാമുകനൊപ്പം പ്രതിയായി ഒരു വശത്ത്‌ നില്‍ക്കുമ്പോള്‍ മറുവശത്ത് സ്വന്തം ഭര്‍ത്താവിനെ വഞ്ചിച്ചു വേറൊരുത്തനുമായി ഒളിച്ചോടാന്‍ വാശിപിടിച്ചവള്‍ കാമുകന്‍റെ കൊലക്കത്തിക്കിരയായി ചരക്കുലോറിയുടെ അടിയില്‍ കിടന്നു. അടുത്തടുത്ത ദിവസങ്ങളില്‍ വാര്‍ത്തയില്‍ നിറഞ്ഞത്‌ സ്ത്രീത്വത്തിന്‍റെ വികൃതമായ ഈ രണ്ടു മുഖങ്ങള്‍. ഒരുവള്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ചു വിവാഹിതനായ മറ്റൊരുത്തന്‍റെ കാമുകിയായി. കാമുകനും അവന്‍റെ സുഹൃത്തുക്കള്‍ക്കും ഒപ്പം മദ്യം സേവിച്ചു സുഖവാസകേന്ദ്രങ്ങളില്‍ അഴിഞ്ഞാടി. അവസാനം കൊലപാതകത്തിലും പങ്കാളിയായി. മറ്റൊരുവളോ തന്നേക്കാള്‍ ഇളയവനായ ഒരുത്തനെ കണ്ടപ്പോള്‍ ഭ്രമിച്ചു സ്വന്തം കുടുംബത്തിന്‍റെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്ന ഭര്‍ത്താവിനെ ചതിച്ചു. വേലിചാടുന്ന പശുവിനു കോല് കൊണ്ടാണല്ലോ മരണം. ഇവിടെയും മറിച്ചല്ല സംഭവിച്ചത്. ഭാര്യയെ കാണാതായപ്പോള്‍ പരിഭ്രാന്തനായ പാവം ഭര്‍ത്താവ് പോലീസില്‍ പരാതിപെട്ടു. അല്‍പസമയം കഴിഞ്ഞതും ചരക്കു ലോറിക്കടിയില്‍ നിന്നും മൃതദേഹം കിട്ടി. അന്വേഷണത്തില്‍ അറിഞ്ഞ ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍ ആ പാവം ഭര്‍ത്താവിനെ എത്രമാത്രം തളര്‍ത്തിയിട്ടുണ്ടാകും? ഇന്നലെ വരെ കൂടെ കിടന്നവള്‍ മനസ്സ് കൊണ്ടും ശരീരം കൊണ്ടും മറ്റൊരുത്തന്‍റെതു കൂടിയായിരുന്നുവെന്നറിഞ്ഞ ആ പാവം മനുഷ്യന്‍റെ വ്യഥ മനസ്സിലാക്കാന്‍ ഫെമിനിച്ചികള്‍ക്ക് കഴിയുമോ? ആഡംബരജീവിതത്തിനു വേണ്ടി നിരന്തരം ഭര്‍ത്താവിനെ ശല്യപ്പെടുത്തുന്ന ഭാര്യയെ സഹികെട്ട് ഒന്ന് തല്ലിപോയാല്‍ തീര്‍ന്നു. പിന്നെ ഭര്‍തൃപീഡനമായി. ഗാര്‍ഹികപീഡനമായി. ആകെ പുകില്‍. ഈയടുത്ത കാലത്തായി നമ്മള്‍ വായിച്ചതാണ് സ്വന്തം മക്കളെ കൂട്ടികൊടുത്ത രണ്ടു മാതൃത്വങ്ങളെ. പണത്തിനു വേണ്ടിയുള്ള പരക്കം പാച്ചിലില്‍ അവര്‍ കുരുതി കൊടുത്തത് മാതൃത്വമെന്ന പരിപാവനതയെയാണ്. സ്വന്തം രക്തത്തെ പോലും കാമുകന് അടിയറവു വയ്ക്കുന്ന പെണ്‍മുഖങ്ങളെ നമ്മള്‍ കണ്ടതാണ്. ഇതാണോ സ്ത്രീ ?

