ദന്തേവാഡ: ആദിവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തക സോണി സോറിക്ക് നേരെ ആസിഡ് ആക്രമണം. മാവോവാദി സാന്നിധ്യം ശക്തമായ ഛത്തീസ്ഗഢിലെ ദന്തേവാഡയിലാണ് എ.എ.പി നേതാവ് കൂടിയായ സോണി സോറി ആക്രമണരത്തിന് ഇരയായത്.
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം ജഗദല്‍പൂരില്‍ നിന്ന് ഗീതമിലേക്ക് ബൈക്കില്‍ പോകുമ്പോഴാണ് സോണി സോറി ആക്രമിക്കപ്പെട്ടത്. സോണിക്കൊപ്പം വേറെ രണ്ട് പേര്‍ കൂടിയുണ്ടായിരുന്നു. സോണി സോറിയെയും സൂഹൃത്തുക്കളെയും മൂന്നംഗ സംഘം തടയുകയായിരുന്നു. തുടര്‍ന്ന് അവരോട് വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ സോണിയുടെ മുഖത്തേക്ക് അക്രമികളിലൊരാള്‍ ആസിഡെന്ന് തോന്നിക്കുന്ന രാസവസ്തു ഒഴിക്കുകയായിരുന്നു. മുഖത്ത് പൊള്ളലേറ്റ ഇവരെ കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആസിഡ് ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2011ല്‍ പൊലീസ് അറസ്റ്റ് ചെയ്ത സോണി സോറി കസ്റ്റഡിയില്‍ വെച്ച് ലൈംഗിക പീഡനം ഉള്‍പ്പെടെ കൊടിയ പീഡനങ്ങള്‍ക്ക് ഇരയായിരുന്നു. ജനനേന്ദ്രിയത്തില്‍ കരിങ്കല്‍ ചീളും പാറക്കഷണങ്ങളും കയറ്റിയാണ് പൊലീസുകാര്‍ അവരെ അതിക്രൂരമായി പീഡിപ്പിച്ചത്. വ്യവസായ ഗ്രൂപ്പായ എസ്സാര്‍ ഗ്രൂപ്പില്‍ നിന്നും നക്‌സലുകള്‍ക്കായി പണം വാങ്ങി നല്‍കി എന്നായിരുന്നു സോണിക്കെതിരായ ആരോപണം. രണ്ട് വര്‍ഷത്തിലധികം റായ്പൂര്‍ ജയിലില്‍ അടയ്ക്കപ്പെട്ട സോണിക്ക് പിന്നീട് സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Post Your Comments