Kerala

ഗുരുവായൂരില്‍ ഇന്ന് ആറാട്ട്, ഭക്തജനങ്ങള്‍ക്ക് പുണ്യ ദിനം

ഗുരുവായൂര്‍: ഗുരുവായൂരില്‍ ഇന്ന് ആറാട്ട്. ക്ഷേത്രത്തിലെ പത്ത് ദിവസത്തെ ഉത്സവം ഇന്ന് വൈകുന്നേരം നടക്കുന്ന ആറാട്ടോടെ സമാപിക്കും. ആറാട്ട് ദിവസമായ ഇന്ന് വൈകി ഉണര്‍ന്ന ഗുരുവായൂരപ്പന്‍ ആചാരമനുസരിച്ച് പശുക്കുട്ടിയെ കണി കണ്ടു. ഇന്നു വൈകിട്ടു നാലരയോടെ ആറാട്ട് ചടങ്ങുകള്‍ തുടങ്ങും. നാലരയ്ക്ക് നടതുറന്ന് മൂലവിഗ്രഹത്തിലുള്ള ചൈതന്യം ആവാഹിച്ചെടുത്തശേഷം പഞ്ചലോഹവിഗ്രഹം പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിക്കും.

ഇന്ന് എട്ട് മണിമുതലാണ് ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം നല്‍കിയത്. കൊടിമരത്തറയ്ക്കല്‍ എഴുന്നള്ളിച്ചശേഷം അവിടെ തന്നെയാണ് ദീപാരാധനയും. പിന്നീട് ആറാട്ടിനും ഗ്രാമപ്രദക്ഷിണത്തിനുമായി ഭഗവാനെ പുറത്തേക്കെഴുന്നള്ളിക്കും. പ്രദക്ഷിണം പൂര്‍ത്തിയാക്കി ഭഗവതീക്ഷേത്രത്തിലൂടെ എഴുന്നള്ളിപ്പ് ആറാട്ട് കടവിലെത്തും.വൈകിട്ട് ആറാട്ടിനായി എഴുന്നെള്ളുന്ന ഗുരുവായൂരപ്പന്‍ വടക്കേ നടയില്‍ വച്ച് കണ്ടിയൂര്‍ നന്ദീശന്റെ സങ്കടം കേള്‍ക്കും. സങ്കടം ഇല്ലെന്ന് നന്ദീശന്‍ പറയുന്നതോടെ ഗുരുവായൂരപ്പന്‍ യാത്ര തുടരും.
ക്ഷേത്രത്തിന്റെ വടക്കുഭാഗം വരെ എഴുന്നള്ളിപ്പിന് പഞ്ചവാദ്യവും പിന്നീട് മേളവും അകമ്പടിയാവും. നിലവിളക്കും നിറപറയും വച്ച് ഭക്തര്‍ വഴിനീളെ ഭഗവാനെ എതിരേല്‍ക്കും. എഴുന്നള്ളിപ്പ് കഴിഞ്ഞ് ഭഗവതി ക്ഷേത്രത്തില്‍കൂടി ഭഗവാന്‍ ആറാട്ടുകടവിലെത്തും. എല്ലാ പുണ്യതീര്‍ത്ഥങ്ങളെയും രുദ്രതീര്‍ത്ഥത്തിലേക്ക് ആവാഹിക്കും.തന്ത്രിയും ഓതിക്കന്‍മാരും കൂടി പുണ്യാഹത്തിനുശേഷം ഭഗവാന്റെ പഞ്ചലോഹത്തിടമ്പില്‍ ആദ്യം മഞ്ഞള്‍പ്പൊടിയാല്‍ അഭിഷേകം ചെയ്തശേഷം വലിയ കുട്ടകത്തില്‍ തയാറാക്കിയ ഇളനീര്‍കൊണ്ട് തുടരഭിഷേകം നടത്തുന്നു. അതിനുശേഷം തന്ത്രി, മേല്‍ശാന്തി, ഓതിക്കന്‍മാര്‍, എന്നിവരൊരുമിച്ച് ഭഗവാനോടൊപ്പം രുദ്രതീര്‍ഥത്തില്‍ ഇറങ്ങി സ്‌നാനം ചെയ്യും. ഇതോടെ ഭക്തരും രുദ്രതീര്‍ഥത്തില്‍ ഇറങ്ങി ആറാട്ട് കുളിക്കും.

ഉച്ചപൂജയ്ക്കുശേഷം ഭഗവാന്‍ നന്ദിനി എന്ന ആനപ്പുറത്ത് കയറി പതിനൊന്ന് ഓട്ടപ്രദക്ഷിണം നടത്തും. തുടര്‍ന്ന് തന്ത്രി ചേന്നാസ് നമ്പൂതിരിപ്പാട് കൊടിയിറക്കും. അനന്തരം ഭഗവാനെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് ചൈതന്യം മൂലവിഗ്രഹത്തിലേക്ക് ലയിപ്പിക്കും.പിന്നീട് ക്ഷേത്രം തന്ത്രി സ്വര്‍ണധ്വജത്തിലെ സപ്തവര്‍ണക്കൊടി ഇറക്കുന്നതോടെ ഉത്സവാഘോഷങ്ങള്‍ക്കു സമാപനമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button