ഇരുപത്തിനാല് മണിക്കൂറും സാമൂഹ്യമാധ്യമങ്ങളില്‍ക്കൂടി കയറിയിറങ്ങി സന്ദേശചതുരങ്ങളില്‍ കൂടി കണ്ണില്‍ കണ്ടവരോടൊക്കെ ചറപറ ചാറ്റി പരസ്പരം സ്വകാര്യചിത്രങ്ങളും വീഡിയോയും അയച്ചു, അവസാനം ചിത്രങ്ങളും വീഡിയോകളും വൈറല്‍ ആയി, സ്ക്രീന്‍ഷോട്ടുകള്‍ പാറിനടക്കുമ്പോള്‍ “ഐ ഹേറ്റ് മെന്‍” എന്ന സ്റ്റാറ്റസ് ഇട്ടതു കൊണ്ട് ഒരുകാര്യവുമില്ല. കാമുകനു അയച്ചുകൊടുത്ത വീഡിയോ ക്ലിപ്പിങ്ങുകള്‍ വാട്സ്ആപ്പില്‍ പറന്നുകളിച്ചപ്പോള്‍ ആത്മഹത്യാ സ്റ്റാറ്റസ് ഇട്ട നഴ്സ് പെണ്‍കുട്ടിയെയും ഒരുകൂട്ടം ആണ്‍കുട്ടികളുടെ കൂടെ നിന്നു കൊണ്ട് പുകവലിച്ചു സെല്‍ഫിയെടുത്ത് ജീവിതം ആഘോഷിച്ച പെണ്‍കുട്ടിയെയും നമ്മള്‍ മറക്കാറായിട്ടില്ല. കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് വിദേശത്തു ജോലി ചെയ്യുന്ന ഒരു അദ്ധ്യാപിക സുഹൃത്ത് പുരുഷന്മാരെ വെറുക്കുന്നുവെന്നും അടുക്കും തോറും വെറുപ്പ്‌ കൂടുന്നുവെന്നും ഒരു സ്റ്റാറ്റസ് ഇട്ടതു ശ്രദ്ധയില്‍പ്പെട്ടു. അവരുടെ പ്രൊഫൈലില്‍ അയ്യായിരത്തോളം വരുന്ന സുഹൃത്തുക്കളില്‍ മുക്കാല്‍ഭാഗവും പുരുഷസുഹൃത്തുക്കള്‍ ആയിരുന്നു. എന്തൊരു വൈരുദ്ധ്യം? ഏതോ ഒരു പുരുഷനോടുള്ള പകയില്‍ പുരുഷവര്‍ഗ്ഗത്തെ മുഴുവന്‍ വെറുക്കപ്പെട്ടവരാക്കിയ ആ സുഹൃത്തിന്‍റെ അച്ഛനെ കുറിച്ചോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു. ചില സ്ത്രീകള്‍ ചിലപ്പോഴെങ്കിലും സ്റ്റാറ്റസ് ആയിട്ട് ഇടാറുണ്ട് അവര്‍ക്ക് ആണുങ്ങളില്‍ നിന്നും അസമയത്തു സന്ദേശം വരാറുണ്ടെന്ന കാര്യം. നമുക്ക് തന്നെ മുഖപുസ്തകത്തില്‍ പ്രൈവസി സെറ്റ് ചെയ്യാന്‍ കഴിയുബോള്‍ വേണ്ടാത്തവരെ ഒഴിവാക്കിയാല്‍ പോരെ. അല്ലാതെ എനിക്ക് പുരുഷന്മാരെ കൊണ്ട് പൊറുതിമുട്ടുന്നുവെന്നു നാലാള്‍ കേള്‍ക്കെ മൊഴിയണോ?

സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളികൂട്ടുന്ന അഭിനവ ഫെമിനിച്ചികളെ നിങ്ങള്‍ ഒന്നോര്‍ക്കുക. പാതിരാത്രി ഒറ്റയ്ക്ക് സഞ്ചരിക്കുന്നതും കണ്ടവരുടെ കൂടെ അഴിഞ്ഞാടി പരസ്യമായി ഉമ്മവയ്ക്കുന്നതും താലി പൊട്ടിച്ചെറിയുന്നതും വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടെന്ന പോലെ പ്രസംഗിക്കുന്നതുമല്ല സ്ത്രീസ്വാതന്ത്ര്യം. സ്വയംപര്യാപ്തത കൈവരിക്കുന്നതും സാമൂഹികവിഷയങ്ങളില്‍ ഇടപെടുന്നതും തന്നാല്‍ കഴിയുന്ന രീതിയില്‍ സാമൂഹ്യസേവനം നടത്തുന്നതും അനാചാരങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ കഴിയുന്നതുമാണ് സ്ത്രീസ്വാതന്ത്ര്യം. എല്ലാറ്റിനുമുപരി കുടുംബത്തിന്‍റെ കാര്യങ്ങള്‍ വേണ്ടരീതിയില്‍ നോക്കിനടത്താന്‍ കഴിയുന്ന സന്നദ്ധതയുമാണ്‌ പെണ്ണത്തം. എന്താണ് പെണ്ണ് എന്നറിയണമെങ്കില്‍ കുടുംബശ്രീ യൂണിറ്റുകളില്‍ പോയി ഒന്ന് നോക്കുക. അവിടെ കാണാം ചായം തേയ്ക്കാത്ത യഥാര്‍ത്ഥ സ്ത്രീത്വത്തെ. സ്വന്തം കാലില്‍ നിന്നു കൊണ്ട് അന്തസ്സായി കുടുംബം നോക്കുന്ന പെണ്‍കരുത്തിനെ. അതുമല്ലെങ്കില്‍ അശ്വതി ജ്വാലയെയോ സോണിയ മല്‍ഹാറിനെയോ പോലെയുള്ള വ്യക്തിത്വങ്ങളെ അടുത്തറിയാന്‍ ശ്രമിക്കുക. അതാണ്‌ സ്ത്രീ. കുടുംബത്തിന്‍റെ നടത്തിപ്പിനൊപ്പം എങ്ങനെ സാമൂഹികപരമായും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന ബോധവല്‍ക്കരണമാണ് സ്ത്രീപക്ഷവാദികള്‍ ചെയ്യേണ്ടത്. അല്ലാതെ പുരുഷന്‍റെ മേല്‍ എങ്ങനെ കുതിര കയറാമെന്ന ഗവേഷണം നടത്തുകയല്ല വേണ്ടത്. സ്ത്രീ സ്വയം സംരക്ഷിക്കുകയാണ് വേണ്ടത്. അല്ലാതെ പുരുഷനാല്‍ സംരക്ഷിക്കപ്പെടണം എന്ന് വാശി പിടിക്കരുത്. അന്തസ്സായി പെരുമാറുന്ന സ്ത്രീകളെ പുരുഷന്മാര്‍ ആദരിക്കും. സ്നേഹിക്കും. പ്രതിസന്ധികളില്‍ കൂടെ നില്‍ക്കുകയും ചെയ്യും .

shortlink

Related Articles

Post Your Comments

Related Articles


Back to top button