ന്യൂഡല്‍ഹി: 2008 മുംബൈ ആക്രമണ കേസിലെ മാപ്പുസാക്ഷി ഡെവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ തയ്യാറല്ലെന്ന് ഹെഡ്‌ലിയുടെ ഭാര്യ ഷാസിയ ഗിലാനി. സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ ചോദ്യം ചെയ്യലുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് ഹെഡ്‌ലിയുടെ ഭാര്യ അമേരിക്കന്‍ നീതിന്യായ വകുപ്പിനെ അറിയിച്ചു.
അമേരിക്കന്‍ നീതിന്യായ വകുപ്പ് വഴിയാണ് എന്‍.ഐ.എ ഹെഡ്‌ലിയുടെ ഭാര്യയുമായി സംസാരിച്ചത്. ഹെഡ്‌ലിയുടെ ബിസിനസ് പങ്കാളിയുമായും എന്‍.ഐ.എ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇയാളും ചോദ്യം ചെയ്യലുമായി സഹകരിക്കാന്‍ കഴിയില്ലെന്നാണ് അറിയിച്ചത്. അമേരിക്കയിലെ നിയമപ്രകാരം കേസില്‍ പ്രതിയല്ലെങ്കില്‍ വിദേശ രാജ്യങ്ങളുടെ അന്വേഷണ ഏജന്‍സുകളുമായി സഹകരിക്കാതിരിക്കുന്നത് കുറ്റകരമല്ല. മുംബൈ തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് 2010- ല്‍ എന്‍.ഐ.എ സംഘം ഹെഡ്‌ലിയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കുടുംബത്തെ കുറിച്ചുള്ള കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് ഹെഡ്‌ലി ഒഴിഞ്ഞുമാറിയിരുന്നു. 1999ല്‍ പാകിസ്താനില്‍ വച്ചാണ് ഷാസിയ ഗിലാനിയെ വിവാഹം കഴിച്ചത് എന്നും കുടുംബാംഗങ്ങള്‍ക്ക് തന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയില്ലെന്നുമാണ് അന്ന് ഹെഡ്‌ലി മൊഴി നല്‍കിയത്. എന്നാല്‍ മുംബൈ ആക്രമണത്തെ കുറിച്ച് ഷാസിയ ഹെഡ്‌ലിക്ക് ഇ മെയില്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു എന്നാണ് ഷിക്കാഗോ കോടതി രേഖകള്‍ വ്യക്തമാക്കുന്നത്.
മുംബൈ സ്‌ഫോടനത്തെ കാര്‍ട്ടൂണ്‍ എന്ന കോഡ് ഉപയോഗിച്ചാണ് ഷാസിയ ഇ മെയില്‍ സന്ദേശത്തില്‍ പരാമര്‍ശിച്ചിരുന്നതെന്നും കോടതി രേഖയിലുണ്ട്. ‘ഞാന്‍ ടിവിയില്‍ കാര്‍ട്ടൂണ്‍ കാണുകയാണെന്നും നിങ്ങളെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു’ എന്നും മുംബൈ ആക്രമണം നടക്കുമ്പോള്‍ ഷാസിയ ഹെഡ്‌ലിക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു. 2011 മെയ് 27 ന് കോടതി നടപടികള്‍ക്കിടെ ഹെഡ്‌ലി പറഞ്ഞതായാണ് ഷിക്കാഗോ കോടതി ഇക്കാര്യങ്ങളെ രേഖപ്പെടുത്തിയിരിക്കുന്നത്.
Post Your Comments