Editorial

രാജ്യത്തിന്‍റെ ധനമന്ത്രിയായിരിക്കെ പി ചിദംബരം മകനുമായിച്ചേര്‍ന്ന്‍ നിറച്ചത് സ്വന്തം ഖജനാവ്

നാഷണല്‍ ഹെറാള്‍ഡ് കേസിന്‍റെ ആദ്യഘട്ടങ്ങളിലും കാര്‍ത്തി ചിദംബരത്തിനെതിരായ എന്‍ഫൊഴ്സ്മെന്‍റ് അന്വേഷണം ആരംഭിച്ച സമയത്തും കോണ്‍ഗ്രസിനും, തനിക്കും, മകനും ശക്തമായ പ്രതിരോധമൊരുക്കി ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു പി ചിദംബരം. പക്ഷെ പിന്നീട് അദ്ദേഹം അപ്രതീക്ഷിതമായ നിശബ്ദത കൈക്കൊണ്ടു. എന്തായിരുന്നു അതിനു കാരണം? ഇപ്പോള്‍ പുറത്തുവന്ന എന്‍ഫോഴ്സ്മെന്‍റ് അന്വേഷണത്തിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ശ്രദ്ധിച്ചാല്‍, അതല്ലേ ഇന്ത്യയുടെ മുന്‍ധനമന്ത്രിയുടെ അപ്രതീക്ഷിത മൌനത്തിനു കാരണം എന്ന്‍ സംശയിക്കേണ്ടിയിരിക്കുന്നു.

എന്‍ഫോഴ്സ്മെന്‍റ് നടത്തിയ അന്വേഷണത്തില്‍ വെളിവായ ചില അമ്പരപ്പിക്കുന്ന വിവരങ്ങള്‍ മുഴുവനും ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിനുള്ള വന്‍ സ്വകാര്യ സ്വത്ത്ശേഖരത്തെക്കുറിച്ചുള്ളവയാണ്. 14 രാജ്യങ്ങളിലായാണ്‌ കാര്‍ത്തി ചിദംബരത്തിന്‍റെ സാമ്പത്തിക സാമ്രാജ്യം വ്യാപിച്ചു കിടക്കുന്നത്.

ബ്രിട്ടനില്‍ 88 ഏക്കര്‍, ദക്ഷിണാഫ്രിക്കയില്‍ 3 വൈന്‍യാര്‍ഡുകളും, സ്റ്റഡ് ഫാമുകളും, ശ്രീലങ്കയില്‍ 3 റിസോര്‍ട്ടുകള്‍, സിംഗപ്പൂര്‍, മലേഷ്യ, തായ്ലണ്ട് എന്നിവടങ്ങളില്‍ ഭൂസ്വത്ത്, ബാഴ്‌സലോണയില്‍ 4 ഏക്കറുകളിലായി ഒരുക്കിയിരിക്കുന്ന 11 കോര്‍ട്ടുകളടങ്ങിയ ടെന്നീസ് അക്കാദമി, ദുബായ്, ഫ്രാന്‍സ് എന്നിവടങ്ങളില്‍ വന്‍നിക്ഷേപങ്ങള്‍ – എന്നിങ്ങനെ ഏതൊരു സാധാരണക്കാരന്‍റേയും കണ്ണുതള്ളിപ്പിക്കുന്ന തരത്തിലുള്ള സ്വത്തുക്കളാണ് കാര്‍ത്തി ചിദംബരത്തിന്‍റെ പേരിലുള്ളതെന്നാണ് എന്‍ഫോഴ്സ്മെന്‍റ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കാലാങ്ങളായി ഇന്ത്യയില്‍ തുടരുന്ന കോണ്‍ഗ്രസിന്‍റെ കുടുംബവാഴ്ചയിലൂന്നിയുള്ള സ്വകാര്യ സ്വത്ത്സമാഹരണത്തിന്‍റെ മറ്റൊരു ഉദാഹരണം മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ഇംഗ്ലണ്ട്, യുഎഇ, തായ്ലണ്ട്, സിംഗപ്പൂര്‍, മലേഷ്യ, ദക്ഷിണാഫ്രിക്ക, യുഎസ്എ, സ്വിറ്റ്സര്‍ലന്‍ഡ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍, ഫ്രാന്‍സ്, ഗ്രീസ്, സ്പെയിന്‍ എന്നീ രാജ്യങ്ങളില്‍ കാര്‍ത്തി ചിദംബരത്തിനുള്ള വന്‍സ്വത്തുശേഖരത്തെക്കുറിച്ചുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്, നികുതിവകുപ്പിന്‍റെ അന്വേഷണ വിഭാഗം എന്നിവര്‍ സംയുക്തമായി ചേര്‍ന്ന് നടത്തിയ അന്വേഷത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ദി പയനിയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനിയായ എയര്‍സെല്ലിനെ മലേഷ്യന്‍ കമ്പനിയായ മാക്സിസ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കാര്‍ത്തി ചിദംബരത്തിന്‍റെ ഉടമസ്ഥതയിലുള്ള അഡ്വാന്‍റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് എന്ന കമ്പനിയില്‍ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡ് വഴിയാണ് ലഭ്യമായത്. മാക്സിസില്‍ കാര്‍ത്തി ചിദംബരത്തിന് നിക്ഷേപമുള്ളതായി ഇതില്‍ നിന്ന്‍ വ്യക്തമായിരുന്നു. അഡ്വാന്‍റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് കമ്പനിയുടെ സിംഗപ്പൂരിലുള്ള അനുബന്ധ കമ്പനിയായ അഡ്വാന്‍റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് സിംഗപ്പൂര്‍ പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് കാര്‍ത്തി പണമിടപാടുകള്‍ നടത്തിയിരുന്നതെന്നും എന്‍ഫോഴ്സ്മെന്‍റ് കണ്ടെത്തി.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ അഡ്വാന്‍റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് സിംഗപ്പൂര്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെ പേരില്‍ പല രാജ്യങ്ങളിലും കാര്‍ത്തി ഇടപാടുകള്‍ നടത്തിയിരുന്നതായി തങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിച്ചു എന്ന്‍ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജെഎന്‍യു, രോഹിത് വെമുല-ആത്മഹത്യ വിഷയങ്ങളില്‍ പാര്‍ലമെന്‍റില്‍ തങ്ങളുടെ മുഖ്യരാഷ്ട്രീയ എതിരാളികളായ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഗവണ്മെന്‍റിനെ മുള്‍മുനയില്‍ നിര്‍ത്താം എന്നു കരുതിയിരുന്ന കോണ്‍ഗ്രസിന് വന്‍തിരിച്ചടിയാകും ഈ വെളിപ്പെടുത്തലുകളെന്ന് ഉറപ്പാണ്. ഇതിന് മുന്നോടിയായി ഇന്ന്‍ രാജ്യസഭയില്‍ എഐഎഡിഎംകെ അംഗങ്ങള്‍ കാര്‍ത്തിക്കെതിരെ നടപടി ആവശ്യപ്പെട്ട് നടത്തിയ ബഹളത്തെത്തുടര്‍ന്ന് സഭ നിര്‍ത്തി വയ്ക്കേണ്ടി വന്നത് കോണ്‍ഗ്രസിനുള്ള ഒന്നാംതരം മുന്നറിയിപ്പാണ്. രാജ്യത്തെ രാഷ്ട്രീയരംഗത്ത് ഈ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടാക്കുന്ന ഭൂകമ്പങ്ങള്‍ക്കായി കാത്തിരിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button