നമ്മള്‍ കാശുകൊടുത്തു വാങ്ങുന്ന ഉല്‍പന്നം എന്തു ചെയ്യണമെന്നത് വാങ്ങുന്നവന്റെ ഇഷ്ടമാണ് എന്നതായിരുന്നു ഇതുവരെയുള്ള പലരുടെയും വിശ്വാസം. എന്നാല്‍ ഈ വിശ്വാസം ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ അങ്ങ് മാറ്റിവെയ്ക്കുന്നത് നന്നായിരിക്കും. ഐഫോണ്‍ വിലകൊടുത്തു വാങ്ങുന്നവര്‍ അത് തങ്ങളുടെ ഇഷ്ടത്തിനല്ല ആപ്പിളിന്റെ ഇഷ്ടത്തിനാണ് ഉപയോഗിക്കേണ്ടത് എന്നതാണ് error 53 നല്‍കുന്ന പാഠം.
ആപ്പിള്‍ സര്‍വീസിലല്ലാതെ മറ്റെവിടെയെങ്കിലും ഐഫോണ്‍ റിപ്പയര്‍ ചെയ്താല്‍ ആ ഫോണ്‍ ആപ്പിള്‍ ബ്രിക് ചെയ്യും. അതായത് ഒരിക്കലും നന്നാക്കാനാവാത്ത വിധം ആപ്പിള്‍ അത് പ്രവര്‍ത്തനരഹിതമാക്കും. ഫോണിന്റെ കഥ കഴിഞ്ഞു എന്ന് ആപ്പിള്‍ ഐട്യൂണ്‍സ് സോഫ്റ്റ്‌വെയര്‍ നല്‍കുന്ന ഇറര്‍ മെസേജാണ് error 53. ഇത് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് വഴി ആപ്പിള്‍ ബോധപൂര്‍വം ചെയ്യുന്നതാണ് എന്നതാണ് വിവാദമായിരിക്കുന്നത്.
ഐഫോണ്‍ 6ലെ ഫിംഗര്‍പ്രിന്റ് ഹോം ബട്ടണ്‍ റിപ്പയര്‍ ചെയ്ത ആയിരക്കണക്കിനാളുകളാണ് ഐ ഒ എസ് 9 അപ്‌ഡേറ്റ് വഴി ഫോണ്‍ പ്രവര്‍ത്തനരഹിതമായതായി സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ ഇങ്ങനെ ചെയ്യുന്നത് ഉപഭോക്താക്കളുടെ സുരക്ഷ മാനിച്ചാണെന്നും വല്ലവരും റിപ്പയര്‍ ചെയ്യുന്ന ഐഫോണുകള്‍ സുരക്ഷിതമല്ലെന്നുമാണ് ആപ്പിളിന്റെ വാദം. ടച്ച് ഐഡിയുള്ള ഐഫോണ്‍ മറ്റുള്ളവര്‍ റിപ്പയര്‍ ചെയ്യുന്നത് സുരക്ഷാവീഴ്ചയുണ്ടാക്കാമെന്നും ആപ്പിള്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ആപ്പിളിന്റെ ഒറിജിനല്‍ പാര്‍ട്‌സ് വാങ്ങി ഒറിജിനല്‍ റിപ്പയര്‍ നടത്തുമ്പോള്‍ പലപ്പോഴും ഫോണിന്റെ വിലയോളം തന്നെ ചെലവാക്കേണ്ടതായി വരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ത്യയില്‍ ഐഫോണ്‍6 ഒറിജിനല്‍ ഡിസ്‌പ്ലേയ്ക്ക് 25,000 രൂപയോളം ചെലവാക്കേണ്ടി വരുമ്പോള്‍ മറ്റു സര്‍വ്വീസ് സെന്ററുകള്‍ വെറും 2000 രൂപയ്ക്കു വരെ ഡിസ്‌പ്ലേ മാറ്റി നല്‍കും. എന്തിരുന്നാലും ഏറെ കാത്തിരുന്ന് വാങ്ങിയ ഐഫോണ്‍ പുറത്ത് നന്നാക്കിയെന്ന ഒറ്റക്കാരണം കൊണ്ട് ക്രൂരമായി അതിനെ പ്രവര്‍ത്തനരഹിതമാക്കുന്ന ആപ്പിളിന്റെ ഈ നടപടി സഹിക്കാനാവുന്നതല്ല എന്നാണ് സാധാരണക്കാരായ ഉപയോക്താക്കളുടെ അഭിപ്രായം.
Post Your Comments