ന്യൂഡല്‍ഹി: ബാന്ദര്‍ കല്‍ക്കരിഖനി ഖനനത്തിനായി അനുവദിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഗോവ-ആസ്ഥാനമായുള്ള എഎംആര്‍ അയണ്‍ ആന്‍ഡ് സ്റ്റീല്‍ ലിമിറ്റഡിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ബുധനാഴ്ച പ്രൊസിക്യൂഷന്‍ പരാതികള്‍ സമര്‍പ്പിച്ചു. ഖനി അനുവദിച്ചു കിട്ടുന്നതിനായി എഎംആര്‍ അയണ്‍ ആന്‍ഡ് സ്റ്റീല്‍ ലിമിറ്റഡ് കോണ്‍ഗ്രസ് രാജ്യസഭാ എംപിയായ വിജയ് ദര്‍ദയുള്‍പ്പെടെയുള്ളവര്‍ക്ക് 24.58 കോടി രൂപ കൈക്കൂലി കൊടുത്തു എന്നാണ് കുറ്റാരോപണം.
ദര്‍ദ തനിക്ക് എഎംആര്‍ അയണ്‍ ആന്‍ഡ് സ്റ്റീല്‍ ലിമിറ്റഡില്‍ നിന്നും ലഭിച്ച കൈക്കൂലി ജെഎഎസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് പവര്‍ ലിമിറ്റഡില്‍ നിക്ഷേപിക്കുകയുണ്ടായി എന്ന്‍ എന്‍ഫോഴ്സ്മെന്‍റ് കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്‍റെ പരിധിയില്‍ നിന്നുകൊണ്ടാണ് എന്‍ഫോഴ്സ്മെന്‍റ് തങ്ങളുടെ അന്വേഷണം മുന്നോട്ടു കൊണ്ടുപോയത്. നേരത്തെ, ആരോപണത്തില്‍പ്പെട്ടവരുടെ 24.58 കോടി രൂപയ്ക്ക് തുല്യമായ സ്വത്തുവകകള്‍ പ്രസ്തുത നിയമത്തിന്‍റെ അധികാരങ്ങളുപയോഗിച്ച് എന്‍ഫോഴ്സ്മെന്‍റ് കണ്ടുകെട്ടുകയും ചെയ്തിരുന്നു.
എഎംആര്‍ അയണ്‍ ആന്‍ഡ് സ്റ്റീല്‍ ലിമിറ്റഡിനോടൊപ്പം കേസിലെ കുറ്റാരോപിതരായ വിജയ് ദര്‍ദ, ദേവേന്ദ്ര ദര്‍ദ, മനോജ് ജയ്‌സ്വാള്‍, അഭിഷേക് ജയ്‌സ്വാള്‍ എന്നിവര്‍ക്കെതിരെയുള്ള പ്രോസിക്യൂഷന്‍ ചാര്‍ജുകള്‍ എന്‍ഫോഴ്സ്മെന്‍റ് സമര്‍പ്പിച്ചത് ഡല്‍ഹിയിലെ പട്യാല ഹൗസ് കോര്‍ട്ടിലാണ്.
സമാനമായ മറ്റൊരു കേസില്‍ എന്‍ഫോഴ്സ്മെന്‍റ്, നവഭാരത് പവര്‍ ലിമിറ്റഡിനെതിരേയും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്‍റെ പിന്‍ബലത്തില്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നു. നവഭാരത് പവര്‍ ലിമിറ്റഡ് കൃത്രിമമാര്‍ഗ്ഗത്തിലൂടെ തങ്ങളുടെ കമ്പനിയുടെ മതിപ്പ്മൂല്യം പെരുപ്പിച്ച് കാണിച്ച് റാമ്പിയ, ഡിപ്സിഡെ റാമ്പിയ ഖനികള്‍ നേടിയെടുത്തു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ഇങ്ങനെ ചതിയിലൂടെ നേടിയെടുത്ത ഖനികള്‍ ഇവര്‍ പിന്നീട് എസ്സാര്‍ പവര്‍ ലിമിറ്റഡിന് 200 കോടി രൂപയ്ക്ക് മറിച്ചു വിറ്റിരുന്നു. നവഭാരതിന്‍റെ 186.11 കോടി രൂപ വരുന്ന സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്‍റ് നേരത്തെ കണ്ടുകെട്ടിയിരുന്നു.
Post Your Comments