ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാക്കിസ്ഥാന്‍ സുരക്ഷാ സംഘം ഇന്ത്യയിലെത്തി. ലോകകപ്പിന് വേദിയാകുന്ന ധര്‍മ്മശാല സ്റ്റേഡിയത്തിലെ സുരക്ഷ പരിശോധിക്കാനായാണ് പാക്കിസ്ഥാനില്‍ നിന്നുള്ള മൂന്നംഗ പ്രതിനിധി സംഘം എത്തിയിരിക്കുന്നത്. നേരത്തെ ഇന്ത്യയില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ സുരക്ഷയില്‍ പി.സി.ബി ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇന്ത്യ പരസ്യമായി സുരക്ഷ വാഗ്ദാനം ചെയ്യണമെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. സുരക്ഷാ സംഘത്തിന് ഇന്ത്യ കഴിഞ്ഞദിവസമാണ് വിസ അനുവദിച്ചത്. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഡയറക്ടര്‍ ഉസ്മാന്‍ അന്‍വര്‍, പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതിനിധി കേണല്‍ അസം, ന്യൂഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ അംഗം എന്നിവരാണ് സംഘത്തിലുള്ളത്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സുരക്ഷാ, അഴിമതി വിരുദ്ധ യൂണിറ്റിന്റെ മാനേജറാണ് അസം. ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വിര്‍ഭിദ്ര സിങ്, ധര്‍മ്മശാല പൊലീസ് മേധാവി എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തും. സുരക്ഷാ സംഘത്തിന്റെ റിപ്പോര്‍ട്ട് പാക് പ്രതിരോധമന്ത്രാലയത്തിനും പി.സി.ബിക്കും സമര്‍പ്പിക്കും. ഇതിനു ശേഷമായിരിക്കും പാക് ടീമിനെ ഇന്ത്യയിലേക്ക് അയക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.
Post Your Comments