കോഴിക്കോട്: മൊഫിജുല്‍ റഹിമ ഷെയ്ഖ് എന്ന ബംഗാള്‍ സ്വദേശി നേരം ഇരുട്ടി വെളുത്തപ്പോഴേക്കും ഭാഗ്യദേവത ലോട്ടറിയുടെ രൂപത്തില്‍ കടാക്ഷിച്ചു കോടിപതിയായി.കെട്ടിടനിര്‍മാണ ജോലിക്കായി കേരളത്തിലെത്തിയ മൊഫിജുല്‍ കാരുണ്യ ലോട്ടറിയിലൂടെയാണ് കോടീശ്വരനായത്.
കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപ വെള്ളിമാടുകുന്നിലെ വികലാംഗനായ ലോട്ടറിവില്‍പ്പനക്കാരില്‍ നിന്നും മൊഫിജുല്‍ എടുത്ത ടിക്കറ്റിനാണ് ലഭിച്ചത്. ഒന്നാം സമ്മാനം തനിക്കാണെന്നറിഞ്ഞതോടെ ഭയമായി. താമസിക്കുന്ന മുറിയില്‍ നിന്നു പുറത്തിറങ്ങാനും ഒറ്റയ്ക്ക് ഇരിക്കാനും പേടി. പരിചയമില്ലാത്ത ആളുകളെ കാണുന്നതും ഭയമായി. തുടര്‍ന്നു സുഹൃത്തുക്കളുടെ സഹായത്തോടെ ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി. തിങ്കളാഴ്ച ശിവരാത്രിയായതിനാല്‍ ബാങ്ക് തുറക്കില്ലെന്നും തനിക്ക് ഒറ്റയ്ക്കു കഴിയാന്‍ പേടിയാണെന്നും ചേവായൂര്‍ എസ്.ഐ യു.കെ. ഷാജഹാനോടു പറഞ്ഞു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ മൊഫിജുലിന് അഭയം നല്‍കി.
ചൊവ്വാഴ്ച ബാങ്ക് തുറന്ന ശേഷം വെള്ളിമാടുകുന്ന് എസ്.ബി.ഐ ശാഖയില്‍ പൊലീസിന്റെ സാന്നിധ്യത്തോടെ ലോട്ടറി നല്‍കി. കേരള പൊലീസിന്റെ സ്ഥാനത്ത് ബംഗാള്‍ പൊലീസ് ആയിരുന്നെങ്കില്‍ ലോട്ടറി തട്ടിയെടുത്തശേഷം തന്നെ കൊന്നുകളഞ്ഞേനെയെന്നും മൊഫിജുല്‍ പറഞ്ഞു. കേരളാ പൊലീസിനോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്നും മൊഫിജുല്‍ സന്തോഷത്തോടെ പറയുന്നു.
പൊലീസ് സ്റ്റേഷനില്‍ അഭയം നല്‍കുകയും ഒപ്പം വന്ന് ബാങ്കില്‍ ലോട്ടറി നല്‍കാനും സഹായിച്ച ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെ ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞാണ് ഈ യുവാവ് സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകുന്നത്. മോഫിജൂലിനു ഭാര്യയും 10 മാസം പ്രായമുള്ള മകളുമുണ്ട്.
Post Your Comments